തൃക്കാക്കരയിൽ ഇടതിനായി കെ എസ് അരുൺകുമാർ; എൽഡിഎഫ് സ്ഥാനാർഥിയെ തീരുമാനിച്ചത് ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗത്തിൽ

0

കൊച്ചി: തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി കെ എസ് അരുൺകുമാർ മത്സരിക്കും. സ്ഥാനാർത്ഥിയെ തീരുമാനിക്കാനായി ചേർന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ, മന്ത്രി പി രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് എന്നിവർ യോഗത്തിൽ സംബന്ധിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങുന്ന അരുൺകുമാർ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ഹൈക്കോടതിയിലെ അഭിഭാഷകനും ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റുമാണ് നിലവിൽ അരുൺകുമാർ. നേരത്തെ പ്രധാനമായും പരിഗണിച്ചിരുന്നത് കൊച്ചി മേയർ എം അനിൽകുമാറിനെയാണ്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം, കൊച്ചി നഗരസഭയിൽ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളും അനിൽകുമാറിന്റെ വിജയസാധ്യത വർധിപ്പിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ വിലയിരുത്തൽ. എന്നാൽ അനിൽകുമാർ മാറിനിന്നാൽ കൊച്ചി കോർപ്പറേഷൻ ഭരണം കൈവിട്ടു പോകുമോയെന്ന ആശങ്ക, അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് മങ്ങലേൽപ്പിക്കുകയായിരുന്നു.

യുഡിഎഫ് വനിതാ സ്ഥാനാർത്ഥിയെ നിർത്തുന്നതോടെ ഒരു വനിതാ സ്വതന്ത്രയെ സിപിഎം രംഗത്തിറക്കാനുള്ള സാധ്യതയുണ്ടെന്നായിരുന്നു വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ കൊച്ചുറാണി ജോസഫാകുമായിരുന്നു ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി കൊച്ചുറാണിയെ പരിഗണിച്ചേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഭാരത് മാതാ കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം ഹെഡായിരുന്നു കൊച്ചുറാണി ജോസഫ്. സീറോ മലബാർ സഭയുടെ ഔദ്യോഗിക വക്താവ് കൂടിയാണ് ഇവർ. സ്ഥാനാർത്ഥിയാക്കാൻ നീക്കമുണ്ടെന്ന റിപ്പോർട്ടുകളോട് കൊച്ചുറാണി നേരത്തെ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

‘കഴിഞ്ഞ നാല് പതിറ്റാണ്ടായി താൻ മണ്ഡലത്തിന്റെ വികസന യാത്രയ്‌ക്കൊപ്പമുണ്ട്. തൃക്കാക്കര കോളജിലെ മൂന്ന് പതിറ്റാണ്ടായുള്ള അദ്ധ്യാപന പരിചയത്തിന്റെ വെളിച്ചത്തിലും കൂടിയാണ് അത്. ഇടതുമുന്നണി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. മണ്ഡലത്തിലെ ഏത് കാര്യത്തിലും സജീവമാണ്. പാർട്ടി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ ഈ വിഷയത്തിൽ പ്രതികരിക്കാനില്ല,’ എന്നുമായിരുന്നു കൊച്ചുറാണിയുടെ പ്രതികരണം.

തൃക്കാക്കര മണ്ഡലവും സ്വന്തമാക്കി 100 സീറ്റുകളോടെ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. സമുദായിക സമവാക്യങ്ങൾ, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ പരിഗണിച്ച് ശക്തനായ ഒരു സ്ഥാനാർത്ഥി എന്നതാണ് ഇടത് പാളയത്തിൽ നടക്കുന്ന ചർച്ചകൾ.

അതേസമയം ഇന്നോ നാളെയോ സ്ഥാനാർഥിയെ തീരുമാനിക്കാനാണ് ബിജെപിയുടെയും നീക്കം. എ എൻ രാധാകൃഷ്ണൻ അടക്കമുള്ളവരുടെ പേരുകളാണ് പരിഗണിക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ് നടക്കുക. ജൂൺ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കും. മെയ് 11 ആണ് പത്രിക നൽകാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിൻവലിക്കാൻ അനുവദിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികൾ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ശക്തമാക്കി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 14,329 വോട്ടുകൾക്കാണ് പിടി തോമസ് ജയിച്ചു കയറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here