വിദേശത്തുള്ളവർക്ക് ഇനിമുതൽ ബഹ്റൈനിലെ സ്വഭാവ സർട്ടിഫിക്കറ്റിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം

0

മനാമ: വിദേശത്തുള്ളവർക്ക് ഇനിമുതൽ ബഹ്റൈനിലെ സ്വഭാവ സർട്ടിഫിക്കറ്റിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. വിദേശത്തുള്ള ബഹ്റൈനികൾക്കും ഇവിടെ മുമ്പ് ജോലി ചെയ്ത ജി.സി.സി പൗരന്മാർക്കും മറ്റു വിദേശികൾക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
bahrain.bh എന്ന നാഷനൽ ഇ-ഗവൺമെന്‍റ് പോർട്ടലിലാണ് പുതിയ ഇലക്ട്രോണിക് സേവനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ ഇൻഫർമേഷൻ ഡിപ്പാർട്മെന്‍റ് അറിയിച്ചു. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്‍റ് അതോറിറ്റിയുമായി സഹകരിച്ചാണ് സംവിധാനം നടപ്പാക്കുന്നത്. അപേക്ഷയുടെ തൽസ്ഥിതി അറിയാനും സർട്ടിഫിക്കറ്റിന്‍റെ സാധുത പരിശോധിക്കാനും പോർട്ടൽ വഴി സാധിക്കും.

ബഹ്റൈനിൽ താമസിച്ചിരുന്ന കാലത്തെ തിരിച്ചറിയൽ കാർഡ് നമ്പർ സഹിതം വേണം അപേക്ഷ സമർപ്പിക്കാൻ. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത വിരലടയാളവും അപേക്ഷക്കൊപ്പം വേണം. വിരലടയാളം ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഒരു പോപ്അപ് നോട്ടിഫിക്കേഷൻ ലഭിക്കും.
താമസിക്കുന്ന രാജ്യത്തെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി വിരലടയാളം അപ്ലോഡ് ചെയ്യണമെന്ന നിർദേശമാണ് ഇതിൽ ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here