കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി

0

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയിൽ ഇന്ത്യൻ സർക്കാർ ക്ഷമാപണം നടത്തണമെന്ന ഖത്തറിന്റെ നിലപാടിനു പിന്നാലെയാണ് മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയത്. നരേന്ദ്ര മോദിയുടെ എട്ടുവർഷത്തെ ഭരണത്തിനിടയിൽ ഭാരതമാതാവിന് അപമാന ഭാരത്താൽ തലകുനിക്കേണ്ടി വന്നുവെന്നും സുബ്രഹ്മണ്യൻ സ്വാമി പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു സ്വാമിയുടെ പ്രതികരണം.

ചൈനയ്ക്ക് മുമ്പിൽ ലഡാക്കിലും യുഎസിനു മുൻപിൽ ക്വാഡ് കൂട്ടായ്‍മയിലും യുക്രെയ്‍ൻ അധിനിവേശത്തിൽ റഷ്യയ്ക്കു മുൻപിലും കീഴടങ്ങിയ നരേന്ദ്ര മോദി സർക്കാർ ഖത്തർ പോലെയുള്ള കുഞ്ഞൻ രാജ്യങ്ങൾക്കു മുൻപിലും സാഷ്‌ടാംഗം പ്രണമിക്കുകയാണെന്നു സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്‍തു. ഇന്ത്യയുടെ വിദേശനയത്തിന്റെ പാപ്പരത്തമാണ് ഇതെന്നും അദ്ദേഹം തുറന്നടിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തർ സന്ദർശനത്തിനിടെയാണു സ്ഥാനപതിയെ ഖത്തർ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. പരാമർശം നടത്തിയവർക്കെതിരെയുള്ള അച്ചടക്കനടപടിയെ സ്വാഗതം ചെയ്തെങ്കിലും ഇന്ത്യൻ സർക്കാർ ക്ഷമാപണം നടത്തണമെന്നു ഖത്തർ ആവശ്യപ്പെടുകയായിരുന്നു. ടിവി ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് പ്രവാചകനെ നിന്ദിച്ചുവെന്നാരോപിച്ചു ബിജെപി വക്താവ് നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ഡൽഹി ഘടകം മാധ്യമ വിഭാഗം ചുമതലക്കാരൻ നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്‌തിരുന്നു.

ഇത്തരം പ്രസ്താവനകൾ തീവ്രവാദവും വിദ്വേഷവും വർധിപ്പിക്കാൻ കാരണമാകുന്നും ഇന്ത്യ മാപ്പ് പറയുകയാണ് വേണ്ടതെന്ന് ഖത്തർ പരസ്യ നിലപാട് എടുത്തതിനു പിന്നാലെയാണ് കേന്ദ്രനയത്തെ വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയത്. ബിജെപി നേതാക്കളുടെ വിവാദ പരാമർശത്തിൽ ഖത്തർ പോലെയുള്ള രാജ്യങ്ങളോട് എന്തിനാണ് ഇന്ത്യ മാപ്പ് പറയുന്നതെന്ന് തെലങ്കാന വ്യവസായമന്ത്രി കെ.ടി. രാമറാവുവും ചോദിച്ചു. രാജ്യത്ത് വിദേഷവും വെറുപ്പും അനുദിനം പ്രചരിപ്പിക്കുന്നതിൽ ബിജെപി രാജ്യത്തെ ജനങ്ങളോടാണ് മാപ്പു പറയേണ്ടതെന്നു കെ.ടി. രാമറാവു പറഞ്ഞു.

നൂപുറിന്റെ പരാമർശത്തിനെതിരെ കഴിഞ്ഞ വെള്ളിയാഴ്ച കാൻപുരിലെ പരേഡ് ചൗക്ക്, നയിസഡക്, യതീം ഖാന എന്നിവിടങ്ങളിലുണ്ടായ പ്രതിഷേധമാണു രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു നൂപുറിന്റെ വിവാദ പരാ‍മർശം. അതിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനാണു നവീനെതിരായ നടപടി. പ്രവാചകനെതിരായ പരാമർശം ഗൾഫ് രാജ്യങ്ങളിൽ കനത്ത പ്രതിഷേധത്തിനിടയാക്കി. ഇന്ത്യൻ ഉൽപന്നങ്ങൾക്കു ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തണമെന്നു സമൂഹമാധ്യമങ്ങളിൽ ആവശ്യമുയരുകയും ചെയ്തു.
അതേസമയം, നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരേ വിവാദപരാമർശം നടത്തിയതിൽ പ്രതിഷേധവുമായി കൂടുതൽ ഇസ്ലാമിക രാജ്യങ്ങൾ രംഗത്തെത്തി. അതിനിടെ പ്രസ്താവനകളിൽ കരുതൽ എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിലപാട് എടുത്തു. ഖുറാനിലെ വസ്തുതയാണ് നൂപുർ ശർമ്മ പറഞ്ഞതെന്നും അവരെ ഒറ്റപ്പെടുത്തേണ്ടതില്ലെന്ന നിലപാടുമായി സൈബർ ലോകത്തെ പരിവാറുകാരും രംഗത്തു വന്നിട്ടുണ്ട്. നൂപുർ ശർമ്മയെ പുറത്താക്കിയ നടപടിയിൽ അവർ പ്രതിഷേധത്തിലുമാണ്. ഇതിനിടെയാണ് അന്താരാഷ്ട്ര സമ്മർദ്ദം ഇന്ത്യയ്ക്ക് മേൽ കടുക്കുന്നത്.

ഖത്തറിനും കുവൈത്തിനും ഇറാനും പുറമെ പ്രസ്താവനയെ സൗദി അറേബ്യയും അപലപിച്ചു. നൂപുർ ശർമയുടെ പ്രസ്താവന അധിക്ഷേപകരമെന്ന് വിശേഷിപ്പിച്ച സൗദി അറേബ്യ മതങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം വേണമെന്നും ആവശ്യപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന ഇറക്കിയത്. ഇതും ഇന്ത്യക്ക് തിരിച്ചടിയാണ്. ഇന്ത്യൻ ഉൽപ്പനങ്ങൾ ഗൾഫ് രാജ്യങ്ങൾ ബഹിഷ്‌കരിക്കുമെന്നും സൂചനയുണ്ട്. ഇതിനിടെയാണ് പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും വിമർശിക്കുന്ന തരത്തിൽ പരിവാറുകാരും സോഷ്യൽ മീഡിയയിൽ എത്തുന്നത്. നൂപുർ ശർമ്മയെ ബിജെപി പുറത്താക്കിയത് ശരിയല്ലെന്ന് ഇവർ പറയുന്നു.
അതിനിടെ വിവാദ പരാമർശങ്ങളെ തുടർന്ന് ഖത്തർ, കുവൈത്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ സ്ഥാനപതികളെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉത്പന്നങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രചാരണങ്ങളും നടക്കുന്നുണ്ട്. മുഹമ്മദ് നബിക്കെതിരേയുള്ള പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് ദേശീയവക്താവ് നൂപുർ ശർമയെയും പാർട്ടിയുടെ ഡൽഹി ഘടകത്തിന്റെ മാധ്യമവിഭാഗം മേധാവി നവീൻ ജിൻഡലിനെയും ബിജെപി. പ്രാഥമികാംഗത്വത്തിൽനിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും ഇടപെടലിനെ തുടർന്നാണ് ഇത്. ഇതിന് ശേഷവും ഗൾഫ് രാജ്യങ്ങൾ പ്രതിഷേധത്തിലാണ്. നബിയെ അപമാനിച്ചവരെ ജയിലിൽ അടയ്ക്കണമെന്നാണ് നൂപുറിനെ എതിർക്കുന്നവരുടെ നിലപാട്.
ഗ്യാൻവാപി വിഷയത്തിൽ ചാനൽ ചർച്ചയിലായിരുന്നു നൂപുറിന്റെ വിവാദപരാമർശം. ഇതേച്ചൊല്ലിയാണ് വെള്ളിയാഴ്ച യു.പി.യിലെ കാൻപുരിൽ വൻ സംഘർഷമുണ്ടായത്. ഹൈന്ദവ ദൈവങ്ങളെ താരതമ്യം ചെയ്തു ഒരാൾ നടത്തിയ പരാമർശം നൂപുറിനെ ചൊടിപ്പിച്ചു. ഇതിനിടെയാണ് നബിക്കെതിരെ നൂപുർ പരമാർശം നടത്തിയത്. ഇതാണ് ബിജെപിയെ വെട്ടിലാക്കിയത്. അതിനിടെ വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. വെറുപ്പ് വിദ്വേഷം മാത്രമേ വളർത്തൂ. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയൂ – രാഹുൽ ഗാന്ധി പ്രതികരിച്ചു. ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ രീതി കാരണം രാജ്യത്തെ എല്ലാ മതേതര പൗരന്മാരും ലജ്ജിച്ച് തലതാഴ്‌ത്തേണ്ട അവസ്ഥയിലാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. ഇപ്പോൾ പ്രവാസി ഇന്ത്യക്കാരും അതിനിരയായിരിക്കുകയാണ്. നാട്ടിൽ മതഭ്രാന്ത് പ്രകടിപ്പിക്കുന്നവർ വിദേശത്തെ അനന്തരഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും തരൂർ മുന്നറിയിപ്പ് നൽകി. പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ശരീഫും അപലപിച്ചു.
മോദിക്ക് കീഴിൽ ഇന്ത്യയിൽ മതസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുകയും മുസ്ലീങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആവർത്തിച്ച് പറഞ്ഞ പാക് പ്രധാനമന്ത്രി ലോകം ഇന്ത്യയെ കഠിനമായി ശാസിക്കണമെന്നും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here