മയക്കുമരുന്നുകേസില്‍ അറസ്‌റ്റിലായ ഗുണ്ടാത്തലവന്‌ ജാമ്യം ലഭിച്ചത്‌ കോടതി വളപ്പില്‍ കേക്കുമുറിച്ച്‌ ആഘോഷിച്ചു

0

മയക്കുമരുന്നുകേസില്‍ അറസ്‌റ്റിലായ ഗുണ്ടാത്തലവന്‌ ജാമ്യം ലഭിച്ചത്‌ കോടതി വളപ്പില്‍ കേക്കുമുറിച്ച്‌ ആഘോഷിച്ചു. ഗുണ്ടാത്തലവനും ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയുമായ എറണാകുളം മരട്‌ ആനക്കാട്ട്‌ വീട്ടില്‍ അനീഷ്‌ ആന്റണിയും (മരട്‌ അനീഷ്‌37) സംഘവുമാണ്‌ കഴിഞ്ഞ ദിവസം ആലപ്പുഴ കോടതി വളപ്പില്‍ കേക്ക്‌ മുറിച്ച്‌ ആഘോഷം നടത്തിയത്‌.
മരട്‌ അനീഷ്‌ കൂട്ടാളികളായ തൃപ്പൂണിത്തുറ ശിവസദനം വീട്ടില്‍ കരുണ്‍ (28), കഞ്ഞിക്കുഴി പഞ്ചായത്ത്‌ അഞ്ചാംവാര്‍ഡില്‍ കൊച്ചുവെളി അരുണ്‍ (34) എന്നിവരെ ചൊവ്വാഴ്‌ചയാണ്‌ എം.ഡി.എം.എയുമായി പോലിസ്‌ പിടികൂടിയത്‌. മരട്‌ അനീഷും മറ്റു രണ്ടുപേരും കാറിലും സംഘാംഗങ്ങളായ 17 പേര്‍ മറ്റു വാഹനങ്ങളിലുമാണെത്തിയത്‌. സുഹൃത്തിന്റെ ജന്മദിനമാഘോഷിക്കാനായി പുന്നമടയില്‍ ഹൗസ്‌ ബോട്ട്‌ സഞ്ചാരത്തിനാണ്‌ ഇവര്‍ സംഘമായി ആലപ്പുഴയിലെത്തിയത്‌. ഇതോടൊപ്പം മയക്കുമരുന്നു പാര്‍ട്ടി സംഘടിപ്പിക്കുന്നതായി പോലിസിന്‌ രഹസ്യവിവരം ലഭിച്ചിരുന്നു.അനീഷെത്തിയ കാര്‍ പരിശോധിച്ചപ്പോഴാണ്‌ എം.ഡി.എം.എ.യും രണ്ടു മലേഷ്യന്‍ കത്തിയും ലഭിച്ചത്‌. എന്നാല്‍ ആലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക്‌ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. ഇതോടെ പ്രതികള്‍ കേക്ക്‌ മുറിച്ച്‌ കോടതി വളപ്പില്‍ ആഘോഷം നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here