വളർത്തുനായയെ വീട്ടിൽ തനിച്ചാക്കി പോകുന്നത് സുരക്ഷിതമാണോ?

0

വളർത്തുനായയെ വീട്ടിൽ തനിച്ചാക്കി പോകുന്നത് സുരക്ഷിതമാണോ? എല്ലായ്‌പ്പോഴും അതൊരു നല്ല ആശയമാകണമെന്നില്ല എന്നാണ് കഴിഞ്ഞ ദിവസം യുഎസിൽ ഉണ്ടായ ഒരു സംഭവം സൂചിപ്പിക്കുന്നത്. യുഎസ്സിലെ മിസോറിയിലെ ഒരു വീടിനുള്ളിൽ ഒരു നായ അടുക്കളയിൽ കയറി ഗ്യാസ് സ്റ്റൗ ഓണാക്കി. പിന്നാലെ അവിടെ വലിയ തീപിടിത്തം ഉണ്ടായി. വീട്ടുകാർ ആരും തന്നെ അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. വീടിന് കാര്യമായി കേടുപാടുകൾ സംഭവിച്ചെങ്കിലും, അതിനകത്തുണ്ടായ നായ്ക്കളെ എന്നാൽ രക്ഷപ്പെടുത്താൻ സാധിച്ചു.  
പാർക്ക്‌വില്ലെയിലെ റിസ് തടാക പരിസരത്താണ് സംഭവം. അപകടം എങ്ങനെ നടന്നുവെന്ന് അറിയാൻ സിസിടിവി ക്യാമറ പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. യഥാർത്ഥ കള്ളൻ കപ്പലിൽ തന്നെയാണെന്ന് അപ്പോഴാണ് മനസിലായത്. സ്റ്റൗവിന് മുകളിൽ ഒരു പാൻ ഇരിപ്പുണ്ടായിരുന്നു. അതിലെന്താണെന്ന് പരിശോധിക്കാൻ നായകളിലൊന്ന് സ്റ്റൗവിൽ പിടിച്ച് നിന്നു. ആ സമയം അറിയാതെ അതിന്റെ കാൽ തട്ടി സ്റ്റൗ ഓണാവുകയും, ഗ്യാസ് ബർണർ കത്താൻ തുടങ്ങുകയും ചെയ്തു. 
പാനിൽ മുൻപ് കഴിച്ച ആഹാരത്തിന്റെ ബാക്കി ഇരിപ്പുണ്ടായിരുന്നു. അത് ചൂട് പിടിച്ച് അതിലെ എണ്ണ ഇറങ്ങി തീ ആളിക്കത്തുകയും ചെയ്തു. പാൻ ചൂട് പിടിച്ച് ഏകദേശം 8 മിനിറ്റോളം തീ ആളി പടർന്നു. എന്നാൽ ഇതൊന്നും അറിയാതെ നായകള്‍ മുറി വിട്ട് പോയി. വീടിന്റെ ചില ഭാഗങ്ങൾക്ക് തീപിടിച്ച് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തക്കസമയത്ത്  അഗ്നിശമനസേന എത്തിയത് കൊണ്ട് നായ്ക്കളെ പരിക്കൊന്നും കൂടാതെ രക്ഷിക്കാൻ സാധിച്ചു. തീ പിടിച്ച വീട്ടിൽ നിന്ന് രണ്ട് നായ്ക്കളെയും സുരക്ഷിതമായി മാറ്റാൻ സാധിച്ചെന്ന് കൻസാസ് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റും സതേൺ പ്ലാറ്റ് ഫയർ പ്രൊട്ടക്ഷൻ ഡിസ്ട്രിക്റ്റും അറിയിച്ചു. തീ ആളിപ്പടരുമ്പോൾ അകത്ത് മറ്റാരും ഉണ്ടായിരുന്നില്ലെന്ന് അഗ്നിശമനസേന അറിയിച്ചു.

ഒരു വിരൽ അമർത്തിയാൽ ഓൺ ആകുന്ന ടച്ച് കൺട്രോളുകളുള്ള ഉപകരണങ്ങൾ ഇപ്പോൾ വീടുകളിൽ സാധാരണമാണ്. എന്നാൽ, മനുഷ്യന് മാത്രമല്ല വീട്ടിലുള്ള നായ പോലുള്ള മൃഗങ്ങൾക്ക് പോലും അത് ഓൺ ആക്കാൻ സാധിക്കുമെന്നതാണ് ഇതിലെ അപകടം. കുട്ടികൾക്കും, മൃഗങ്ങൾക്കും എളുപ്പം ആക്‌സസ് ചെയ്യാവുന്ന ഇത്തരം അപകടം നിറഞ്ഞ വീട്ടുപകരണങ്ങളിൽ സംരക്ഷണ കവചങ്ങൾ ഘടിപ്പിക്കണമെന്ന്  ഡിവിഷൻ ചീഫ് ക്രിസ് ഡെന്നി പറഞ്ഞു. 
ഇത്തരം വീട്ടുപകരണങ്ങളുടെ അപകടത്തെക്കുറിച്ച് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാനും വളർത്തുമൃഗങ്ങളും കൊച്ചുകുട്ടികളും ആകസ്മികമായി അവ ഓണാക്കാതിരിക്കാൻ സ്റ്റൗവിന്റെ ബട്ടണിൽ സംരക്ഷണ കവചങ്ങൾ ഘടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനുമാണ് അഗ്നിശമനസേന ഇപ്പോൾ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here