നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

0

കൊച്ചി: നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസ് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമാണ്. പ്രതി അമീറുളിന്റെ ഡിഎന്‍എ ഫലം അടക്കമുള്ള തെളിവുകള്‍ വിശ്വസനീയമാണ്. ഇത്തരം കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കുന്നത് തെറ്റെന്നും കോടതി അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ കുറ്റവാളികള്‍ക്കുള്ള സന്ദേശമാണ് ഹൈക്കോടതി വിധിയെന്ന് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു. കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടില്ലെന്ന ശക്തമായ താക്കീതു കൂടിയാണ് ഈ വിധി. സാഹചര്യത്തെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചത്. വിചാരണക്കോടതിയുടെ വിധി അതേപടി ശരിവെക്കുകയാണ് ഹൈക്കോടതി ചെയ്തത്.ഈ കേസില്‍ പ്രതിയുടെ രക്തം വീടിന്റെ വാതിലില്‍ നിന്നും ലഭിച്ചിരുന്നു. ചുരുദാര്‍ ടോപ്പില്‍ നിന്നും നെയില്‍ ക്ലിപ്പിംഗ്‌സില്‍ നിന്നും പ്രതിയുടെ ഡിഎന്‍എ കിട്ടിയിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടിയുടെ പുറത്ത് കടിച്ചഭാഗത്തു നിന്നും ഡിഎന്‍എ കിട്ടിയിട്ടുണ്ട്. ഈ നാലു ഡിഎന്‍എകളും സാഹചര്യത്തെളിവുകളും സമര്‍ത്ഥമായി ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞതാണ് കേസില്‍ നിര്‍ണായകമായി മാറിയതെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

സത്യം വിജയിച്ചിരിക്കുന്നു എന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എസ്പി ശശിധരന്‍ പറഞ്ഞു. ഇരയ്ക്ക് നീതി ലഭിച്ചിരിക്കുന്നു. പൊലീസ് സേനയ്ക്ക് വളരെ ആത്മവിശ്വാസം നല്‍കുന്ന ഉത്തരവാണ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിട്ടുള്ളത്. പൊലീസിന്റെയും പ്രോസിക്യൂഷന്റേയും ഒത്തൊരുമയോടെയുള്ള പരിശ്രമത്തിന്റെ ഫലമാണ് വിധിയെന്നും എസ്പി ശശിധരന്‍ പറഞ്ഞു.

അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകനായ ബി എ ആളൂര്‍ അറിയിച്ചു. പ്രതിയുടെ കുടുംബാംഗങ്ങളും സംഘടനയും കേസില്‍ തിരിച്ചടിയുണ്ടായാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ തലനാരിഴ കീറി പരിശോധിക്കാനും സത്യവും സത്യാവസ്ഥയും എന്താണെന്ന് കോടതിയെ ധരിപ്പിക്കാനും ശ്രമിക്കുമെന്നും ആളൂര്‍ പറഞ്ഞു. വിചാരണക്കോടതിയില്‍ പ്രതിയുടെ അഭിഭാഷകനായിരുന്നു ആളൂര്‍. എന്നാല്‍ ഹൈക്കോടതിയില്‍ പ്രതിഭാഗത്തിന്റെ വക്കാലത്ത് ആളൂര്‍ ഒഴിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here