ആയിരം രൂപക്ക് ആഢംബര വീട് നൽകാമെന്ന മോഹന വാഗ്ദാനം നൽകി പണം തട്ടാനുള്ള നീക്കത്തിന് പോലീസിൻ്റെ ഒത്താശ

0

ആയിരം രൂപക്ക് ആഢംബര വീട് നൽകാമെന്ന മോഹന വാഗ്ദാനം നൽകി പണം തട്ടാനുള്ള നീക്കത്തിന് പോലീസിൻ്റെ ഒത്താശ! പരാതി നൽകിയിട്ടും കേസ് എടുക്കുന്നില്ലെന്നാണ് ആക്ഷേപം. മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫും സംവിധായകനുമായ പോളി വടക്കനാണ് പരാതിക്കാരൻ. തട്ടിപ്പിനെതിരെ കടവന്ത്ര പോലീസിനാണ് പരാതി നൽകിയത്. പകർപ്പ് ഡി.സി പി ക്കും നൽകിയിരുന്നു. എന്നാൽ നാളിതുവരെ അന്വേഷണം നടന്നിട്ടില്ല. ഉന്നത പോലീസ് ബന്ധങ്ങളുള്ള ആളാണ് പ്രതിയെന്ന് അക്ഷേപമുണ്ട്.

ചാവക്കാട് അഞ്ചങ്ങാടിയിലുള്ള 25 സെൻ്റ് സ്ഥലവും ഒരു കോടി രൂപ വിലമതിക്കുന്ന 3000 സ്ക്വയർ ഫീറ്റ് വീടും കാട്ടിയാണ് ആളുകളെ ആകർഷിക്കുന്നത്. അനധികൃത നറുക്കെടുപ്പിലൂടെ പണം സമാഹരിക്കാനാണ് നീക്കം. www.wholelandproperty.com എന്ന വെബ് സൈറ്റ് വഴിയാണ് ടിക്കറ്റ് വിൽപ്പന. ഇതിനെതിരെ മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫ് പോളി വടക്കൻ കൊച്ചി ഡി.സി.പിക്ക് പരാതി നൽകി. ഓൺലൈൻ റമ്മി കമ്പനികൾക്കെതിരെ പോളി നൽകിയ പരാതി നിർണായക ഘട്ടത്തിലാണ്. ഇതിനിടെയാണ് സമാനമായ തട്ടിപ്പിനെതിരെ പരാതി നൽകിയത്.

കേരളത്തിൽ ഓൺലൈൻ വഴിയുള്ള ലോട്ടറി വിൽപനയ്ക്ക് നിരോധനം നില നിൽക്കുന്നുണ്ട്. ഈ നിരോധനത്തിന് പിന്നാലെയാണ് ഇപ്പോൾ ഓൺലൈൻ വ്യാജ ലോട്ടറി തട്ടിപ്പ് നടക്കുന്നത്.

ഓൺലൈൻ വഴി ലോട്ടറി എടുക്കാമെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പരസ്യം പ്രചരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള പരസ്യ പ്രചരണം എത്തിയത്. ഹോൾ ലാൻ്റ് പ്രോപ്പർട്ടിയുടെ പേരിൽ ഇറങ്ങിയ പരസ്യത്തിൽ അഭിനയിച്ച പെൺകുട്ടിക്കെതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം.

സംസ്ഥാനത്ത് നിലവിൽ ഓൺലൈൻ ലോട്ടറി വില്പന നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ വിൽപ്പന എങ്ങനെ സാധ്യമാകും എന്നാണ് ചോദ്യം. ഓഗസ്റ്റ് 15 നാണ് നറുക്കെടുപ്പ്. നിലവിൽ തൃശൂർ വിയ്യൂർ റോഡിലാണ് ഇവരുടെ ഓഫീസ്. നിലവിൽ ആയിരക്കണക്കിന് ആളുകളിൽ നിന്ന് ഇവർ പണം ശേഖരിച്ചതായാണ് വിവരം.

പോലീസ് ഉദ്യോഗസ്ഥരെ അടക്കം സ്വാധീനിച്ചാണ് ഭാഗ്യക്കുറി വിൽപ്പന നടക്കുന്നത്. നിലവിൽ ശേഖരിച്ച പണം പല അകൗണ്ടുകളിലേക്ക് മാറ്റിയതായാണ് ആരോപണം.

ഓൺലൈൻ വിൽപ്പനക്ക് ലൈസൻസ് വേണ്ടെന്നാണ് ഇവർ ഉപഭോക്താക്കളോട് പറയുന്നത്. ക്രിമിനൽ കുറ്റമാണെന്നാണ് ലോട്ടറി വകുപ്പിൻ്റെ പ്രതികരണം.

1998-ലെ ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരം ഐ.പി.സി. 294 (3), 8 വകുപ്പുകൾ പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് മാത്രമേ ലോട്ടറി നറുക്കെടുപ്പ് നടത്താൻ അധികാരമുള്ളൂ. വ്യക്തികൾ ഇത്തരത്തിൽ നറുക്കെടുപ്പ് നടത്തിയാൽ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ മീഡിയ മലയാളത്തോട് പറഞ്ഞു. ഇത്തരത്തിൽ നിരവധിപേർ നറുക്കെടുപ്പ് നടത്തുന്നതായി ശ്രദ്ധയിൽപെട്ടതായും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ ബി.സുരേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here