സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആർഎസ്എസിന്‍റെ കയ്യിൽ കളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ

0

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആർഎസ്എസിന്‍റെ കയ്യിൽ കളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസിന്‍റെ എൻജിഒയിൽ ജോലി കൊടുത്തത് തന്നെ ദുരൂഹമാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ബിജെപി നേതാക്കളിലേക്ക് എത്തിയപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ അന്വേഷണം അട്ടിമറിച്ചതെന്ന് ആരോപിച്ച കോടിയേരി,  മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്ന പ്രതിപക്ഷത്തെയും വിമര്‍ശിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഭരിക്കുമെന്ന് പറഞ്ഞ കോടിയേരി, താക്കീതാണിത്, തീക്കളി നിര്‍ത്തണമെന്നും കൂട്ടിച്ചേര്‍ത്തു.
ഉയരുന്ന ആരോപണങ്ങളിൽ വസ്തുതയുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടുപിടിക്കട്ടേ എന്നും കോടിയേരി വെല്ലുവിളിച്ചു. മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം. എന്തൊക്കെ പ്രചാരവേലയാണ് നടത്തുന്നത്. ഇത് രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതാണ്. കേരളത്തിലെ കുത്തക മാധ്യമങ്ങൾ എൽഡിഎഫ് വീണ്ടും അധികാരത്തില്‍ വരുന്നതിന് എതിരായിരുന്നു. അതിനവർ എല്ലാ പണിയും എടുത്തു. ഇപ്പോൾ ഈ സർക്കാരിനെ പുറത്താക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കോടിയേരി വിമര്‍ശിച്ചു. രണ്ട് കൊല്ലം മുമ്പാണ് സ്വർണം കടത്തിയ സംഭവം ഉണ്ടായത്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കേരളം തന്നെ പറഞ്ഞു. പക്ഷേ സ്വർണം അയച്ച ആളെയും കിട്ടിയ ആളെയും പിടിക്കാനായില്ല. ബിജെപി നേതാക്കളിലേക്ക് എത്തിയപ്പോൾ സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച കോടിയേരി, സ്വപ്നാ സുരേഷിനെ രൂക്ഷമായി വിമര്‍ശിച്ചു. ആ സ്ത്രീ മൊഴി മാറ്റി മാറ്റിപ്പറയുകയാണ്. ഇപ്പോഴവർ സർക്കാരിനെതിരാണ്. സ്വപ്ന ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ കളിപ്പാവയാണെന്നും ഓരോ വിളിച്ചുപറയലുകളും അതിന്‍റെ പേരിലാണെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

സ്വര്‍ണം ഈന്തപ്പഴത്തിൽ കടത്തിയെന്നാണ് ആദ്യം പറഞ്ഞത്. പക്ഷേ ഒന്നും കിട്ടിയില്ല. പിന്നെ ഖുറാനിൽ കടത്തിയെന്ന് പറഞ്ഞു. ഇപ്പോൾ ബിരിയാണി ചെമ്പിലാണ് സ്വര്‍ണം കടത്തിയത് എന്നാണ് പരയുന്നത്. ഇങ്ങനെയുള്ള സാധനം ബിരിയാണി ചെമ്പിൽ കൊടുക്കേണ്ടതുണ്ടോ എന്ന് കോടിയേരി പരിഹസിച്ചു. സമരം ചെയ്ത് എൽഡിഎഫിനെ താഴെ ഇറക്കാമെന്നാണോ യുഡിഎഫും ബിജെപിയും വിചാരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചാടി വീഴുകയാണ്. ഇത് പ്രകോപനം സൃഷ്ടിക്കാനില്ലേ. കരിങ്കല്ല് കൊണ്ടാണ് മുഖ്യമന്ത്രിയെ നേരിടേണ്ടത് എന്ന് പറഞ്ഞത് കോൺഗ്രസിന്‍റെ ആഗ്രഹമാണ്. ആ കല്ലുകൾ തിരിച്ചെറിയാൻ ജനങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചു. മുമ്പ് ഒരു വിമാനം തട്ടിക്കൊണ്ടുപോകൽ ഉണ്ടായിരുന്നു. അത് കോൺഗ്രസ് സംസ്കാരമാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. ആക്രമിക്കാൻ വന്ന സംഘം മുഖ്യമന്ത്രി അവിടെ ഇരിക്കുമ്പോൾ ആക്രോശിച്ച് വരികയായിരുന്നു. ഇപി തടഞ്ഞതുകൊണ്ടാണ് അക്രമിക്കാൻ കഴിയാതിരുന്നത്. കേരളത്തിൽ കലാപം സൃഷ്ടിക്കുകയാണ് ഇവരുടെ ഉദ്ദേശമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെൻഷൻ കൂട്ടിയതിനോ.? പാവങ്ങൾക്ക് നല്ല പദ്ധതിയുണ്ടാക്കിയതിനാണോ.? എന്തിന് മുഖ്യമന്ത്രി രാജിവെക്കേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കലാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ സുരക്ഷ ഞങ്ങളേറ്റെടുത്താൽ ഒരുത്തനും അടുക്കില്ലെന്നും കോടിയേരി വെല്ലുവിളിച്ചു. പത്ത് പൊലീസിന്‍റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന സർക്കാരല്ല ഇത്. ജനങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിന്‍റെ കരുത്ത്. സമരാഭാസത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here