കേരള അഭിഭാഷക ക്ഷേമനിധിയില്‍നിന്ന്‌ ഏഴരക്കോടി തട്ടിയെടുത്തെന്ന കേസില്‍ പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം നിഷേധിച്ച്‌ ഹൈക്കോടതി

0

കൊച്ചി: കേരള അഭിഭാഷക ക്ഷേമനിധിയില്‍നിന്ന്‌ ഏഴരക്കോടി തട്ടിയെടുത്തെന്ന കേസില്‍ പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം നിഷേധിച്ച്‌ ഹൈക്കോടതി. ശിക്ഷയില്‍ ഇളവു വേണമെങ്കില്‍ നിരപരാധിയെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം.
കേസ്‌ നാളെ തീര്‍പ്പാക്കാന്‍ ജസ്‌റ്റിസ്‌ കെ. ബാബു അധ്യക്ഷനായ ബെഞ്ച്‌ മാറ്റി. മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്നു വാക്കാല്‍ പറഞ്ഞ കോടതി അറസ്‌റ്റ്‌ ഒഴിവാക്കല്‍ പോലുള്ള ഇളവുകള്‍ പരിഗണിക്കുന്നതിനാണു രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്‌.
വിജിലന്‍സ്‌ അനേ്വഷിച്ച കേസ്‌ ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന്‌ സി.ബി.ഐ. ഏറ്റെടുക്കുകയായിരുന്നു. തലശേരി ബാര്‍ അസോസിയേഷന്‍ മുന്‍ ഭാരവാഹി നല്‍കിയ ഹര്‍ജിയിലായിരുന്നു ഇത്‌. ബാര്‍ കൗണ്‍സില്‍ അക്കൗണ്ടന്റ്‌ അടക്കം എട്ടു പേരാണ്‌ പ്രതികള്‍. വ്യാജരേഖ ചമച്ചാണു തുക തട്ടിയെടുത്തതെന്നാണു കണ്ടെത്തല്‍. അഴിമതി, ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ്‌ എഫ്‌.ഐ.ആര്‍.
അഡ്വക്കറ്റ്‌ വെല്‍ഫെയര്‍ സ്‌റ്റാമ്പ്‌ വ്യാജമായി അടിച്ച്‌ അഴിമതി നടത്തിയതായും ആരോപണമുണ്ട്‌. ബാര്‍ കൗണ്‍സിലിലെ അക്കൗണ്ടന്റ്‌ ചന്ദ്രന്‍, സാബു സക്കറിയ, തമിഴ്‌നാട്‌ സ്വദേശി മുത്തു എന്നിവരെ നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. അക്കൗണ്ടന്റ്‌ ജയപ്രഭ, ശ്രീകല ചന്ദ്രന്‍, ആനന്ദ്‌രാജ്‌, എ. മാര്‍ട്ടിന്‍, ധനപാലന്‍, ഫാത്തിമ, പി. രാജഗോപാല്‍ എന്നിവരാണു മുന്‍കൂര്‍ ജാമ്യത്തിന്‌ അപേക്ഷിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here