മണിച്ചന്‍ ഉള്‍പ്പെടെയുള്ള 33 തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട ഫയല്‍ കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ സര്‍ക്കാരിന്‌ തിരിച്ചയച്ചു

0

തിരുവനന്തപുരം : കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചന്‍ ഉള്‍പ്പെടെയുള്ള 33 തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട ഫയല്‍ കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ സര്‍ക്കാരിന്‌ തിരിച്ചയച്ചു. ഇതുമായി ബന്ധപ്പെട്ട്‌ മന്ത്രിസഭായോഗം തീരുമാനമെടുത്ത്‌ ഫയല്‍ രണ്ടാഴ്‌ചയ്‌ക്ക്‌ മുമ്പാണ്‌ രാജ്‌ഭവനിലേക്കയച്ചത്‌. സ്‌ഥലത്തില്ലാതിരുന്ന ഗവര്‍ണര്‍ മടങ്ങിയെത്തിയ ശേഷം നടത്തിയ പരിശോധനയ്‌ക്കു ശേഷമാണ്‌ കൂടുതല്‍ വിശദീകരണം തേടി മുഖ്യമന്ത്രിക്ക്‌ ഫയല്‍ മടക്കിയത്‌.
ശിക്ഷാ കാലയളവ്‌ കഴിഞ്ഞ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട്‌ റിട്ടയേര്‍ഡ്‌ ജഡ്‌ജി അദ്ധ്യക്ഷനായ ജയില്‍ ഉപദേശകസമിതി നിലനില്‍ക്കേ സമിതിയെ ഒഴിവാക്കി ചീഫ്‌സെക്രട്ടറിതല റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ തടവുകാരുടെ മോചനഫയല്‍ തയാറാക്കിയതിലാണ്‌ ഗവര്‍ണര്‍ കൂടുതല്‍ വ്യക്‌തത തേടിയതെന്നാണ്‌ വിവരം. സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ നിയമപരമായ സാധുതയെപ്പറ്റി വിശദീകരണം ആരാഞ്ഞതായും സൂചനയുണ്ട്‌.
ശിക്ഷാ കാലാവധി കഴിഞ്ഞ 67 തടവുകാരെ മോചിപ്പിക്കാനുള്ള ശിപാര്‍ശയായിരുന്നു ആദ്യം സര്‍ക്കാരിന്‌ ലഭിച്ചിരുന്നത്‌. പിന്നീട്‌ ചീഫ്‌ സെക്രട്ടറിതല സമിതി പരിശോധിച്ച്‌ പട്ടിക 33 ആക്കി ചുരുക്കുകയായിരുന്നു. ഇതില്‍ അനര്‍ഹര്‍ കടന്നുകൂടിയോ, അര്‍ഹതപ്പെട്ട ആരെങ്കിലും ഒഴിവാക്കപ്പെട്ടോ തുടങ്ങിയ കാര്യങ്ങളിലും ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്‌.
മണിച്ചന്റെ മോചനത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം എടുക്കാന്‍ ഈ മാസം 20ന്‌ സംസ്‌ഥാനത്തിന്‌ സുപ്രീംകോടതി നിര്‍ദ്ദേശവും നല്‍കിയിരുന്നു. രാജീവ്‌ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന പേരറിവാളന്റെ മോചനം സംബന്ധിച്ച്‌ സുപ്രീംകോടതി വിധി കൂടി കണക്കിലെടുത്താകണം തീരുമാനമെന്ന്‌ ജസ്‌റ്റിസ്‌ എ.എം. ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച്‌ നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിസഭയുടെ തീരുമാനത്തില്‍ നടപടിയെടുക്കാതെ ഗവര്‍ണര്‍ വൈകിപ്പിച്ചപ്പോഴാണ്‌ സുപ്രീംകോടതി ഇടപെട്ട്‌ പേരറിവാളനെ മോചിപ്പിച്ചത്‌. മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാന സര്‍ക്കാര്‍ കൈമാറിയ ഇ-ഫയല്‍ പരിശോധിച്ച ശേഷമായിരുന്നു സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതും. ഉത്തരവ്‌ നടപ്പാക്കാന്‍ അടുത്തമാസം 20 വരെ സമയമുളള സാഹചര്യത്തില്‍ കൂടിയാണ്‌ ഗവര്‍ണറുടെ വിശദീകരണം തേടല്‍.
മില്‍മ ഭരണസമിതിയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശം അനുവദിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ്‌, പൊതുമേഖലാ സ്‌ഥാപനങ്ങളിലെ നിയമനത്തിന്‌ പ്രത്യേക റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ രൂപീകരിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ്‌ എന്നിവയില്‍ ഗവര്‍ണര്‍ ഇന്നലെ തീരുമാനമെടുത്തിട്ടില്ല. മില്‍മ ഭരണം കോണ്‍ഗ്രസില്‍ നിന്ന്‌ പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌ ഓര്‍ഡിനന്‍സെന്ന്‌ പ്രതിപക്ഷം ആക്ഷേപമുയര്‍ത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here