റഷ്യൻ ആക്രമണം പ്രതിരോധിക്കുന്നതിലെ വീഴ്ച കണക്കിലെടുത്ത് സുരക്ഷ മേധാവിയെയും പ്രോസിക്യൂട്ടർ ജനറലിനെയും പുറത്താക്കിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു

0

കിയവ്: റഷ്യൻ ആക്രമണം പ്രതിരോധിക്കുന്നതിലെ വീഴ്ച കണക്കിലെടുത്ത് സുരക്ഷ മേധാവിയെയും പ്രോസിക്യൂട്ടർ ജനറലിനെയും പുറത്താക്കിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയോടെ റഷ്യ യുക്രെയ്നിൽ ആക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് ഉന്നതതലങ്ങളിൽ അഴിച്ചുപണി നടക്കുന്നത്. പ്രോസിക്യൂട്ടർ ജനറൽ ഇറിന വെനഡിക്ടോവയെയും സുരക്ഷ മേധാവി ഇവാൻ ബകാനോവിനെയുമാണ് പുറത്താക്കിയത്. ഉന്നത സുരക്ഷ ഉദ്യോഗസ്ഥർക്കെതിരെ രാജ്യദ്രോഹക്കുറ്റമുൾപ്പെടെയുള്ള നിരവധി കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇവരെ പുറത്താക്കിയത്.

സൈനികർ യുക്രെയ്നെ സംരക്ഷിക്കാനുള്ള പോരാട്ടം നടത്തുമ്പോൾ ഈ ഉദ്യോഗസ്ഥർ റഷ്യക്ക് അനുകൂലമായി ചാരപ്പണി നടത്തുകയാണെന്നും സെലൻസ്കി ആരോപിച്ചു. ആക്രമണം അവസാനിപ്പിക്കാത്ത റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് യൂറോപ്യൻ യൂനിയൻ. തെക്കൻ യു​ക്രെയ്നിലെ ജനവാസ മേഖലകളിൽ ശക്തമായ ആക്രമണമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.
യുക്രെയ്നിലെ സൈനീക നീക്കത്തിന്റെ ശക്തി വർധിപ്പിക്കുമെന്ന് റഷ്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് ആക്രമണം. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ റഷ്യ മിസൈൽ ലോഞ്ചറുകൾ സ്ഥാപിച്ചതായും യു​ക്രെയ്ൻ അധികൃതർ ആരോപിച്ചു. റഷ്യയിൽ നിന്ന് സ്വർണം വാങ്ങുന്നത് നിരോധിക്കാനാണ് യൂറോപ്യൻ യൂനിയന്റെ തീരുമാനം. അതോടൊപ്പം കൂടുതൽ റഷ്യൻ ഉദ്യോഗസ്ഥരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കമുണ്ട്. യുക്രെയ്ൻ അധിനിവേശത്തിന് റഷ്യ കനത്ത വില നൽകേണ്ടി വരുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദേർ ​ലിയൻ മുന്നറിയിപ്പു നൽകി. 

LEAVE A REPLY

Please enter your comment!
Please enter your name here