ബുൾഡോസർ നടപടി തുടരുമെന്ന് അധികൃതർ

0

ന്യൂഡൽഹി ∙ പ്രവാചകവിരുദ്ധ പരാമർശങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടയിലെ അക്രമസംഭവങ്ങളുടെ പേരിൽ അറസ്റ്റിലായവരുടെ വീടുകൾ ഇടിച്ചുനിരത്തുന്ന ഉത്തർപ്രദേശ് സർക്കാർ നടപടിക്കെതിരെ ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതിക്കു പിന്നാലെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്ത്. എന്നാൽ, ബുൾഡോസർ നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

ബിജെപിയുടെ ബുൾഡോസറിനെ ഭരണഘടനയും നിയമവും ചേർന്നു തടയുമെന്നു സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് പറഞ്ഞു. ‘പ്രയാഗ്‌രാജിൽ കഴിഞ്ഞ ഞായറാഴ്ച ഇടിച്ചുനിരത്തിയ വീടിനു നികുതി അടയ്ക്കുന്നതാണ്. നിയമവിരുദ്ധമെങ്കിൽ എന്തിനു നികുതി വാങ്ങി? ഇടിച്ചുനിരത്തിയ വീട് പ്രതിയുടെ പേരിലല്ലെന്നു രേഖകളും തെളിയിക്കുന്നു. അത് അറസ്റ്റിലായ വ്യക്തിയുടെ ഭാര്യയുടെ പേരിലാണ്. സർക്കാർ ഈ തെറ്റ് അംഗീകരിക്കുമോ ? തകർത്ത വീട് അധികൃതർ പുനർനിർമിച്ചു നൽകുമോ ?’– അഖിലേഷ് ചോദിച്ചു.

ഞായറാഴ്ചയാണു പ്രയാഗ്‌രാജിലെ പ്രമുഖ രാഷ്ട്രീയനേതാവായ ജാവേദ് അഹമ്മദിന്റെ വീട് പ്രയാഗ്‌രാജ് ഡവലപ്മെന്റ് അതോറിറ്റി ബുൾഡോസർ ഉപയോഗിച്ചു നിരത്തിയത്. അക്രമസംഭവങ്ങളിൽ അറസ്റ്റിലായ മറ്റ് 37 പേരുടെ വീടുകളും സമാനരീതിയിൽ ഇടിച്ചു നിരത്താനുള്ള നടപടി ആരംഭിച്ചു. വീടുകൾ ഇടിച്ചുനിരത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് ജമിയത്ത് ഉലമ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here