രൂക്ഷ പോരാട്ടം നടക്കുന്ന കിഴക്കൻ നഗരമായ സീവിയറോഡോണെറ്റ്സ്കിലേക്കുള്ള അവസാന പാലവും റഷ്യൻ സേന തകർത്തതോടെ യുക്രെയ്ൻ സേനയുടെ ചെറുത്തുനിൽപ് ദുർബലമായി

0

കീവ് ∙ രൂക്ഷ പോരാട്ടം നടക്കുന്ന കിഴക്കൻ നഗരമായ സീവിയറോഡോണെറ്റ്സ്കിലേക്കുള്ള അവസാന പാലവും റഷ്യൻ സേന തകർത്തതോടെ യുക്രെയ്ൻ സേനയുടെ ചെറുത്തുനിൽപ് ദുർബലമായി. യുക്രെയ്ൻ നിയന്ത്രിതമേഖലയുമായി നഗരത്തിനു ബന്ധമറ്റതോടെ ജനങ്ങളെ ഒഴിപ്പിക്കുന്നതും പ്രതിസന്ധിയിലായി. നഗരത്തിൽ അവശേഷിക്കുന്ന യുക്രെയ്ൻ സൈനികർ ജീവൻ വേണമെങ്കിൽ കീഴടങ്ങുന്നതാണു നല്ലതെന്ന് റഷ്യയുടെ പിന്തുണയുള്ള വിമതസേന മുന്നറിയിപ്പു നൽകി.

സെവെർസ്കി ഡോണെറ്റ്സ് നദിയിലെ പാലം തകർത്തതോടെ പോരാട്ടം അതീവ ദുഷ്കരമായെന്നും ബോംബാക്രമണം മൂലം തകർന്നു തരിപ്പണമായ നഗരത്തിലെ വ്യവസായ മേഖലയിലെ അസോട്ട് കെമിക്കൽ ഫാക്ടറിയിൽ 500 ലേറെപ്പേർ കുടുങ്ങിക്കിടപ്പുണ്ടെന്നും യുക്രെയ്ൻ അറിയിച്ചു. എന്നാൽ ഫാക്ടറിയിൽ ഒളിച്ച സൈനികർ കീഴടങ്ങണമെന്ന അന്ത്യശാസനം റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ ഇന്നു സമയം അനുവദിക്കുമെന്നും റഷ്യ വ്യക്തമാക്കി.

വിമതരുടെ സഹായത്തോടെ റഷ്യൻസേന മൂന്നുവശത്തുനിന്നും വളഞ്ഞ നഗരത്തിൽ ദിവസവും നൂറിലേറെ യുക്രെയ്ൻ സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നുവെന്നാണു റിപ്പോർട്ട്. യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പോരാട്ടമാണ് അവിടെ നടക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.

യുക്രെയ്ൻ വിമതരുടെ നിയന്ത്രണത്തിലുളള ലുഹാൻസ്ക് പ്രവിശ്യയിൽ ഡോണെറ്റ്സ് നദീതീരത്തെ ഇരട്ട നഗരങ്ങളായ ലിസിഷാൻസ്കും സീവിയറോഡോണെറ്റ്ക്സും പിടിക്കാനുള്ള റഷ്യൻ സേനയുടെ ശ്രമങ്ങളെ മാർച്ച് മുതൽ യുക്രെയ്ൻ സേന ചെറുത്തുനിൽക്കുകയാണ്. മേഖലയിൽ യുക്രെയ്ൻ സേന കൈവശം വച്ചിരുന്ന ഏക നഗരമാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

അതിനിടെ, റഷ്യൻ സേനയുടെ ക്രൂരതകളെ ഫ്രാൻസിസ് മാർപാപ്പ വീണ്ടും അപലപിച്ചു. ഒരാഴ്ച കൊണ്ടു യുദ്ധം തീരുമെന്ന റഷ്യയുടെ കണക്കുകൂട്ടൽ തെറ്റിപ്പോയെന്നു മാർപാപ്പ ജസ്വിറ്റ് മാധ്യമങ്ങളുടെ എഡിറ്റർമാരുമായുള്ള സംഭാഷണത്തിനിടെ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here