ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ആർടിസിക്ക് 20 കോടി; സർവീസുകൾ മുടങ്ങാതിരിക്കാൻ സർക്കാരിന്റെ ഇടപെടൽ

0

തിരുവനന്തപുരം: കെഎസ്ആർടിസി സർവീസുകൾ ഡീസൽ ഇല്ലാത്തതിന്റെ പേരിൽ തൽക്കാലം മുടങ്ങില്ല. ഡീസലിനായി 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ചയോടെ പണം കെ എസ് ആർ ടി സിയുടെ അക്കൗണ്ടിൽ എത്തും. എന്നാൽ ബുധനാഴ്ച വരെയുള്ള ഇന്ധനത്തിനായുള്ള ആശങ്ക തുടരുകയാണ്.

ഇന്ധനച്ചെലവിനുള്ള പണമെടുത്ത് ജൂണിലെ ശമ്പളക്കുടിശ്ശിക തീർത്തതോടെ കെ.എസ്.ആർ.ടി.സി. കടുത്ത ഡീസൽ ക്ഷാമത്തിലായിരുന്നു. 13 കോടി രൂപ കുടിശ്ശിക തീർക്കാതെ ഡീസൽ നൽകില്ലെന്ന് എണ്ണക്കമ്പനികൾ അറിയിച്ചതോടെയാണ് പ്രതിസന്ധി കടുത്തത്. ഇതേത്തുടർന്ന് ഓർഡിനറി ബസുകൾ വെട്ടിക്കുറച്ചിരുന്നു.

123 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസി എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്ക്ക് കെഎസ്ആർടിസിക്ക് ഡീസൽ നൽകാനാകില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആവർത്തിച്ചു. അതേസമയം, ഡീസൽ പ്രതിസന്ധി രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ഓർഡിനറി സർവീസുകളെ മാത്രമല്ല ദീർഘദൂര സർവീസുകളെയും ബാധിച്ചു.

തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ചില സർവീസുകളും മുടങ്ങി. 123 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസി എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്. ബുധനാഴ്ച വരെ പ്രതിസന്ധി തുടരുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here