രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ. നേതൃത്വത്തെ സിപിഎം. എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി

0

രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ. നേതൃത്വത്തെ സിപിഎം. എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെയാണ് സിപിഎം. നേതൃത്വം വിളിച്ചുവരുത്തിയത്. വയനാട്ടിലെ സംഭവത്തിൽ എസ്.എഫ്.ഐ.യിൽനിന്ന് വിശദീകരണം തേടാൻ സിപിഎം. കഴിഞ്ഞദിവസം തന്നെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുനേതാക്കളെയും ശനിയാഴ്ച രാവിലെ എ.കെ.ജി. സെന്ററിലേക്ക് വിളിച്ചുവരുത്തിയത്.

അതേസമയം, വയനാട്ടിലെ അക്രമസംഭവത്തിൽ തെറ്റുകാർക്കെതിരേ നടപടിയുണ്ടാകുമെന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ അനുവാദത്തോടെയല്ല എസ്.എഫ്.ഐ. പ്രവർത്തകർ മാർച്ച് നടത്തിയത്. ബഫർസോൺ വിഷയത്തിൽ എസ്.എഫ്.ഐ ഇടപെടും. എന്നാൽ അക്കാര്യത്തിൽ എംപി.യുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയതിൽ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ നിർദേശമോ അനുവാദമോ ഇല്ലാതെ നടത്തിയ മാർച്ചായിരുന്നു. അതിന്റെ ഭാഗമായി അനിഷ്ട സംഭവങ്ങളും ഉണ്ടായി. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. അതിനെ ഇന്നലെ തന്നെ എസ്.എഫ്.ഐ. ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. എന്താണ് അവിടെ സംഭവിച്ചതെന്ന് പരിശോധിച്ച് തെറ്റുകാർക്കെതിരേ നടപടിയെടുക്കുമെന്നും വി.പി. സാനു കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന പ്രതിഷേധത്തെ കഴിഞ്ഞ ദിവസം രാത്രി തന്നെ എസ്.എഫ്.ഐ നേതൃത്വം തള്ളിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി വി.പി സാനു രംഗത്തെത്തുന്നത്.

വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ മാർച്ചുമായി രാഹുലിന്റെ ഓഫീസിലേക്ക് എത്തിയത്. തുടർന്ന് എംപിയുടെ ഓഫീസ് തല്ലിതകർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ 23 എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൽപ്പറ്റ ഡി.വൈ.എസ്‌പിയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആക്രമണത്തെ സിപിഎം കേന്ദ്രനേതൃത്വം ഉൾപ്പടെ തള്ളിപ്പറയുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here