‘ ചരിത്ര വിജയത്തിന് നന്ദി പറഞ്ഞ് ഉമ തോമസ്

0

കൊച്ചി: തൃക്കാക്കരയിൽ നേടിയ ചരിത്രവിജയം പ്രിയപ്പെട്ട് പി.ടി.ക്ക് സമര്‍പ്പിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. ഇതു ഉമാ തോമസും ഡോ.ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. പിണറായിയും കൂട്ടരും യുഡിഎഫിനെതിരെ നടത്തിയ പോരാട്ടമായിരുന്നു എന്നും ഉമ പ്രതികരിച്ചു. ചരിത്ര വിജയത്തിന് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും അവര്‍ പറഞ്ഞു.

ഉമാ തോമസിൻ്റെ വാക്കുകൾ –
ചരിത്രവിജയമാണ് ഇവിടെ നേടിയത്. ഈ വിജയം എൻ്റെ പി.ടിക്ക് സമര്‍പ്പിക്കുകയാണ്. എൻ്റെ തൃക്കാക്കര എന്നെ ഏറ്റെടുത്തു. ഇതു ഉമാ തോമസും ഡോ.ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. പിണറായിയും കൂട്ടരും യുഡിഎഫിനെതിരെ നടത്തിയ പോരാട്ടമായിരുന്നു. എന്നാൽ തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് അവര്‍ക്കെന്ത് വേണമെന്ന് തിരിച്ചറിഞ്ഞു തെരഞ്ഞെടുത്തു. എല്ലാവരോടും ഈ വിജയത്തിൽ നന്ദിയുണ്ട്. നേതാക്കൻമാരോടും തലമുതിര്‍ന്നവരോടും നന്ദിയുണ്ട്. എന്നേക്കാൾ ഊര്‍ജ്ജത്തോടെ നിരവധി പേര്‍ എൻ്റെ വിജയത്തിനായി പ്രയത്നിച്ചു. അഞ്ച് രൂപയുടെ അംഗത്വമുള്ള സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ വരെ എനിക്കായി മുന്നിട്ടിറങ്ങി.
കോണ്‍ഗ്രസിലേയും പോഷകസംഘടനകളിലേയും യുഡിഎഫിലെ എല്ലാ നേതാക്കൾക്കും നന്ദി. എകെ ആൻ്റണി, ഉമ്മൻചാണ്ടി, ചെന്നിത്തല, കെസി വേണുഗോപാൽ, വയലാര്‍ രവി, കെ സുധാകരൻ, വിഡി സതീശൻ തുടങ്ങി എല്ലാ പ്രമുഖ നേതാക്കളോടും എനിക്ക് നന്ദിയുണ്ട്. ജനപക്ഷത്ത് നിൽക്കുന്ന വികസനമാണ് വേണ്ടതെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. നാടിളക്കി എൽഡിഎഫ് നടത്തിയ പ്രചാരണത്തിന് എൻ്റെ തൃക്കാക്കരക്കാര്‍ മറുപടി നൽകി. എൻ്റെ പി.ടി നെഞ്ചേറ്റിയ ഈ നാടാണ് എന്നെ കാത്തത്. തൃക്കാക്കരക്കാര്‍ എന്നെ നെഞ്ചിലേറ്റി. ഞാൻ അവര്‍ക്കൊപ്പമുണ്ട്. എൻ്റെ നൂറു ശതമാനം അവര്‍ക്ക് നൽകും,അവരെന്നെ നയിക്കും. ഞങ്ങൾ ഒന്നിച്ചു പ്രവര്‍ത്തിക്കും. ഉജ്ജ്വല വിജയമുണ്ടാവും എന്നു ഞാൻ പറഞ്ഞിരുന്നു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഒരു സൗഭാഗ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു 99-ൽ അവരെ നിര്‍ത്തുമെന്ന് ആ വാക്ക് പാലിച്ചു. ഭരണകൂടത്തിനുള്ള മറുപടിയാണ് ഈ വിജയം.
എൽഡിഎഫിന്റെ കപ്പൽ മുങ്ങാൻ കാരണങ്ങൾ ഇതൊക്കെ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം നേടുമ്പോൾ പ്രതീക്ഷിച്ചതിനും അപ്പുറം വിജയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് യുഡിഎഫ് നേതാക്കൾ. വിജയം ഉറപ്പാണെന്ന് പറഞ്ഞപ്പോഴും ഭൂരിപക്ഷം കുറയും എന്നാണ് പല നേതാക്കളും ഇനങ്ങളെ അഭിപ്രായപ്പെട്ടത്. എന്നാൽ അവയെല്ലാം വെറും തോന്നൽ മാത്രമാണെന്ന് തെളിയിച്ചതാണ് ഉമയുടെ തേരോട്ടം. ഭൂരിപക്ഷം കാൽ ലക്ഷത്തിലേക്ക് തേങ്ങുമ്പോൾ എന്തുകൊണ്ടാണ് തൃക്കാക്കര ഉമ്മയെ കൈവിടാതെ ചേർത്ത് നിർത്തിയത് എന്നാണ് ചർച്ച വിഷയം.

ഇന്നേവരെ കനത്ത തരത്തിലുള്ള ഇലക്ഷൻ ക്യാമ്പയിൻ ആണ് തൃക്കാക്കരയിൽ ഇടത് പാർട്ടി ഒരുക്കിയത്. നേരം വെളുക്കുമ്പോൾ മുതൽ ഓരോ ആളുകളുടെയും വീടിനു മുന്നിൽ രണ്ടും മൂന്നും മന്ത്രിമാരുടെ ശബ്ദമാണ് കേട്ടിരുന്നത്. പിണറായി വിജയൻ ഉൾപ്പെടെ വന്ന നടത്തിയ പ്രസംഗങ്ങൾ എന്നാൽ തൃക്കാക്കരയുടെ ജനങ്ങളെ ചലിപ്പിച്ചില്ല. അവർ അവരുടെ പിടിയുടെ പിൻഗാമിയായി കണ്ടത് പാതിയെ തന്നെയാണ്.

തൃക്കാക്കരയിൽ പടുകൂറ്റൻ വിജയത്തിലേക്കാണ് യുഡിഎഫ് എത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു വിജയത്തിന് നിരവധി കാര്യങ്ങൾ ഉണ്ട്. അവയിൽ ചിലത് ഇതാ
സ്ഥാനാർഥി എന്ന നിലയിൽ തുടക്കത്തിൽ തന്നെ ഉമ തോമസിനു കിട്ടിയ സ്വീകാര്യത. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു മണിക്കൂറുകൾക്കുള്ളിൽ ഒരു തർക്കവും കൂടാതെ ഉമയെ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. പിന്നാലെ തൃക്കാക്കര അവരെ ഏറ്റെടുത്തു. പ്രശസ്തനായ കാർഡിയോളജിസ്റ്റ് എന്ന നിലയിൽ ഡോ: ജോ ജോസഫിനോട് തൃക്കാക്കരക്കാർക്ക് സ്നേഹാദരങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ അവർക്ക് കൂടുതൽ സ്നേഹം തോന്നിയത് ഉമയോടാണ്. സഹജമായ വിനയവും ഉത്സാഹവും അവർ എപ്പോഴും പ്രസരിപ്പിച്ചു. രാഷ്ട്രീയക്കാരി അല്ലെങ്കിലും ഇരുത്തം വന്ന പ്രതികരണങ്ങളിലൂടെ രാഷ്ട്രീയ നേതൃത്വത്തിന്റെയും സ്നേഹാദരവ് പെട്ടെന്നു പിടിച്ചു പറ്റി. വളരെ പെട്ടെന്നു തന്നെ തൃക്കാക്കരക്കാർക്ക് ഉമ ഒരു വികാരമായി മാറി.
പി.ടി.തോമസിനോട് തൃക്കാക്കരക്കാർക്കുള്ള സ്നേഹവായ്പ്. ജീവിച്ചിരിക്കുന്ന പി.ടിയേക്കാൾ ശക്തനാണ് വിടപറഞ്ഞു പോയ പിടി എന്നു ചൂണ്ടിക്കാട്ടിയ യുഡിഎഫ് നേതാക്കളുണ്ട്. തികഞ്ഞ ഭൗതികവാദിയായ പിടിക്ക് നേരത്തേ ഇടതുപക്ഷ വോട്ടുകളും കിട്ടിയിരുന്നുവെന്നത് രഹസ്യമല്ല. നാട്യങ്ങളില്ലാത്ത രാഷ്ട്രീയക്കാരനായിരുന്നു പി.ടി.തോമസ്. പരിചയപ്പെടുന്നവരുടെ ഹൃദയങ്ങളിൽ ഇടം നേടുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ഇത്രത്തോളം ആളുകളുമായി ഇടപഴകാനും അവരുമായി ബന്ധം സ്ഥാപിക്കാനും സാധിച്ച മുതിർന്ന രാഷ്ട്രീയനേതാക്കൾ കുറവായിരിക്കും. അന്തിമ വിശകലനത്തിൽ തൃക്കാക്കരയോട് പി.ടി. സ്ഥാപിച്ച ആ സ്നേഹബന്ധം നിർണായകമായി. ഉമ ജയിക്കണം എന്നതിനപ്പുറം പി.ടി.തോമസിന്റെ ഭാര്യ തോൽക്കാൻ പാടില്ലെന്ന തീരുമാനം തൃക്കാക്കര എടുത്തുവെന്നു വേണം കരുതാൻ.

തൃക്കാക്കരയിൽ യുഡിഎഫിനും കോൺഗ്രസിനും ഉള്ള വലിയ സ്വാധീനം. 2011ൽ മണ്ഡല രൂപീകരണത്തിനു ശേഷം ഇന്നോളം തൃക്കാക്കരയിൽ യുഡിഎഫ് തോറ്റിട്ടില്ല. നല്ല ഭൂരിപക്ഷത്തോടെയായിരുന്നു അവരുടെ വിജയങ്ങൾ എല്ലാം തന്നെ. മണ്ഡല പുനർനിർണയ സമയത്ത് തൃക്കാക്കര രൂപീകരിക്കപ്പെട്ടതു തന്നെ യുഡിഎഫിന് മേൽക്കൈയുള്ള സ്ഥലങ്ങൾ ചേർത്തുകൊണ്ടാണ്. കൊച്ചി കോർപറേഷൻ എൽഡിഎഫ് പിടിച്ചെടുത്തത് ആ സ്ഥിതിയിൽ മാറ്റം വരുത്തുമെന്ന വിചാരം ഇടതുമുന്നണിക്കുണ്ടായെങ്കിൽ അതു തെറ്റി.

മതന്യൂനപക്ഷങ്ങൾ തൃക്കാക്കരയിൽ യുഡിഎഫിനോടൊപ്പം തന്നെ നിന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് തൃക്കാക്കരയിൽ അവർ സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങൾ യുഡിഎഫിനെ പാടെ കൈവിട്ടുവെന്നു പറയാൻ കഴിയില്ലെങ്കിലുംസ മുൻകാലങ്ങളിലെ കലവറയില്ലാത്ത പിന്തുണയിൽ ചോർച്ച സംഭവിച്ചിരുന്നു. ആ വിഭാഗങ്ങളുടെ പിന്തുണയും എൽഡിഎഫിനും ലഭിച്ചു. അതിന്റെ തുടർച്ചയായി മുസ്‌ലിം, ക്രിസ്ത്യൻ വോട്ടുബാങ്കുകൾ തൃക്കാക്കരയിലും തച്ചുടയ്ക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. പക്ഷേ അതിനു സാധിച്ചില്ല. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിൽക്കുന്ന രീതിതന്നെ ഈ വോട്ടെടുപ്പിലും അവർ തുടർന്നു.അരിവാൾ ചുറ്റികയിൽ വോട്ടു രേഖപ്പെടുത്താൻ അവർ മടിച്ചു. ‘സഭാപരിവേഷത്തോടെ’ എൽഡിഎഫ് സ്ഥാനാർഥിയെ അവതരിപ്പിച്ചതൊന്നും അവരെ ഏശിയതേയില്ല
ന്യൂനപക്ഷ വോട്ടുകൾ മാത്രമല്ല, എല്ലാ വിഭാഗങ്ങളുടെയും വോട്ടുകൾ യുഡിഎഫിനു ലഭിച്ചു. യുഡിഎഫിനു ലഭിച്ചുവന്ന ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ട് ബിജെപിക്ക് ചോർന്നത് നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഒരു കാരണമായിരുന്നു. സർക്കാർ വിരുദ്ധ വോട്ടുകൾ വിഭജിക്കപ്പെട്ട‌താണ് എൽഡിഎഫിന് കാര്യങ്ങൾ എളുപ്പമാക്കിയത്. മുൻകാലങ്ങളിൽ കേരളത്തിലെ പല മണ്ഡലങ്ങളിലും ബിജെപി ഒരു ശക്തിയായിരുന്നില്ലെങ്കിൽ ഇപ്പോൾ ഭൂരിഭാഗം മണ്ഡലങ്ങളിലും 10,000–15,000 വോട്ട് അവർ നേടുന്നു. അതിൽ ഗണ്യമായ വോട്ടുകൾ യുഡിഎഫിനു കിട്ടിവന്നിരുന്നതാണ്. തൃക്കാക്കരയിൽ ബിജെപി ഒരു ശക്തിയായി ഉയർന്നുവന്നില്ല. യുഡിഎഫും എൽഡിഎഫും തമ്മിലെ മത്സരം തന്നെയാണ് അവിടെ നടന്നത്. ത്രികോണ മത്സരം പേരിൽ മാത്രമായിരുന്നു. ആ നേർക്കുനേർ പോരാട്ടം യുഡിഎഫിന് കാര്യങ്ങൾ അനായാസമാക്കി. ഭൂരിപക്ഷ വോട്ടുകൾ ബിജെപിക്ക് പോകുന്ന പ്രവണത ഉമ തടുക്കുകയും ചെയ്തു.
കണിശതയോടെയുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംഘടനാ പ്രവർത്തനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇല്ലാതെ പോയതും അതു തന്നെ. മുന്നണികളെ മാറിമാറി വരിക്കുന്ന കേരളത്തിന്റെ രീതി 2021ലും തങ്ങളെ അധികാരത്തിലേറ്റുമെന്ന് യുഡിഎഫ് കരുതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അതിന്റെ മാനേജ്മെന്റിലും വന്ന വലിയ മാറ്റം അവർ ഉൾക്കൊണ്ടില്ല. അങ്ങേയറ്റം പ്രഫഷണലായും ചിട്ടയോടെയും എൽഡിഎഫ് ആ പ്രവർത്തനം നടത്തിയപ്പോൾ യുഡിഎഫ് കാഴ്ചക്കാരായി. തൃക്കാക്കരയിൽ ആദ്യം മുതൽ അതായിരുന്നില്ല സ്ഥിതി. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിൽ തൊട്ട് തിരഞ്ഞെടുപ്പ് സ്ലിപ് വിതരണം ചെയ്യുന്നതിൽ വരെ അവർ മുന്നിൽ നിന്നു. എല്ലാ ബൂത്തിലും കോൺഗ്രസിന് സംഘടനാ സ്വാധീനം ഉണ്ടായിരുന്നത് ആ പ്രവർത്തനങ്ങൾക്കു കൂടുതൽ കരുത്തായി. മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ് മറുകണ്ടം ചാടിയത് കോൺഗ്രസുകാരിൽ വാശിയും ആവേശവും കൂട്ടിയതേയുള്ളൂ.
സിൽവർലൈൻ പദ്ധതിയോടു ജനങ്ങൾക്കുള്ള ആശങ്ക തൃക്കാക്കരയിലും പ്രതിഫലിച്ചുവെന്ന് കരുതണം. ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർക്കു പോലും ആ പദ്ധതിയുടെ കാര്യത്തിൽ ആശങ്കകളുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ സിൽവർലൈൻ അടക്കമുളള വികസനപദ്ധതികളുടെ പേരിലാണ് എൽഡിഎഫ് വോട്ടു തേടിയത്. സിപിഎം പ്രവർത്തകർ തന്നെ ചിലയിടത്ത് അതിന്റെ പേരിൽ പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിന്നെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്. വികസനപദ്ധതികളുടെ കാര്യത്തിൽ കൊച്ചി എന്നും മുന്നിൽ തന്നെ. പക്ഷേ പരിസ്ഥിതിക്കു ദോഷം തട്ടിക്കുന്നതും സാമ്പത്തികമായി വലിയ ബാധ്യത വരുത്തുന്നതുമാണ് സിൽവർലൈൻ എന്ന പ്രചാരണം കൊച്ചിക്കാർക്കും പാടെ തള്ളിക്കളയാൻ കഴിയുമായിരുന്നില്ല. തൃക്കാക്കര കൂടി ജയിച്ചാൽ സിൽവർലൈനുമായി പിണറായി വിജയൻ സർക്കാർ കുതിച്ചുപായുമെന്ന് വോട്ടർമാർ വിചാരിച്ചിരിക്കണം. സർക്കാരിന്റെ ചെവിക്കു പിടിക്കാനുള്ള അവസരമായി ഈ വോട്ടെടുപ്പിനെ അവർ വിനിയോഗിച്ചു.
ട്വന്റി20 മത്സര രംഗത്തുനിന്ന് പിൻവാങ്ങിയത് യുഡിഎഫിന് കാര്യങ്ങൾ അനായാസമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ പിടിച്ച പതിമൂവായിരത്തോളം വോട്ടിൽ ഗണ്യമായ വോട്ടുകൾ യുഡിഎഫിന്റെ തന്നെയായിരുന്നു. തൃക്കാക്കരയിൽ ആദ്യമായി യുഡിഎഫിന്റെ വോട്ടുസംഖ്യ അറുപതിനായിരത്തിൽ താഴെയായിപ്പോയത് ട്വന്റി20 മത്സരിച്ചപ്പോഴുമാണ്. മുന്നണികളോടും അവരുടെ പരമ്പരാഗത രീതികളോടും മനംമടുപ്പ് ഉണ്ടായിരുന്നവർ ട്വന്റി20ക്കു വോട്ടു ചെയ്തു. ഇത്തവണ മത്സരത്തിൽ നിന്നു പിൻവാങ്ങി മനസാക്ഷി വോട്ടാണ് അവർ പ്രഖ്യാപിച്ചതെങ്കിലും പിണറായി സർക്കാരിന് ഒരു കൊട്ട് നൽകണം എന്നതായിരുന്നു സാബു ജേക്കബിന്റെയും കൂട്ടരുടെയും ആഗ്രഹം എന്നതിൽ പലർക്കും സംശയം ഉണ്ടായില്ല. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആ വോട്ടുകൾ തിരിച്ചെത്തിയത് യുഡിഎഫിന്റെ ഭൂരിപക്ഷം കുത്തനെ ഉയർത്തി
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആക്രമണോത്സുകമായ നേതൃത്വം യുഡിഎഫ് ക്യാംപിന് നൽകിയ ഉണർവ് ചെറുതായിരുന്നില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സംയമനവും പാകതയും തന്ത്രജ്ഞതയും ആണ് കരുത്താക്കിയതെങ്കിൽ ഒരു പേടിയും ഇല്ലാതെ എതിർ ക്യംപിലേക്ക് കയറി വെടിവയ്ക്കുന്ന രീതിയായിരുന്നു സതീശന്റേത്. തന്റെ സ്വന്തം ജില്ലയിൽ ആ നിർഭയത്വം കരുത്താക്കി യുഡിഎഫിനെ മുന്നിൽ നിന്നു സതീശൻ നയിച്ചു. അത് യുഡിഎഫിനെ ആകെ പ്രചോദിപ്പിച്ചുവെന്നാണ് തിര‍ഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്.
രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലെയും രണ്ടു തദ്ദേശ തിരഞ്ഞെടുപ്പുകളിലെയും വിജയത്തിനു പിന്നാലെ ‘തൃക്കാക്കര’ കൂടി കടന്നാൽ പിണറായി സർക്കാർ തങ്ങളുടെ അജൻഡകളുമായി കുതിച്ചു പായുമെന്ന് ആശങ്കപ്പെട്ടവരും തൃക്കാക്കരയിൽ ഉണ്ടായെന്നു വേണം കരുതാൻ. അതുകൊണ്ട് സെഞ്ചറി അവർ തടഞ്ഞു. 99 റൺ എടുക്കുന്നതിനേക്കാൾ പ്രയാസമാണ് അവസാനത്തെ ആ ഒറ്റ റൺ എന്ന് എൽഡിഎഫിനു ബോധ്യമായി. ‘നെർവസ് നയന്റീസിൽ’ അവർ വീണു. തൃക്കാക്കരയിൽ കൂടി തോറ്റിരുന്നെങ്കിൽ യുഡിഎഫിന്റെ മേൽവിലാസം നഷ്ടപ്പെടുമായിരുന്നു. ശക്തമായ ഭരണപക്ഷത്തിനൊപ്പം ശക്തമായ പ്രതിപക്ഷത്തെ കൂടി എന്നും ജനാധിപത്യ കേരളം ആഗ്രഹിക്കുന്നുണ്ട്. പ്രതിപക്ഷം നിശബ്ദമാക്കപ്പെടുന്നതിന്റെ കെടുതികൾ കേരളത്തിലെ വോട്ടർമാരും കണ്ടുകൊണ്ടിരിക്കുന്നു. സർക്കാരിന്റെ തെറ്റായ നയങ്ങൾ എതിർക്കാനും തിരുത്താനും കരുത്തുള്ള പ്രതിപക്ഷം ഉണ്ടായേ തീരൂ. പ്രതിപക്ഷത്തെ അവരുടെ ഇടത്തിൽ കൂടുതൽ കരുത്തോടെ ഉറപ്പിച്ചു നിർത്തിയിരിക്കുകയാണ് തൃക്കാക്കര.

LEAVE A REPLY

Please enter your comment!
Please enter your name here