പൊലീസ് ക്വാർട്ടേഴ്‌സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും പോലീസ് ഉദ്യോഗസ്ഥനുമായ റെനീസിനെതിരെ റിമാൻഡ് റിപ്പോർട്ട്

0

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്‌സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും പോലീസ് ഉദ്യോഗസ്ഥനുമായ റെനീസിനെതിരെ റിമാൻഡ് റിപ്പോർട്ട്. റെനീസിന്റെ പീഡനമാണ് നജ്‌ലയുടേയും കുഞ്ഞുങ്ങളുടേയും മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ റെനീസ് നിരന്തരമായി പീഡിപ്പിച്ചിരുന്നു. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പൾസർ ബൈക്കുമാണ് റെനീസിന് നജ്‌ലയുടെ വീട്ടുകാർ സ്ത്രീധനമായി കൊടുത്തത്. എന്നാൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ റെനീസ് മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.

പലപ്പോഴും വീട്ടിലേക്കും തിരിച്ചയച്ചു. ഇതോടെ നജ്‌ലയുടെ വീട്ടുകാർ 20 ലക്ഷം രൂപ കൂടി റെനീസിന് നൽകി. നജ്‌ലയെ സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാൻ റെനീസ് അനുവദിച്ചിരുന്നില്ല. റെനീസ് പുറത്ത് പോകുമ്പോഴെല്ലാം നജ്‌ലയെ മുറിയിൽ പൂട്ടിയിട്ടിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പുറം ലോകവുമായി ബന്ധപ്പെടാൻ നജ്‌ലയെ റെനീസ് അനുവദിച്ചില്ല. പല സ്ത്രീകളുമായും ഇയാൾക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ബന്ധുവായ ഒരു സ്ത്രീയെ കല്യാണം കഴിക്കാൻ ഇയാൾ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ നജ്‌ലയിൽ റെനീസ് സമ്മർദ്ദം ചെലുത്തി. കടുത്ത ശാരീരിക മാനസിക പീഡനങ്ങളാണ് റെനീസിൽ നിന്നും നജ്‌ലയ്‌ക്ക് അനുഭവിക്കേണ്ടി വന്നതെന്നും, ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

നജിലയുടെയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുടെയും മരണത്തെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളിൽ മനംനൊന്താണാണ് വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ മക്കളെക്കൊന്ന് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. പൊലീസുകാരനായ റനീസിന് ഒന്നിലേറെ സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന വിവരങ്ങളും പുറത്തുവരുന്നു. ഇതിൽ ഒരു സ്ത്രീ റനീസിന്റെ ബന്ധു തന്നെയാണെന്നും റിപ്പോർട്ടുകളുണ്ട്.

പല സ്ത്രീകളും തമ്മിലുള്ള റനീസിന്റെ വാട്‌സാപ് ചാറ്റുകൾ പലതവണ നജില കൈയോടെ പിടികൂടിയിരുന്നു. അപ്പോഴൊക്കെ റനീസ് ഇവരെ ക്രൂരമായി മർദ്ദിച്ചിരുന്നുവത്രെ. ഇതിനെച്ചൊല്ലി ക്വാർട്ടേഴ്‌സിൽ ഇരുവരും തമ്മിൽ വഴക്ക് നിത്യസംഭവമായിരുന്നുവെന്നും പറയപ്പെടുന്നു. ജീവിതം തന്നെ ദുസ്സഹമായപ്പോൾ നജില വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും റനിസ് നൽകിയില്ല. ബന്ധം വേർപ്പെടുത്തിയാൽ വീട്ടിലെത്തി നജിലയെയും ഉമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇതിൽ ഭയന്നാണ് ബന്ധം വേർപെടുത്താതെ നജില തുടർന്ന് വന്നതെന്നും പറയുന്നു.

ഇന്ന് രാവിലെയോടെയാണ് ആലപ്പുഴയെ നടുക്കി ഒരു കുടുംബത്തിലെ കൂട്ട ആത്മഹത്യയുണ്ടായത്. രാത്രി ജോലിക്ക് പോയി റനീസ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയും മക്കളും മരിച്ച നിലയിൽ കണ്ടത്. അഞ്ചുവയസ്സുകാരൻ ടിപ്പു സുൽത്താനെയും ഒന്നര വയസ്സുകാരി മലാലയെയും കൊലപ്പെടുത്തിയ ശേഷം മാതാവ് 28 കാരിയായ നജില ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും ഒരാൾ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലുമാണ് ക്‌ണ്ടെത്തിയത്.ഫാനിൽ തൂങ്ങി മരിച്ചനിലയിലാണ് നജിലയെ കണ്ടെത്തിയത്.

ഒന്നര വയസുകാരിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ മാതാവ് ടിപ്പു സുൽത്താനെന്ന മകനെ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിഗമനം.അടുത്തിടെ റനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ വച്ച് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. അതിനു ശേഷവും ഉപദ്രവം തുടർന്നു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്സിൽ ബഹളമുണ്ടായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. ഇടയ്ക്ക് അവധിയെടുത്ത് ഗൾഫിൽ പോയ റനീസ്, ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്.
ജോലിക്ക് ശേഷം റനീസ് തിരികെ വീട്ടിൽ വന്നപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് റനീസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി സംസ്‌ക്കാരം ആലപ്പുഴയിൽ തന്നെ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here