വാഹനാപകടത്തിൽ പരിക്കേറ്റ ബിജെപി നേതാവ് ശങ്കു ടി ദാസിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു

0

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ ബിജെപി നേതാവ് ശങ്കു ടി ദാസിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. കരളിലെ രക്തസ്രാവം നിയന്ത്രിച്ചെങ്കിലും ആരോഗ്യം പൂർണ്ണമായും വീണ്ടെടുത്തില്ല. ഡയാലിസിസിനുള്ള ശ്രമങ്ങളും ഇന്നലെ രാത്രി വിജയിച്ചില്ല. രക്തസമ്മർദ്ദം സ്ഥിരമാകാത്തതും ശങ്കു ടി ദാസിന്റെ ആരോഗ്യ നിലയെ ആശങ്കപ്പെടുത്തുന്നു. ഇനിയുള്ള 24 മണിക്കൂർ ഏറെ നിർണ്ണായകമാണ്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ശങ്കു ചികിൽസയിലുള്ളത്.

അതിനിടെ ശങ്കുവിന്റെ ആരോഗ്യനിലയെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരണവുമായി എത്തി. വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മിംസിൽ ചികിത്സയിൽ കഴിയുന്ന പ്രിയ സഹപ്രവർത്തകൻ ശങ്കുവിന്റെ ആരോഗ്യനില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ കാലത്തുമുതൽ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും ആശുപത്രി അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു.

സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നാണ് ഇന്നു കാലത്തും ഡോക്ടർമാർ പറയുന്നത്. അദ്ദേഹം എത്രയും വേഗം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരാൻ എല്ലാവരുടേയും പ്രാർത്ഥനകളുണ്ടാവണം…-എന്ന് സുരേന്ദ്രൻ ഫെയ്‌സ് ബുക്കിൽ കുറിച്ചു. ശങ്കുവിന്റെ അപകടത്തെ പറ്റിയുള്ള ദുരൂഹതയും മാറിയിട്ടില്ല. ജന്മഭൂമി പത്രം അടക്കം ദുരൂഹത ആരോപിച്ചിരുന്നു.

വ്യാഴാഴ്‌ച്ച രാത്രി 11 മണിയോടെ തിരൂർ ചരമവട്ടം പാലത്തിനു സമീപമാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസിനെ കോട്ടക്കൽ മിംസിൽ പ്രവേശിപ്പിച്ചു. ശേഷം വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട്മിംസിലെത്തിച്ചു. ശങ്കു ടി ദാസ് ബാർ കൗൺസിൽ അംഗവും തൃത്താലയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്നു. ഹിന്ദുത്വ വിഷയത്തിലെ ഇടപെടലുകളാണ് ശങ്കുവിനെ പൊതു സമൂഹത്തിൽ ശ്രദ്ധേയനാക്കിയത്. ശബരിമല വിഷയത്തിൽ അടക്കം സജീവ ഇടപെടൽ നടത്തി.

ആസൂത്രിത അപകടമാണെന്ന് ആരോപിച്ച് മുൻ ഡിജിപി ടി.പി സെൻകുമാർ അടക്കം രംഗത്ത് വന്നിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സെൻകുമാർ ആവശ്യപ്പെട്ടിരുന്നു. ഫെയ്‌സ് ബുക്കിലാണ് സെൻകുമാറും കുറിപ്പിട്ടത്. ഇതെല്ലാം അപകടത്തിൽ ദുരൂഹതയുണ്ടെന്നതിന്റെ സൂചനകളാണ് ചർച്ചയാക്കുന്നത്. എന്നാൽ അപകടത്തിലെ ദുരൂഹതാ വാദമെല്ലാം ബിജെപി വക്താവ് സന്ദീപ് വാചസ്പതി തന്നെ തള്ളി കളഞ്ഞിരുന്നു.

ദുരൂഹതാ തിയറിയുടെ ഉപജ്ഞാതാക്കളോടാണ്. എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്. ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം. ഒപ്പം അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണം. പുറത്തിറങ്ങി സാമൂഹ്യ പ്രവർത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാൻ പോകുന്നവരാണെന്ന സന്ദേശം സമാജത്തിൽ നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുക എന്ന് ഫേസ്‌ബുക്കിൽ കുറിച്ചത് സന്ദീപ് വാചസ്പതിയാണ്.

ശങ്കുവിന് അപകടം പറ്റി എന്നത് യാഥാർഥ്യമാണ്. നിലവിൽ ഒരു ദുരൂഹതയും അതിൽ ആരോപിക്കാനില്ല. വാഹനാപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ആണ് ഇത്. സ്‌ക്രീനിൽ വലത് നിന്ന് ഇടത്തേക്ക് ആണ് ശങ്കുവിന്റെ ബൈക്ക് പോകുന്നത്. വാഹനം നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കിൽ ഇടിക്കുന്നതായാണ് മനസിലാകുന്നത്. അതിനപ്പുറം ഒന്നും കാണാനില്ല. മറിച്ചൊരു നിഗമനത്തിൽ എത്തണമെങ്കിൽ ശങ്കുവിന് ബോധം തെളിയണം. അപകടത്തെ തുടർന്ന് അരമണിക്കൂർ ചോര വാർന്ന് റോഡിൽ കിടന്നു എന്നൊക്കെ ഉള്ളത് മറുനാടന്റെ ഭാവന മാത്രമാണ്. അതും ചികിത്സ വേണ്ട മറ്റൊരു മനോഭാവമാണ്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ അരകിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇപ്പൊ കോഴിക്കോട് മിംസ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു. ഇതാണ് യാഥാർഥ്യം. ഇപ്പൊ വേണ്ടത് ദുരൂഹത തിയറി അല്ല, പ്രാർത്ഥനയാണ്. ആത്മവിശ്വാസമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here