യുവനടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിലുള്ള നടനും നിർമ്മാതാവുമായ വിജയ് ബാബു തിരിച്ചു എത്തിയാൽ ഉടൻ അറസ്റ്റു ചെയ്യാൻ പൊലീസ്

0

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിലുള്ള നടനും നിർമ്മാതാവുമായ വിജയ് ബാബു തിരിച്ചു എത്തിയാൽ ഉടൻ അറസ്റ്റു ചെയ്യാൻ പൊലീസ്. അതിനിടെ വിജയ് ബാബുവിന്് ക്രെഡിറ്റ് കാർഡുകൾ എത്തിച്ചുനൽകിയ യുവനടനെ ചോദ്യം ചെയ്യും. ഉപതിരഞ്ഞെടുപ്പിന് ശേഷമാകും കൂടുതൽ ചോദ്യം ചെയ്യൽ. വിജയ് ബാബുവിന്റെ ദുബായിലെ ഒളിത്താവളം കണ്ടെത്താനാണ് ഇത്. അതിനിടെ വിജയ് ബാബു ഉടൻ നാട്ടിലെത്തില്ലെന്നും സൂചനയുണ്ട്.

30-ന് നാട്ടിലെത്തുമെന്നാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചതെങ്കിലും വിമാന ടിക്കറ്റ് റദ്ദാക്കി യാത്ര നീട്ടിവയ്ക്കുമോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. യുവനടനെ കൂടാതെ മറ്റു ചിലരും വിജയ് ബാബുവിന് സഹായം എത്തിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയെല്ലാം അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും. വിജയ് ബാബുവിന്റെ സുഹൃത്തായ നടിയേയും ചോദ്യം ചെയ്യും. വിവാഹ മോചിതായായ ഇവർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

ദുബായിൽ ഒരുമാസത്തോളമായി ഒളിവിലുള്ള വിജയ് ബാബു കൈയിലുള്ള പണം തീർന്നതിനെ തുടർന്ന് ക്രെഡിറ്റ് കാർഡുകൾ കൈമാറാൻ സുഹൃത്തായ നടനോട് ആവശ്യപ്പെടുകയായിരുന്നു. കൊടുങ്ങല്ലൂരിലെ സിനിമാ ലൊക്കേഷനിലായിരുന്ന നടന് വിജയ് ബാബുവിന്റെ അടുത്ത ബന്ധു കാർഡ് എത്തിച്ച് നൽകുകയായിരുന്നു. തുടർന്ന് നടൻ ദുബായിലെത്തിയാണ് കാർഡുകൾ കൈമാറിയത്. കേസിൽ മുൻകൂർജാമ്യം ലഭിക്കുന്നതുവരെ വിദേശത്ത് തുടരാനാണ് വിജയ് ബാബുവിന്റെ നീക്കം. വിജയ് ബാബുവിനെ ദുബായിലേക്ക് കടക്കാനും ഈ നടൻ സഹായിച്ചതായി സൂചനയുണ്ട്.

വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണത്തിലാണെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. യാത്രാരേഖകൾ ഇല്ലാത്തതിനാൽ ദുബായ് പൊലീസിന്റെ സഹകരണത്തോടെ ഇന്റർപോളിനു വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാമെങ്കിലും ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണമുള്ളതിനാൽ അതിനു കഴിഞ്ഞിട്ടില്ലെന്നാണു സൂചന. 30നു നാട്ടിലെത്തുമെന്നാണു വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചതെങ്കിലും വിമാന ടിക്കറ്റ് റദ്ദാക്കി യാത്ര നീട്ടിവയ്ക്കാനാണു നീക്കമെന്നു പൊലീസിനു സംശയമുണ്ട്.

വിജയ് ബാബു കേസ് രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് നടിയുടെ അമ്മയെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. തുടർന്നു ഹൈക്കോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
കേസെടുക്കുമെന്ന് അറിഞ്ഞു കൊണ്ടാണു വിദേശത്തേക്കു കടന്നത്. താൻ വിദേശത്താണെന്നുള്ള വിവരം മുൻകൂർ ജാമ്യാപേക്ഷയിൽ മറച്ചുവച്ചിരിക്കുകയാണ്. പ്രതി അതിജീവിതയുടെ പേര് വെളിപ്പെടുത്തി. വിദേശത്തുള്ളയാളുടെ മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നും അഡീഷനൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് പറഞ്ഞു. എന്നാൽ ഉപഹർജിയിൽ താൻ വിദേശത്താണെന്നതടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിജയ് ബാബുവിനു വേണ്ടി ഹാജരായ അഡ്വ.എസ്.രാജീവ് വാദിച്ചു.

ഏപ്രിൽ 22നാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിനു മുൻപ് കേരളത്തിൽനിന്നു പോയിരുന്നു. ഈദ് അവധിക്കു മുൻപ് ദുബായ് ഗോൾഡൻ വീസയുമായി ബന്ധപ്പെട്ട പേപ്പറുകൾ ശരിയാക്കേണ്ടതുണ്ടായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതതും നടപടികൾ ആരംഭിച്ചതും ഇന്ത്യയിൽനിന്നു പോയതിനുശേഷമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി രേഖകൾ നൽകുമെന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here