കോവിഡിന്റെ കനത്ത പ്രഹരത്തിൽ നിന്ന് രക്ഷപ്പെടാൻ ആവുന്നത്ര പരിശ്രമിക്കുന്നതിനിടെ ഭീതിപടർത്തി എത്തുകയാണ് ഹെപ്പറ്റൈറ്റിസ്

0

ലണ്ടൻ: കോവിഡിന്റെ കനത്ത പ്രഹരത്തിൽ നിന്ന് രക്ഷപ്പെടാൻ ആവുന്നത്ര പരിശ്രമിക്കുന്നതിനിടെ ഭീതിപടർത്തി എത്തുകയാണ് ഹെപ്പറ്റൈറ്റിസ്. കുരുന്നുകളുടെ ജീവനാണ് ഇത് ഭീഷണിയാകുന്നത്. ആഗോളാടിസ്ഥാനത്തിൽ ഇതുവരെ 12 കുട്ടികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഈ ആഴ്‌ച്ച യൂറോപ്യൻ യൂണിയൻ അരോഗ്യവകുപ്പ് തലവന്മാർ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നത് 11 കുട്ടികൾ മരണമടഞ്ഞു എന്ന കണക്കുകളായിരുന്നു. അതിനുശേഷമാണ് അയർലൻഡിൽ ഒരു കുരുന്നിന് കൂടി ജീവൻ നഷ്ടപ്പെടുന്നത്.

കരളിനെ മാരകമായി ബാധിക്കുന്ന ഈ രോഗം ഇതുവരെ ലോകമാകമാനമായി 450 കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ അറിയിക്കുന്നു. ഇത് വീണ്ടും വർദ്ധിക്കാൻ ഇടയുണ്ട്. കാരണം, ഇന്നലെ ബ്രിട്ടനിൽ 13 കുട്ടികൾക്ക് കൂടി പുതിയതായി ഈ രോഗം സ്ഥിരീകരിച്ചു. എന്നാൽ, ഈ കണക്കുകൾ എല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നത്. പല രാജ്യങ്ങളിലും ഇതിനുള്ള പരിശോധനാ സംവിധാനം ഇല്ലാത്തതിനാൽ ഇത് അറിയാതെ പോകുന്നുണ്ട്.

ഇതുവരെ അഞ്ചു കുരുന്നുകൾ ഈ രോഗം പിടിപെട്ട് അമേരിക്കയിൽ മരണമടഞ്ഞപ്പോൾ അഞ്ചു മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഇന്തോനേഷ്യയിൽ നിന്നുമാണ്. ഫലസ്തീനിൽ നിന്നും അയർലൻഡിൽ നിന്നും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രഭവ കേന്ദ്രം ഏതെന്നറിയാത്ത ഈ മാരകമായ, എന്നാൽ തികച്ചും ദുരൂഹമായ ഈ ഹെപ്പറ്റൈറ്റിൽ ഇതുവരെ 21 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗബാധിതരിൽ ഭൂരിഭാഗവും 10 വയസ്സിൽ താഴെയുള്ളവരാണ്. അതിൽ ചുരുങ്ങിയത് 26 കുട്ടികൾക്കെങ്കിലും കരൾ മാറ്റി വയ്ക്കേണ്ടതായും വന്നു.

രോഗത്തിന്റെ ഉദ്ഭവം എവിടെനിന്നെന്ന കാര്യം പോലെ ഈ രോഗത്തിന്റെ കാരണവും അജ്ഞാതമായി തുടരുകയാണ്. ശാസ്ത്രജ്ഞന്മാർ പൊതുവേ വിലയിരുത്തുന്നത് സാധാരണ ജലദോഷത്തിന് കാരണമാകുന്ന ഒരു കൂട്ടം വൈറസുകൾ ഒന്നിച്ചു നടത്തുന്ന ആക്രമണമാണിതെന്നാണ്. എന്നാൽ, ഇതുവരെ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇതിൽ ഏറ്റവും വിചിത്രമായ കാര്യം ഈ ദുരൂഹ ഹെപ്പറ്റൈറ്റിസ് ബാധിച്ച കുട്ടികളിലൊന്നും തന്നെ സാധാരണ ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല എന്നതാണ്.

അതേസമയം, ബ്രിട്ടനിൽ രോഗബാധിതരായ കുട്ടികളിൽ മൂന്നിലൊന്ന് പേരിൽ അഡെനോവൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട്, ഇതാണ് മുഖ്യ പ്രതി എന്ന് വിശ്വ്സിക്കുന്നു. അഡെനോവൈറസിന്റെ മ്യുട്ടേഷൻ സംഭവിച്ച ഒരു പുതിയ വകഭേദമാണോ ഈ രോഗത്തെ ഇത്രയധികം മാരകമാക്കുന്നത് എന്നകാര്യം ശാസ്ത്രജ്ഞർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് സാമൂഹ്യ ജീവിതം നിഷേധിക്കപ്പെട്ടതിനാൽ കുട്ടികളുടെ പ്രതിരോധ ശേഷി കുറഞ്ഞതും ഇതിനു കാരണമായിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
നേരത്തേ സംഭവിച്ച ഒരു കോവിഡ് ബാധയുടെ അനന്തരഫലമാണോ ഇതെന്ന കാര്യവും ശാസ്ത്രലോകം തള്ളിക്കളയുന്നില്ല. ഏന്നാൽ, കഴിഞ്ഞയാഴ്‌ച്ചയാണ് കേട്ടാൽ വിചിത്രമെന്ന് തോന്നുന്ന ഒരു വാദവുമായി ബ്രിട്ടനിലെ ആരോഗ്യവകുപ്പ് മേധാവികൾ എത്തിയത്. കുട്ടികൾ വളർത്തു നായ്ക്കളുമായി അടുത്തിടപഴകുന്നതിലൂടെ ആയിരിക്കാം ഈ രോഗം എത്തുന്നത് എന്നായിരുന്നു അവരുടെ നിഗമനം. ഈ രോഗം ബാധിച്ച കുട്ടികളിൽ ഭൂരിഭാഗം പേരും വരുന്നത് സ്വന്തമായി വളർത്തു നായ്ക്കളുള്ള കുടുംബങ്ങളിൽ നിന്നായതാണ് ഇത്തരത്തിൽ ഒരു സംശയത്തിന് ഇടനൽകിയിരിക്കുന്നത്.

നായ്ക്കൾ എങ്ങനെ രോഗബാധക്ക് കാരണമാകുന്നു എന്നതിൽ തൃപ്തികരമായ ഉത്തരം നൽകാൻ ആരോഗ്യ വകുപ്പിന് ആയിട്ടില്ല. എന്നിരുന്നാലും അഡെനോ വൈറസിന്റെ അറിയപ്പെടുന്ന വാഹകരാണ് നായ്ക്കൾ എന്നത് പരക്കെ അംഗീകരിക്കപ്പെട്ട ശാസ്ത്ര സത്യവുമാണ്. കോവിഡ് വാക്സിനേഷന്റെ അനന്തരഫലമാകാം ഈ രോഗം എന്നൊരു വാദം ഉയർന്നെങ്കിലും അത് പൊതുവെ നിരാകരിക്കപ്പെടുകയായിരുന്നു. ഈ രോഗം ബാധിച്ച കുട്ടികളിൽ ഭൂരിഭാഗം പേരും വാക്സിനേഷൻ പ്രായം എത്താത്തവരാണ് എന്നതായിരുന്നു അതിനു കാരണം.
ഈ അജ്ഞാത രോഗം ബാധിച്ച ഭൂരിഭാഗം കുട്ടികളിലും അഡെനോ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായെങ്കിലും, എല്ലാവരിലും അത് കണ്ടെത്താനായിട്ടില്ലെന്നതും ശാസ്ത്രജ്ഞരെ കുഴയ്ക്കുന്നുണ്ട്. വിളർച്ച, ചാരനിറത്തിലുള്ള മലം, കടുത്ത നിറമുള്ള മൂത്രം, കണ്ണുകളിലും ത്വക്കിലും മഞ്ഞനിറം എന്നിവ കുട്ടികളിൽ ദൃശ്യമായാൽ ഉടനടി ഡോക്ടറെ സന്ദർശിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പുറത്തു വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here