മുംബൈ: തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് പിന്നാലെ വിജയ വഴിയില്‍ തിരിച്ചെത്തി രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഐപിഎല്ലില്‍ സഞ്ജുവും സംഘവും പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് അടിച്ചെടുത്തു. രാജസ്ഥാന്‍ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്ത് വിജയം ഉറപ്പാക്കുകയായിരുന്നു.
അവസാന ഓവറില്‍ രാജസ്ഥാന് ആറ് പന്തില്‍ എട്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. രാഹുല്‍ ചഹര്‍ എറിഞ്ഞ ആദ്യ പന്ത് വൈഡായി. ഇതോടെ ലക്ഷ്യം ആറ് പന്തില്‍ ഏഴ്. അടുത്ത പന്ത് സിക്‌സിന് തൂക്കി ഹെറ്റ്‌മെയര്‍ സമ്മര്‍ദ്ദം കുറിച്ചു. പിന്നാലെ ഒരു സിംഗിള്‍ കൂടി എടുത്ത് വിജയം ഉറപ്പാക്കി. 16 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 31 റണ്‍സെടുത്ത് ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ രാജസ്ഥാനെ വിജയ തീരത്തെത്തിച്ചു. റിയാന്‍ പരാഗ് റണ്ണൊന്നുമെടുക്കാതെ ഹെറ്റ്‌മെയര്‍ക്കൊപ്പം പുറത്താകാതെ നിന്നു.
ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ മിന്നും അര്‍ധ ശതകമാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്. രാജസ്ഥാനായി ബാറ്റിങിന് ഇറങ്ങിയ എല്ലാവരും മികച്ച ബാറ്റിങുമായി കളം നിറഞ്ഞതോടെ കളിയുടെ ഒരു ഘട്ടത്തിലും പഞ്ചാബിന് വിജയ പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിക്കാതെ പോയി.
യശസ്വി ജയ്‌സ്വാള്‍ 41 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറുകളും രണ്ട് സിക്‌സും സഹിതം 68 റണ്‍സാണ് യശസ്വി കണ്ടെത്തിയത്. ജോസ് ബട്‌ലര്‍ 16 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 30 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 12 പന്തില്‍ നാല് ഫോറുകള്‍ സഹിതം 23 റണ്‍സ് വാരി. ദേവ്ദത്ത് പടിക്കല്‍ 32 പന്തില്‍ 31 റണ്‍സെടുത്തു.
പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. റബാഡ, റിഷി ധവാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ബെയര്‍സ്റ്റോയുടെ അര്‍ധ ശതകത്തിന്റെ കരുത്തിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ജിതേഷ് ശര്‍മയുടെ മിന്നല്‍ ബാറ്റിങും പഞ്ചാബിന് തുണയായി.
40 പന്തില്‍ നിന്നാണ് ബെയര്‍സ്റ്റോ 8 ഫോറും ഒരു സിക്സും സഹിതം 56 റണ്‍സ് കണ്ടെത്തിയത്. ശിഖര്‍ ധവാന്‍ 12 റണ്‍സ് മാത്രം എടുത്ത് മടങ്ങി. 18 പന്തില്‍ നിന്ന് 4 ഫോറും രണ്ട് സിക്സും അടിച്ച ജിതേഷ് ശര്‍മയുടെ 38 റണ്‍സ് കണ്ടെത്തിയ ഇന്നിങ്സും പഞ്ചാബിനെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. ലിവിങ്സ്റ്റണ്‍ 22 റണ്‍സ് എടുത്ത് മടങ്ങി.
റോയല്‍സിനായി ചഹല്‍ നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. റബാഡ ഉള്‍പ്പെടുന്ന പഞ്ചാബ് ബൗളര്‍മാരെ അതിജീവിച്ച് ചെയ്സ് ചെയ്യുക രാജസ്ഥാന് വെല്ലുവിളിയാണ്.
ദേവ്ദത്ത് പടിക്കലിനെ മധ്യനിരയിലേക്ക് മാറ്റി പകരം യശസ്വി ജയ്സ്വാള്‍ ആണ് ബട്ട്ലറിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. സീസണിന്റെ തുടക്കത്തില്‍ ഓപ്പണിങ്ങില്‍ ലഭിച്ച അവസരം മുതലെടുക്കാന്‍ യശസ്വിക്ക് കഴിഞ്ഞിരുന്നില്ല.