സര്‍ക്കാരും കൈയൊഴിഞ്ഞതോടെ പൊതുവിപണിയില്‍ പച്ചക്കറി വില കുതിച്ചുയരുന്നു

0

തിരുവനന്തപുരം : സര്‍ക്കാരും കൈയൊഴിഞ്ഞതോടെ പൊതുവിപണിയില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. പാചകവാതക, ഇന്ധനവിലവര്‍ധനയ്‌ക്കൊപ്പം അവശ്യവസ്‌തുക്കളുടെ വിലയിലും രണ്ടാഴ്‌ചയായി ക്രമാതീതവര്‍ധന. ബസ്‌ ചാര്‍ജ്‌, വെള്ളക്കരം വര്‍ധനയ്‌ക്കു പുറമേ രണ്ടുമാസത്തിനുള്ളില്‍ വൈദ്യുതി നിരക്കുവര്‍ധനയും ജനത്തെ കാത്തിരിക്കുന്നു.
വിപണിയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കുറഞ്ഞതോടെയാണു വിലക്കയറ്റം രൂക്ഷമായത്‌. ആഴ്‌ചകളായി ഹോട്ടികോര്‍പ്‌ വിപണനകേന്ദ്രങ്ങളില്‍ പച്ചക്കറി ലഭ്യത കുറവാണ്‌. കഴിഞ്ഞയാഴ്‌ച മിക്ക ദിവസങ്ങളിലും പച്ചക്കറി ലോഡ്‌ എത്തിയില്ല. പൊതുവിപണിയില്‍ തക്കാളിക്ക്‌ ഇന്നലെ 100 രൂപ കടന്നു. ബീന്‍സ്‌, പയര്‍, വഴുതന തുടങ്ങിയവയ്‌ക്കും വില ഇരട്ടിയായി. ഹോര്‍ട്ടികോര്‍പ്പില്‍ തക്കാളിക്ക്‌ 77 രൂപയായിരുന്നത്‌ ഇന്നലെ 80 രൂപയായി.
കാലംതെറ്റിപ്പെയ്‌ത മഴ പച്ചക്കറി ലഭ്യതയെ ബാധിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും വേനല്‍മഴ കൃഷി നശിപ്പിച്ചു. ഇന്ധനവിലവര്‍ധനയും വിലക്കയറ്റത്തിനു കാരണമാണ്‌. മാസങ്ങള്‍ക്കു മുമ്പ്‌ പച്ചക്കറിവില ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ കൃഷിയിടങ്ങളില്‍നിന്നു ഹോര്‍ട്ടികോര്‍പ്‌ നേരിട്ട്‌ സംഭരിച്ച്‌ വിതരണം ചെയ്‌താണു വിലക്കയറ്റം പിടിച്ചുനിര്‍ത്തിയത്‌. ഇപ്പോള്‍ ആ ഇടപെടലുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here