പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു ‘മഴ’

0

തിരുവനന്തപുരം:സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നാഴ്ച പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ കിട്ടി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വന്നുകയറിയ അതിഥിക്ക് ‘മഴ’ എന്ന പേര് തന്നെ ഇട്ടിരിക്കുകയാണ് ശിശുക്ഷേമ സമിതി.

പൂര്‍ണ ആരോഗ്യവതിയായ കുഞ്ഞ് നിലവില്‍ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണയിലാണ്. ആരോഗ്യപരിശോധനകള്‍ക്കായി കുഞ്ഞിനെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെത്തിച്ചു. വിടെ പരിശോധനകള്‍ക്കെല്ലാം ശേഷമാണ് കുഞ്ഞിനെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിച്ചത്.

2002 നവംബര്‍ 14ന് തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം ലഭിക്കുന്ന 599ാമത്തെ കുരുന്നാണ് ‘മഴ’. കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 13ാമത്തെ കുട്ടിയും നാലാമത്തെ പെണ്‍കുഞ്ഞുമാണ്.2024ല്‍ ഇതുവരെയായി 25 കുഞ്ഞുങ്ങളെ അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക് സന്തോഷകരമായി യാത്രയയ്ക്കാന്‍ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങള്‍ പുതിയ മാതാപിതാക്കളുടെ കയ്യും പിടിച്ച് പോകുന്നത് സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഏറെ ആഹ്‌ളാദകരമായ കാഴ്ചയാണ്. ‘മഴ’ എന്ന കുട്ടിയുടേയും ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ വൈകാതെ തന്നെ ആരംഭിക്കും. ഇതിന് മുമ്പായി അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി പെട്ടെന്ന് തന്നെ ബന്ധപ്പെടണമെന്നാണ് ജനറല്‍ സെക്രട്ടറി ജിഎല്‍ അരുണ്‍ഗോപി അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here