ലോകം കാത്തിരുന്ന പ്രപഞ്ചത്തിന്‍റെ മായക്കാഴ്ചകളിലേയ്ക്ക് മിഴി തുറന്ന് നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി

0

വാഷിംഗ്ടൺ ഡിസി: ലോകം കാത്തിരുന്ന പ്രപഞ്ചത്തിന്‍റെ മായക്കാഴ്ചകളിലേയ്ക്ക് മിഴി തുറന്ന് നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. മഹാവിസ്ഫോടനത്തിന് ശേഷം രൂപംകൊണ്ട ഗാലക്സികളുടെ ചിത്രം പകർത്തിയാണ് ജെയിംസ് വെബ് ഞെട്ടിച്ചിരിക്കുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും ആഴമേറിയ ഇൻഫ്രാറെഡ് ചിത്രമാണ് ജെയിംസ് വെബ് പകർത്തിയത്.

ഈ പ്രപഞ്ചത്തിന്‍റെ നാളിതുവരെയുള്ള ഏറ്റവും ആഴമേറിയതും വിശദവുമായ ഇൻഫ്രാറെഡ് കാഴ്ചയാണ് ജെയിംസ് വെബ് പകർത്തിയിരിക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. നിരവധി ഗാലക്സികളിൽനിന്നുള്ള കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള പ്രകാശങ്ങളെയാണ് ജെയിംസ് വെബ് പിടിച്ചെടുത്തത്.

അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെ നാസ ഗവേഷകർ വൈറ്റ് ഹൗസിൽ ദൃശ്യങ്ങൾ കാണിച്ചു. ജെയിംസ് വെബിൽനിന്നുള്ള കൂടുതൽ അരങ്ങേറ്റ ചിത്രങ്ങൾ ചൊവ്വാഴ്ച ആഗോള അവതരണത്തിൽ നാസ പുറത്തിറക്കും.

അമേരിക്കയ്ക്ക് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഈ ചിത്രങ്ങൾ ഓർമിപ്പിക്കുന്നതായി ബൈഡൻ പറഞ്ഞു. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത സാധ്യതകൾ ഇനി മുതൽ നമ്മൾക്ക് കാണാൻ കഴിയും. ഇതുവരെ ആരും പോയിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് നമ്മൾക്ക് പോകാമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

2021 ഡിസംബർ 25ന് വിക്ഷേപിച്ച ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പ്രശസ്ത ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ പിൻഗാമിയായാണ് കണക്കാക്കപ്പെടുന്നത്. 10 ബില്യൺ ഡോളറാണ് പദ്ധതിക്കായി നാസ ചെലവാക്കിയിരിക്കുന്നത്.

ജെയിംസ് വെബ് ആകാശത്ത് എല്ലാത്തരം നിരീക്ഷണങ്ങളും നടത്തും. ഇതിൽ പ്രധാനം 13.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് പ്രപഞ്ചത്തിൽ തിളങ്ങിയ ആദ്യത്തെ നക്ഷത്രങ്ങളുടെ ചിത്രങ്ങളെടുക്കുക എന്നതാണ്. മറ്റൊന്ന് ദൂരെയുള്ള ഗ്രഹങ്ങൾ വാസയോഗ്യമാണോയെന്ന് അന്വേഷിക്കുക എന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here