മരിച്ചാലും അമ്മ കൂടെവേണം’; മൃതദേഹം വീപ്പയിലാക്കി സിമന്റിട്ട് അടച്ച് മകൻ; ഒടുവിൽ കണ്ടെത്തിയത് ഇങ്ങനെ..

0

ചെന്നൈ: മരിച്ച അമ്മയുടെ മൃതദേഹം മകന്‍ വീപ്പയില്‍ അടക്കംചെയ്ത് വീട്ടില്‍ സൂക്ഷിച്ചു. ചെന്നൈയിലെ നീലാങ്കരയിലാണ് സംഭവം. സ്ഥലവാസിയായ ഷെണ്‍ബഗ(86)ത്തിന്റെ മൃതദേഹമാണ് മകന്‍ സുരേഷ് വീപ്പയിലാക്കി ഇരുഭാഗവും സിമന്റിട്ട് അടച്ചത്. മരിച്ചാലും അമ്മ എന്നും ഒപ്പംവേണമെന്ന ആഗ്രഹമാണ് തന്നെക്കൊണ്ട് ഇതുചെയ്യിച്ചതെന്ന് സുരേഷ് മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുമുണ്ട്. വെള്ളംകൊണ്ടുവരാനായി സൂക്ഷിച്ചിരുന്ന വീപ്പയിലാണ് മൃതദേഹം സൂക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. കിടപ്പുമുറിയില്‍നിന്നാണ് ഇത് കണ്ടെത്തിയത്.

സുരേഷിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. അവര്‍ക്കൊപ്പമാണ് ഷെണ്‍ബഗം താമസിച്ചിരുന്നത്. മൂത്തമകന്‍ മറ്റൊരു സ്ഥലത്താണ് താമസം. ഒരാഴ്ചയായി ഷെണ്‍ബഗത്തെ വീട്ടില്‍ കാണാതായപ്പോള്‍ അയല്‍വാസികള്‍ അന്വേഷിച്ചു. അമ്മ ഉറങ്ങുകയാണെന്നാണ് സുരേഷ് അവരെ ധരിപ്പിച്ചത്. അതിനിടയിലാണ് സഹോദരന്‍ ബാബു അമ്മയെക്കാണാനായി എത്തിയത്.

സുരേഷ് അകത്തേക്കു കയറ്റിവിട്ടില്ലെന്നും ഇതേത്തുടര്‍ന്ന് വഴക്കുണ്ടായെന്നും പറയുന്നു. ഈ സമയത്താണ് അമ്മ മരിച്ചെന്നും വീപ്പയില്‍ അടക്കം ചെയ്‌തെന്നുമുള്ള വിവരം സുരേഷ് വെളിപ്പെടുത്തിയത്. ഉടന്‍തന്നെ ബാബു നീലാങ്കര പോലീസില്‍ പരാതി നല്‍കി. വീപ്പയില്‍നിന്ന് മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സിമന്റിട്ട് ഉറപ്പിച്ചതിനാല്‍ പോലീസിന് തുറക്കാനായില്ല. തുടര്‍ന്ന് റോയപ്പേട്ട സര്‍ക്കാരാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് വീപ്പ എത്തിച്ചു. മൃതദേഹത്തില്‍ മുറിവോ ചതവോ കാണാനില്ലെന്നും സ്വാഭാവികമരണം എന്നാണ് കരുതുന്നതെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.സുരേഷിന് ചെറിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here