മലയാളിയായ ബോളിവുഡ്‌ പിന്നണി ഗായകന്‍ കെ.കെ. എന്ന കൃഷ്‌ണകുമാര്‍ കുന്നത്ത്‌ കുഴഞ്ഞുവീണ്‌ മരിച്ചു

0

കൊല്‍ക്കത്ത: മലയാളിയായ ബോളിവുഡ്‌ പിന്നണി ഗായകന്‍ കെ.കെ. എന്ന കൃഷ്‌ണകുമാര്‍ കുന്നത്ത്‌(53) കുഴഞ്ഞുവീണ്‌ മരിച്ചു.
കൊല്‍ക്കത്തയില്‍ സംഗീത പരിപാടിക്ക്‌ ശേഷം മടങ്ങിയെത്തിയ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കല്‍ക്കട്ട മെഡിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. ഹൃദയാഘാതമാണ്‌ മരണകാരണം.
കാല്‍നൂറ്റാണ്ടോളമായി പിന്നണി ഗായകനിരയില്‍ സജീവമായിരുന്നു. ഹിന്ദി, മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ, മറാത്തി, ബംഗാളി, ആസാമീസ്‌, ഗുജറാത്തി ഭാഷകളിലായി 700 ലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്‌. മലയാളി ദമ്പതികളായ സി.എസ്‌. നായരുടേയും കനകവല്ലിയുടേയും മകനായി ഡല്‍ഹിയില്‍ ജനിച്ച കൃഷ്‌ണകുമാര്‍ വളര്‍ന്നതും ന്യൂഡല്‍ഹിയിലാണ്‌. ഡല്‍ഹിയിലെ മൗണ്ട്‌ സെന്റ്‌ മേരീസ്‌ സ്‌കൂളിലായിരുന്നു പഠനം. 3500ലേറെ ജിംഗിളുകള്‍ പാടിയ ശേഷമാണ്‌ ബോളിവുഡില്‍ എത്തിയത്‌.
1999 ക്രിക്കറ്റ്‌ വേള്‍ഡ്‌ കപ്പിന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ പിന്തുണച്ചുകൊണ്ട്‌ ഇറങ്ങിയ അദ്ദേഹത്തിന്റെ ”ജോഷ്‌ ഓഫ്‌ ഇന്ത്യ” എന്ന ഗാനം ഏറെ ശ്രദ്ധേയമായി. ആദ്യ ആല്‍ബമായ ‘പല്‍’ 1999 ഏപ്രിലില്‍ പുറത്തിറങ്ങി. ഈ ആല്‍ബത്തിന്‌ സ്‌ക്രീന്‍ ഇന്ത്യയില്‍നിന്നും മികച്ച സോളോ അല്‍ബത്തിനുള്ള സ്‌റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ്‌ ലഭിച്ചു.
ബാല്യകാല സഖിയായിരുന്നു ജ്യോതി കൃഷ്‌ണയെ 1992-ല്‍ വിവാഹം ചെയ്‌തു. അദ്ദേഹത്തിന്‍റെ മകനായ നകുല്‍ കൃഷ്‌ണ കെകെയുടെ പുതിയ ആല്‍ബമായ ‘ഹംസഫറി’ലെ ഗാനമായ ‘മസ്‌തി’യില്‍ കെ.കെയുടെ കൂടെ പാടിയിട്ടുണ്ട്‌. അഞ്ച്‌ തവണ ഫിലിം ഫെയര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്‌.
ഗായകനായിരുന്ന കിഷോര്‍ കുമാര്‍, സംഗീത സംവിധായകന്‍ ആര്‍. ഡി. ബര്‍മന്‍ എന്നിവര്‍ വലിയ രീതിയില്‍ കെകെയെ സ്വാധീനിച്ചിട്ടുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here