ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ ഈ മണ്‍സൂണ്‍ കാലത്ത്‌ ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നു കാലാവസ്‌ഥാവകുപ്പ്‌

0

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ ഈ മണ്‍സൂണ്‍ കാലത്ത്‌ ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നു കാലാവസ്‌ഥാവകുപ്പ്‌. ശരാശരി 103% മഴയാണു പ്രതീക്ഷിക്കുന്നതെന്ന്‌ ഇന്ത്യ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ (ഐ.എം.ഡി) ഡയറക്‌ടര്‍ ജനറല്‍ മൃത്യുഞ്‌ജയ്‌ മൊഹാപാത്ര വ്യക്‌തമാക്കി.
ദീര്‍ഘകാല ശരാശരിപ്രകാരം രാജ്യത്ത്‌ സാധാരണമഴ (99%) ലഭിക്കുമെന്നായിരുന്നു കഴിഞ്ഞ ഏപ്രിലില്‍ ഐ.എം.ഡിയുടെ പ്രവചനം. അതായത്‌ 1971-2020 കാലഘട്ടത്തിലെ ശരാശരി മഴ. ഗുജറാത്ത്‌ മുതല്‍ ഒഡീഷ വരെയുള്ള മണ്‍സൂണ്‍ കേന്ദ്രീകൃതമേഖലയില്‍ ഇക്കുറി 106 ശതമാനത്തിലധികം മഴ ലഭിച്ചേക്കുമെന്നും മൊഹാപാത്ര പറഞ്ഞു. മധ്യേന്ത്യയിലും ദക്ഷിണ പെനിന്‍സുല മേഖലയിലും സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കും. എന്നാല്‍, വടക്കുകിഴക്കന്‍, വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ സാധാരണമഴയേ പ്രതീക്ഷിക്കുന്നുള്ളൂ. തുടര്‍ച്ചയായ നാലാംവര്‍ഷമാണു രാജ്യം സാധാരണ കാലവര്‍ഷത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്‌. സമീപഭാവിയിലും രാജ്യത്ത്‌ സാധാരണനിലയിലുള്ള കാലവര്‍ഷം പ്രതീക്ഷിക്കാമെന്നും സാധാരണയില്‍ കുറഞ്ഞ മഴ പ്രതിഭാസം അവസാനിക്കുകയാണെന്നും മൊഹാപാത്ര ചൂണ്ടിക്കാട്ടി.
കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചെന്ന പ്രവചനത്തോടുള്ള വിമര്‍ശനങ്ങള്‍ മൊഹാപാത്ര തള്ളി. ശാസ്‌ത്രീയമായിത്തന്നെയാണു കാലവര്‍ഷത്തിന്റെ വരവും പുരോഗതിയും വിലയിരുത്തുന്നത്‌. കേരളത്തിലെ 70% കാലാവസ്‌ഥാകേന്ദ്രങ്ങളും വ്യാപകമഴസാധ്യതയാണു റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അറബിക്കടലിന്റെ ഉപരിതലത്തിലെ കുറഞ്ഞ താപനില മൂലം കേരളം ഉള്‍പ്പെടുന്ന മേഖലയില്‍ ശരാശരിയില്‍ കുറഞ്ഞ മഴയ്‌ക്കാണു സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here