മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ചിൽ ഇന്നും പലയിടത്തും സംഘർഷം

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ചിൽ ഇന്നും പലയിടത്തും സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതോടെ, പൊലീസ് പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയിലും കൊച്ചിയിലും പ്രതിപക്ഷ മാർച്ചുകളിൽ സംഘർഷം ഉണ്ടായി.

തിരുവനന്തപുരം പിഎംജിയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ പോകവെ ഒരാളെ കരുതൽ കസ്റ്റഡിയിലും രണ്ട് പേരെ കരിങ്കൊടി കാണിച്ചതിനുമാണ് കസ്റ്റഡിയിലെടുത്തത്. ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്യാൻ മാസ്‌ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു കോൺഗ്രസ് പ്രതിഷേധം. അതിനിടെ അതുവഴി ബൈക്കിൽ കടന്നുപോയ ന്യൂസ് 18 റിപ്പോർട്ടർ വി വി അരുണിനെ പൊലീസ് തടഞ്ഞു. അബദ്ധം മനസ്സിലാക്കിയ പൊലീസ് വാഹനം കടത്തിവിട്ടു.

കൊച്ചിയിൽ മഹിളാ മോർച്ച നടത്തിയ മാർച്ചിലും ചെറിയ തോതിൽ സംഘർഷം ഉണ്ടായി. കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർ പൊലീസുമായി ഉന്തുതള്ളുമുണ്ടാക്കി. പിന്നാലെ പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രതിഷേധക്കാർ അറസ്റ്റിന് വഴങ്ങി. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധക്കാർ മാർച്ചിൽ പങ്കെടുത്തത്. പ്രതീകാത്മകമായി ഉണ്ടാക്കിയ അധികാര കസേരയിൽ പ്രവർത്തകർ ചെരുപ്പ് മാല അണിയിച്ചു.ബിജെപി സംസ്ഥാന വക്താവ് സിന്ധുമോൾ മാർച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ ഭാരവാഹികളായ രചന, ബാനു ട്രാൻസ്‌ജെൻഡർ അവന്തിക എന്നിവർ മാർച്ചിന് നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here