രാജ്യത്തിന്റെ ഇന്നത്തെ രാഷ്‌ട്രിയാവസ്‌ഥയില്‍ ഒറ്റയ്‌ക്ക്‌ അധികാരം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനാകുമെന്ന്‌ കരുതാനുള്ള മൗഢ്യമൊന്നും തനിക്കില്ലെന്ന്‌ എ.കെ. ആന്റണി

0

തിരുവനന്തപുരം: രാജ്യത്തിന്റെ ഇന്നത്തെ രാഷ്‌്രടീയാവസ്‌ഥയില്‍ ഒറ്റയ്‌ക്ക്‌ അധികാരം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനാകുമെന്ന്‌ കരുതാനുള്ള മൗഢ്യമൊന്നും തനിക്കില്ലെന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി അംഗവും മുതിര്‍ന്ന നേതാവുമായ എ.കെ. ആന്റണി പറഞ്ഞു. ഐ.എന്‍.ടി.യു.സി. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ കോവളം ഉദയസമുദ്ര ഹോട്ടലിലെ പ്രത്യേകവേദിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താനൊരു യാഥാര്‍ഥ്യവാദിയാണ്‌. ഇന്ത്യയിലെ ഏത്‌ ഗ്രാമത്തില്‍ ചെന്നാലും കോണ്‍ഗ്രസിന്‌ 5- 10 പ്രവര്‍ത്തകരെയെങ്കിലും കുറഞ്ഞത്‌ കണ്ടെത്താനുണ്ടാവും. എന്നാല്‍ ഇതുകൊണ്ട്‌ മാത്രം രാജ്യത്ത്‌ അധികാരത്തിലെത്തുക സാധ്യമാവില്ല. കോണ്‍ഗ്രസ്‌ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണു പ്രവര്‍ത്തിക്കുന്നത്‌. രാജ്യത്ത്‌ ഇന്ന്‌ അധികാരത്തിലിരിക്കുന്ന കക്ഷികളെ പരാജയപ്പെടുത്താനാവശ്യമായ രാഷ്ര്‌ടീയതന്ത്രങ്ങള്‍ രൂപപ്പെടുത്താനുള്ള സുപ്രധാനമായ ചിന്തന്‍ശിബിരത്തിന്‌ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്‌. ബി.ജെ.പി. നേതൃത്വത്തിലുള്ള ജനവിരുദ്ധ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നിറക്കാനുള്ള ചെറുതും വലുതുമായ രാഷ്ര്‌ടീയകക്ഷികളെല്ലാം ഒരുമിച്ച്‌ നീങ്ങണം. അതിന്‌ മുന്‍കൈയെടുക്കേണ്ടത്‌ കോണ്‍ഗ്രസാണ്‌.
എന്നാല്‍ ചിലയാളുകള്‍ പറയുന്നത്‌ കോണ്‍ഗ്രസ്‌ ഇല്ലാതെ ബി.ജെ.പി. സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന്‌ പുറന്തള്ളാനാകുമെന്നാണ്‌. അവരുടേത്‌ വ്യത്യസ്‌ത സമീപനമാണെന്നാണ്‌ പറയുന്നത്‌. അവരോട്‌ എന്ത്‌ പറയാനാണ്‌. ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്ന കക്ഷികളെ പുറന്തള്ളാന്‍ കോണ്‍ഗ്രസിനെ മാറ്റിനിറുത്തിയുള്ള ഒരു പ്രതിപക്ഷ ഐക്യനിരയെന്ന വാദത്തിന്റെ ഉദ്ദേശശുദ്ധിയെ ജനങ്ങള്‍ തെറ്റിദ്ധരിച്ചാല്‍ കുറ്റം പറയാനാവില്ല. അവരുടെ നിലപാട്‌ സത്യസന്ധമാണെങ്കില്‍ കോണ്‍ഗ്രസിനൊപ്പം അണിചേരണം.
കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ മുന്‍കാലങ്ങളില്‍ കൊണ്ടുവന്ന തൊഴില്‍നിയമങ്ങളെല്ലാം ഏഴ്‌ വര്‍ഷം കൊണ്ട്‌ ബി.ജെ.പി. സര്‍ക്കാര്‍ അട്ടിമറിച്ചു. തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരേ രാജ്യത്തെ തൊഴിലാളികള്‍ 24 മണിക്കൂറും 48 മണിക്കൂറുമല്ല 72 മണിക്കൂര്‍ സമരം ചെയ്‌താലും ഒരു ചര്‍ച്ചയ്‌ക്ക്‌ പോലും തയാറാവാത്ത സര്‍ക്കാരാണ്‌ രാജ്യം ഭരിക്കുന്നത്‌. പണ്ഡിറ്റ്‌ നെഹ്‌റു മുതലിങ്ങോട്ടുള്ള മുഴുവന്‍ പ്രധാനമന്ത്രിമാരും തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഐ.എന്‍.ടി.യു.സിയുടെ സമ്മര്‍ദ്ദം ഇതിനെല്ലാം പിന്നിലുണ്ടായിട്ടുണ്ട്‌. യു.പി.എ. അധികാരത്തിലിരുന്ന കാലത്തും തൊഴിലാളിപ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അവരുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ച്‌ സംഘടനയുമായി ചര്‍ച്ച ചെയ്‌ത്‌ വിഷയം പരിഹരിക്കുമായിരുന്നു. ഇന്ന്‌ ചര്‍ച്ചയില്ല.
ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ അധ്യക്ഷന്‍ ഡോ. ജി. സഞ്‌ജീവ റെഡ്‌ഢി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, രമേശ്‌ ചെന്നിത്തല, എം.പിമാരായ ശശി തരൂര്‍, എം.കെ. രാഘവന്‍, ഐ.എന്‍.ടി.യു.സി സംസ്‌ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരന്‍, എം. രാഘവയ്യ, ആര്‍.സി. കുന്ത്യ, അശോക്‌ സിങ്‌, ചന്ദ്രപ്രകാശ്‌, സഞ്‌ജയ്‌ സിങ്‌, എസ്‌.കെ.യാദവ്‌, സഞ്‌ജയ്‌ ഗാബ, അല്‍ക്ക ക്ഷത്രിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. സോണിയഗാന്ധിയുടെ ആശംസാ സന്ദേശം പാലോട്‌ രവിയും രാഹുല്‍ഗാന്ധിയുടെ ആശംസാസന്ദേശം കെ.എസ്‌. ശബരിനാഥനും വായിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here