കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് പദ്ധതിയെന്ന് ഇറാൻ

0

ഇറാൻ ഇസ്‌ലാമിക് റെവലൂഷൻ ഗാർഡ്സ് കോർപ്സ് (ഐആർജിസി) 2022ൽ കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ഐആർജിസി എയ്റോസ്പേസ് ഫോഴ്സ് കമാൻഡർ അമീർ അലി ഹാജിസാദെ അറിയിച്ചു. ‘ഞങ്ങൾ ഈ വർഷം ഖ്വാം സാറ്റലൈറ്റ് കാരിയറുമായി ചേർന്ന് പുതിയ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കും’, ഹാജിസാദെയെ ഉദ്ധരിച്ച് ഔദ്യോഗിക ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ടെഹ്‌റാനിൽ ഐആർജിസി കമാൻഡർമാരുടെ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മാർച്ചിൽ ഐആർജിസിയുടെ എയ്‌റോസ്‌പേസ് ഫോഴ്‌സ് ക്വസെഡ് കാരിയർ ഉപയോഗിച്ച് 500 കിലോമീറ്റർ ഉയരത്തിൽ നൂർ-2 രഹസ്യാന്വേഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചിരുന്നു. 2020 ഏപ്രിലിൽ ഖാസെഡ് റോക്കറ്റ് ഭൗമോപരിതലത്തിൽ നിന്ന് 425 കിലോമീറ്റർ ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇതിന്റെ മുൻഗാമിയായ നൂർ-1 ന് ശേഷം ലോ എർത്ത് ഓർബിറ്റിലേക്ക് അയച്ച ഇറാന്റെ രണ്ടാമത്തെ സൈനിക ഉപഗ്രഹമാണ് നൂർ -2.

സ്വന്തമായി വികസിപ്പിച്ചെടുത്ത കൂടുതൽ വിദൂര സെൻസിങ്, കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റുകളുടെ വിക്ഷേപണം ഉടൻ നടക്കുമെന്നാണ് കരുതുന്നത്. ഇറാന്റെ തന്നെ സ്വന്തം റോക്കറ്റ് ഉപയോഗിച്ചായിരിക്കും തുടർന്നുള്ള വിക്ഷേപണങ്ങളും. ബഹിരാകാശ രംഗത്ത് സ്വയം നിലനിൽപ്പിനുള്ള പോരാട്ടത്തിലാണ് ഇറാൻ.
ഇറാനിലെ സാറ്റലൈറ്റ് സംവിധാനങ്ങളിൽ 80 ശതമാനത്തിലധികവും സ്വകാര്യമേഖലയും വിജ്ഞാനാധിഷ്ഠിത കമ്പനികളുമാണ് വികസിപ്പിച്ചെടുക്കുന്നത്.‌ തദ്ദേശീയ ബഹിരാകാശ അടിസ്ഥാന സൗകര്യ വികസനം ഐ‌എസ്‌എയുടെ മുൻ‌ഗണനകളിലൊന്നാണ്.
രാജ്യത്ത് ടെലികമ്മ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ സാറ്റലൈറ്റ് ഉപകരണങ്ങളുടെ പ്രാദേശികവൽക്കരണത്തിന്റെ വേഗം വരും വർഷങ്ങളിൽ വർധിപ്പിക്കുമെന്നാണ് മേധാവികൾ പറയുന്നത്. സാറ്റലൈറ്റ് നിർമിക്കുന്ന, വിന്യസിക്കുന്ന 11 രാജ്യങ്ങളുടെ പട്ടികയിൽ ഇറാന് ഇടം കണ്ടെത്താൻ കഴിഞ്ഞതായി വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി മുഹമ്മദ് ജവാദ് അസാരി ജഹ്‌റോമി നേരത്തേ പറഞ്ഞിരുന്നു.
2009 ഫെബ്രുവരിയിൽ ഓമിഡ് (ഹോപ്പ്) എന്ന ഉപഗ്രഹമാണ് ഇറാൻ ആദ്യമായി വിക്ഷേപിച്ചത്. 2011 ജൂണിൽ റസാദ് (നിരീക്ഷണ) ഉപഗ്രഹവും അയച്ചു. 2012 ഫെബ്രുവരിയിൽ ഇറാൻ ആഭ്യന്തരമായി നിർമിച്ച മൂന്നാമത്തെ ഉപഗ്രഹമായ നാവിഡ് (പ്രോമിസ്) ഭ്രമണപഥത്തിലെത്തിച്ചു. 2012 ഫെബ്രുവരി 8ന് നാവിഡ് ഉപഗ്രഹം അയച്ച ആദ്യ ചിത്രം ഇറാൻ പുറത്തുവിട്ടിരുന്നു. ഇറാനിൽ ഇതുവരെ നിർമിച്ച ഉപഗ്രഹങ്ങളെല്ലാം റിമോട്ട് സെൻസിങ് ആണ്. അതേസമയം പ്രാദേശിക ടെലികോം ഉപഗ്രഹങ്ങൾ നിർമിക്കാനുള്ള ശ്രമങ്ങൾ ആറ് വർഷം മുൻപാണ് ഇറാൻ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here