പോലീസ്‌ ഉദ്യോഗസ്‌ഥന്റെ കൈവിരല്‍ കടിച്ചുമുറിച്ച കേസില്‍ യുവാവിന്‌ ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ

0

അമ്പലപ്പുഴ: പോലീസ്‌ ഉദ്യോഗസ്‌ഥന്റെ കൈവിരല്‍ കടിച്ചുമുറിച്ച കേസില്‍ യുവാവിന്‌ ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ കാക്കാഴം കമ്പിവളപ്പ്‌ വീട്ടില്‍ കണ്ണനെ(33)യാണ്‌ ആലപ്പുഴ ജില്ലാ സെഷന്‍സ്‌ കോടതി ശിക്ഷിച്ചത്‌.
2017 മാര്‍ച്ച്‌ 16-നായിരുന്നു കേസിനാസ്‌പദമായ സംഭവം. പോലീസ്‌ സ്‌റ്റേഷനില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതു തടഞ്ഞ സി.പി.ഒ. കിഷോര്‍ കുമാറിന്റെ കൈവിരല്‍ പ്രതി കടിച്ചുമുറിച്ചെടുക്കുകയായിരുന്നു.
15 ന്‌ രാത്രി കണ്ണന്‍ തന്റെ ഭാര്യാമാതാവ്‌ സന്ധ്യയുടെ വീട്ടിലെത്തി ബഹളം വയ്‌ക്കുകയും ഒരു ലക്ഷം രൂപയും ഭാര്യാസഹോദരന്റെ ബൈക്കും കൈക്കലാക്കി തന്റെ നാലു വയസുള്ള മകളുമായി പോവുകയായിരുന്നു. തുടര്‍ന്ന്‌ സന്ധ്യ രാത്രിയില്‍ത്തന്നെ അമ്പലപ്പുഴ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. കണ്ണനെ പോലീസ്‌ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്‌ കണ്ണന്‍ എത്തിയാല്‍ സ്‌റ്റേഷനില്‍ വരണമെന്നു വീട്ടുകാരോടു നിര്‍ദേശിച്ച്‌ പോലീസ്‌ മടങ്ങി. പുലര്‍ച്ചെ രണ്ടോടെ മദ്യപിച്ച്‌ സ്‌റ്റേഷനിലെത്തിയ കണ്ണനെ പോലീസുകാര്‍ ലോക്കപ്പിനു സമീപമിരുത്തി. രാവിലെ ഏഴോടെ സ്‌റ്റേഷനില്‍നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിച്ച കണ്ണനെ സി.പി.ഒ. കിഷോര്‍ കുമാര്‍ പിന്തുടര്‍ന്ന്‌ പിടികൂടി. ഇതിനിടയില്‍ കണ്ണന്‍ കിഷോറിന്റെ വലതുകൈയുടെ മോതിരവിരല്‍ കടിച്ചു പറിച്ചെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here