ഡോണള്‍ഡ് ഡവര്‍ ‘അമേരിക്കയിലെ ഏറ്റവും പണക്കാരനായ കുട്ടി’

0

ഡോണള്‍ഡ് ഡവര്‍ ‘അമേരിക്കയിലെ ഏറ്റവും പണക്കാരനായ കുട്ടി’. സമ്പാദ്യത്തിലേറെയും യൂട്യൂബില്‍ നിന്നുമാണ്. 2019 ൽ ഡോണള്‍ഡ് തുടങ്ങിയ യൂട്യൂബ് ചാനലിന് ഇപ്പോൾ‌ ഏകദേശം 600,000 സബ്‌സ്‌ക്രൈബര്‍മാരുണ്ട്. സ്വന്തമായുള്ളത് ബുഗാട്ടി മുതല്‍ ഫെറാറി വരെയുള്ള കമ്പനികളുടെ ആഡംബര കാറുകളും. പതിനഞ്ച് വയസ്സിനുള്ളിലാണ് ഇതെല്ലാം.

യൂട്യൂബിലെ വിജയത്തിനു ശേഷം ഇപ്പോള്‍ ഡോണള്‍ഡ് ടിക്‌ടോക്കിലും ഇന്‍സ്റ്റഗ്രാമിലും ചുവടുറപ്പിക്കാന്‍ ശ്രമിക്കുകയാണ്. തന്റെ വിജയ രഹസ്യങ്ങളിലൊന്ന് താന്‍ സദാസമയവും സമൂഹ മാധ്യമങ്ങള്‍ക്കായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണെന്ന് ഡോണള്‍ഡ് ഒരു വിഡിയോയില്‍ പറയുന്നുണ്ട്. ദശലക്ഷക്കണക്കിന് ആളുകളാണ് ഡോണള്‍ഡിന്റെ വിഡിയോകള്‍ യൂട്യൂബില്‍ കാണുന്നത്. എന്നാല്‍ വരുമാനം യൂട്യൂബ് വ്യൂസില്‍നിന്നു മാത്രമാകില്ല. പരസ്യങ്ങളില്‍നിന്നും കുട്ടിക്കു പണം വരുന്നുണ്ടായിരിക്കുമെന്നാണ് അനുമാനം. യൂട്യൂബില്‍നിന്ന് ഡോണള്‍ഡിന് ഒരു മാസം ഇതുവരെ കിട്ടിയ ഏറ്റവും കൂടുതൽ വരുമാനം 17,000 പൗണ്ട് (ഏകദേശം 16.3 ലക്ഷം രൂപ) ആണെന്നാണ് പറയുന്നത്.
∙ വാചകമടി
അതേസമയം, അമേരിക്കയിലെ ഏറ്റവും പണക്കാരനായ കുട്ടി എന്ന വാദം ശരിയല്ലെന്ന് ഡെയ്‌ലിസ്റ്റാര്‍.കോ.യുകെ റിപ്പോര്‍ട്ടു ചെയ്യുന്നു. അത് കുട്ടിയുടെ വാചകമടി മാത്രമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ സമ്പന്നരായ കുട്ടികളുടെ പട്ടികയിൽ 19 ാമതായിരിക്കാം ഡോണള്‍ഡ് എന്നു ഡെയ്‌ലിസ്റ്റാർ പറയുന്നു. കാശുണ്ടാക്കുക എന്നത് നേട്ടമാണെങ്കില്‍ 19-ാം സ്ഥാനം പോലും വലിയൊരു നേട്ടം തന്നെയാണു താനും. ടിക്‌ടോക്കില്‍നിന്നു ഡോണള്‍ഡിന് ഇപ്പോള്‍ തരിക്കേടില്ലാത്ത വരുമാനം ലഭിക്കുന്നുണ്ടാകണം. കാരണം ടിക്‌ടോക്ക് അക്കൗണ്ടിലും കുട്ടിക്ക് 268,000 ഫോളോവേഴ്സുണ്ട്.
∙ കാറുകളും യാത്രകളും
ഏകദേശം 1 കോടി പൗണ്ടാണ് (ഏകദേശം 95.93 കോടി രൂപ) ഡോണള്‍ഡിന്റെ കാര്‍ ശേഖരത്തിന്റെ വിലയായി കണക്കാക്കപ്പെടുന്നത്. എന്നാല്‍, തന്റെ കാറുകൾ ഓടിക്കാന്‍ ഡോണള്‍ഡിന് സാധിച്ചിട്ടുമില്ല. കാരണം ലൈസന്‍സ് ലഭിക്കണമെങ്കില്‍ 16 വയസാകണം! ബുഗാട്ടി ഷിറോണ്‍ (Bugatti Chiron) ആണ് ഡോണള്‍ഡ് സ്വന്തമാക്കിയ ഏറ്റവുമധികം വിലമതിക്കുന്ന കാര്‍. ഏകദേശം 3.3 ദശലക്ഷം ഡോളറാണ് ഇതിന്റെ വില. തങ്ങള്‍ കാര്‍ നിര്‍മാണം തുടങ്ങിയതിന്റെ 110-ാം വാര്‍ഷികത്തില്‍ ബുഗാട്ടി പുറത്തിറക്കിയ സ്‌പെഷല്‍ എഡിഷന്‍ വാഹനമാണിത്. 2.4 സെക്കന്‍ഡിനുളളില്‍ 62 മൈല്‍ വേഗത്തിലെത്താം എന്നതാണ് ഇതിന്റെ സവിശേഷതകളിലൊന്ന്. പരമാവധി വേഗം മണിക്കൂറില്‍ 260 മൈലാണ്. ഫെറാറി ലാഫെറാറിയാണ് (Ferrari LaFerrari) ഡോണള്‍ഡ് സ്വന്തമാക്കിയ മറ്റൊരു വാഹനം. വില ഏകദേശം 10 ലക്ഷം പൗണ്ട്. പഗാനി (Pagani Huayra Roadster) 23 ലക്ഷം പൗണ്ട്, റോള്‍സ്-റോയ്‌സ് കളിനന്‍ 26 ലക്ഷം പൗണ്ട് തുടങ്ങിയവയാണ് മറ്റു കാറുകള്‍.

∙ വിജയരഹസ്യമെന്ത്?
തന്റെ യൂട്യൂബ് ചാനലിന്റെ വിജയരഹസ്യമെന്തെന്ന് വെളിപ്പെടുത്താനും ഡോണള്‍ഡിനു മടിയില്ല. ഉള്ളടക്കത്തിലെ വൈവിധ്യമാണ് തന്റെ ചാനലിലേക്ക് ആളുകള്‍ ഇരച്ചെത്താന്‍ കാരണമെന്ന് കുട്ടി പറയുന്നു. വസ്ത്രങ്ങൾ, തമാശകള്‍, കാറുകള്‍, അമ്മ എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ അമ്മയുടെ മുന്നില്‍ വച്ച് കാമുകിയെ ചുംബിക്കല്‍ തുടങ്ങി വൈവിധ്യമുള്ള കണ്ടെന്റ് മുഷിപ്പിക്കാതെ അവതരിപ്പിക്കുന്നതാണ് വിജയ രഹസ്യമെന്നാണ് കുട്ടി പറയുന്നത്. ദിവസം മുഴുവനും ക്യാമറയ്ക്കു മുന്നില്‍ ചെലവിടാൻ മടിയില്ല എന്നതാണ് ഡോണള്‍ഡിനെ വേറിട്ടൊരു യൂട്യൂബര്‍ ആക്കുന്നത്.
∙ യൂട്യൂബ് ഷോട്സിനും 150 കോടി സന്ദർശകർ
ടിക്‌ടോക്കിന് ബദലായി ഇറക്കിയ യൂട്യൂബ് ഷോട്‌സിന്റെ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം 150 കോടി ആയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. കുതിച്ചുയരുന്ന ടിക്‌ടോക്കിന്റെ ജനസമ്മതിക്കു തടയിടാനായി 2020ലാണ് ഹ്രസ്വവിഡിയോ പങ്കുവയ്ക്കുന്ന പ്ലാറ്റ്‌ഫോമായ ഷോട്‌സ് ഗൂഗിള്‍ തുടങ്ങിയത്. ടിക്‌ടോക്കിന് ബദലായി ഫെയ്‌സ്ബുക് തുടങ്ങിയ റീല്‍സിനും തരക്കേടില്ലാത്ത പ്രതികരണം ലഭിച്ചു തുടങ്ങി.
∙ 5ജി സേവനം സെപ്റ്റംബര്‍ മുതല്‍
ഇന്ത്യയിലെ 5ജി സ്‌പെക്ട്രം ലേലം ജൂലൈ അവസാനം സമാപിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലേലം തുടങ്ങിയെന്നും നടപടിക്രമങ്ങള്‍ ജൂലൈ അവസാനത്തോടെ സമാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ടെലികോം കമ്പനികള്‍ ഇപ്പോള്‍ത്തന്നെ 5ജിക്കു വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ 5ജി ലഭിച്ചു തുടങ്ങിയേക്കുമെന്നും മന്ത്രി പറഞ്ഞു.
∙ സ്വതന്ത്ര ഇന്റര്‍നെറ്റിനായി നിലകൊള്ളുമെന്ന് വിപിഎന്‍ കമ്പനികള്‍
ഇന്ത്യന്‍ ഐടി മന്ത്രാലയത്തിന്റെ പുതിയ നയം ജൂണ്‍ 27ന് പ്രാബല്യത്തില്‍ വരാനിരിക്കെ വിപിഎന്‍ കമ്പനികള്‍ ഇന്ത്യ വിട്ടു തുടങ്ങി. തങ്ങളുടെ ഉപയോക്താക്കള്‍ എന്തു ചെയ്യണമെന്ന കാര്യം ജൂണ്‍ 20ന് അറിയിക്കുമെന്നാണ് നോര്‍ഡ്‌ വിപിഎന്‍ പറഞ്ഞിരിക്കുന്നത്. തങ്ങളുടെ വരിക്കാരെക്കുറിച്ചുള്ള ഒരു ലോഗും സൂക്ഷിക്കാന്‍ ഒരുക്കമല്ലെന്ന് അവര്‍ പറയുന്നു. എക്‌സ്പ്രസ്‌വിപിഎന്‍, സര്‍ഫ്ഷാര്‍ക് എന്നിവയും ഇന്ത്യയിലെ സെര്‍വറുകളുടെ പ്രവര്‍ത്തനം നിയമം പ്രാബല്യത്തില്‍ വരുന്നതിന് ഒരു ദിവസം മുൻപെങ്കിലും അവസാനിപ്പിക്കും. മൂന്നു കമ്പനികളും പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത് ഇന്റര്‍നെറ്റിലെ ഉപയോക്താവിന്റെ സ്വാതന്ത്ര്യം ഹനിക്കാനുള്ള കേന്ദ്ര നീക്കത്തോട് സഹകരിക്കില്ലെന്നാണ്.

∙ താരതമ്യേന വില കുറഞ്ഞ ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ച് ഇന്‍ഫിനിക്‌സ്

താരതമ്യേന വില കുറഞ്ഞ ലാപ്‌ടോപ്പുകള്‍ വിപണിയില്‍നിന്ന് അപ്രത്യക്ഷമായിത്തുടങ്ങി എന്നത് കംപ്യൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ വിഷമിപ്പിക്കുന്ന കാര്യമായിരുന്നു. എന്തായാലും ഇന്‍ഫിനിക്‌സ് തങ്ങളുടെ ഇന്‍ബുക്ക് എക്‌സ്1 സ്ലിം മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത് വില കുറഞ്ഞ ലാപ്‌ടോപ്പുകള്‍ അന്വേഷിക്കുന്നവരെ ആകര്‍ഷിക്കാനാണ്. ശ്രേണിയുടെ വില തുടങ്ങുന്നത് 29,990 രൂപ മുതലാണ്. ഇന്റല്‍ ഐ3 മുതല്‍ ഐ7 വരെയുള്ള പ്രോസസറുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് വില്‍പന. തുടക്ക ഓഫര്‍ എന്ന നിലയില്‍ അക്‌സിസ് കാര്‍ഡ് ഉടമകള്‍ക്ക് 3,000 രൂപ വരെ കിഴിവും നല്‍കും.

പുതിയ ലാപ്‌ടോപ്പുകളുടെ സ്‌ക്രീന്‍ വലുപ്പം 14 ഇഞ്ചാണ്. ഫുള്‍എച്ഡി റെസലൂഷന്‍ ഡിസ്‌പ്ലേയുണ്ട്. ഇന്റേണൽ എസ്എസ്ഡിയുടെ സംഭരണശേഷി 256 ജിബി മുതല്‍ 512 ജിബി വരെയാണ്. റാം 16 ജിബി വരെയാണ്. വിന്‍ഡോസ് 11 ഹോമിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. മിക്ക പോര്‍ട്ടുകളും കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട്. ലാപ്‌ടോപ്പിന് 50Wh ബാറ്ററിയും, 65w ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഉണ്ട്. എച്ഡി വെബ്ക്യാമിന്, ഇരട്ട സ്റ്റാര്‍ ലൈറ്റ് ക്യാമറ ആണ് ഉപയോഗിച്ചിരിക്കുന്നത്. വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ വച്ചു നടത്തുന്ന വിഡിയോ കോളുകള്‍ക്ക് ഉപകരിക്കുന്ന രീതിയിലാണ് ഇത് പിടിപ്പിച്ചിരിക്കുന്നത്. സൂം മീറ്റിങ്ങുകള്‍ക്കും മറ്റും പ്രയോജനപ്രദമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്റൽ 10 തലമുറയിലെ പ്രോസസറുകളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് ചിലരെ സംബന്ധിച്ച് ഒരു കുറവായി തോന്നാം. ഏറ്റവും കൂടിയ ഐ 7 മോഡലിന്റെ വില 49,990 രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here