മൈനിങ് സെക്രട്ടറി പൂജ സിംഗാളിന്റെ അറസ്റ്റിന് പിന്നാലെ ജാർഖണ്ഡ് രാഷ്ട്രീയം കലങ്ങിമറിയുകയാണ്

0

മൈനിങ് സെക്രട്ടറി പൂജ സിംഗാളിന്റെ അറസ്റ്റിന് പിന്നാലെ ജാർഖണ്ഡ് രാഷ്ട്രീയം കലങ്ങിമറിയുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പൂജയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. പൂജക്ക് പിന്നിൽ വൻ രാഷ്ട്രീയ – ഉദ്യോഗസ്ഥ ലോബിയുണ്ടെന്ന് ഇഡി വ്യക്തമാക്കുമ്പോൾ അത് ബിജെപിക്കാണോ അതോ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അദ്ദേഹത്തിന്റെ പാർട്ടിയായ ജാർഖണ്ഡ് മുക്തി മോർച്ചക്കാണോ വിനയാകുക എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വകുപ്പിലാണ് അഴിമതി നടന്നതെങ്കിലും അഴിമതി നടത്തിയത് ബിജെപി ഭരണ കാലത്താണ് എന്നതും, പൂജക്കും ഭർത്താവിനും ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നതും ബിജെപിക്കും തലവേദനയാകുകയാണ്.

ഖുന്തി ജില്ലയിലെ 18 കോടിയുടെ വ്യാപക ക്രമക്കേടിന്റെ പേരിലായിരുന്നു അന്വേഷണം പൂജയിലേക്കെത്തിയത്. പൂജയെ എൻഫോഴ്സ്മെന്റ് ‍ഡയക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാനായി രണ്ടാം ദിവസം വിളിച്ചു വരുത്തിയാണ് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. കള്ളപ്പണം വെളുപ്പിക്കലിൽ പൂജ അകത്തായെങ്കിലും ക്രമക്കേടിനു പിന്നിൽ വൻ രാഷ്ടീയ-ഉദ്യോഗസ്ഥ ലോബിയുണ്ടെന്നാണ് ഇ‍‍ഡിയുടെ വെളിപ്പെടുത്തൽ.

2000 ബാച്ച് ഐഎഎസ് ഓഫിസറായ പൂജ ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിയാണ്. മൈനിങ് സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിനു മുൻപ് ഖുന്തി ജില്ലയിലെ ഡപ്യൂട്ടി കമ്മിഷണറായിരുന്നു. ജാർഖണ്ഡ് സ്റ്റേറ്റ് മിനറൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ കൂടിയാണ് പൂജ. ഇവരുടെ രണ്ടാം ഭർത്താവ് അഭിഷേക് ത്സാ ജാർഖണ്ഡിലെ പ്രമുഖ വ്യവസായിയാണ്. 2022 മേയ് ആറിന് പൂജയുടെയും അഭിഷേകിന്റെയും കൂട്ടാളികളുടെയും വീടുകളിലും ഓഫിസുകളിലും നടന്ന ഇഡി റെയ്ഡോടെയാണ് സംഭവവികാസങ്ങളുടെ തുടക്കം. ഈ റെയ്ഡിലേക്കു നയിച്ചതാകട്ടെ, ജാർഖണ്ഡ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാജീവ്കുമാർ പൂജയ്ക്കെതിരെ ഇഡിക്കു നൽകിയ പരാതിയോടെയും.

പൂജയുടെ വീട്ടിൽനിന്നും ഓഫിസിൽനിന്നുമെല്ലാം വൻ തട്ടിപ്പു രേഖകൾ പിടിച്ചെടുക്കപ്പെട്ടു. പിന്നാലെ അഭിഷേകിന്റെ ചാർട്ടേഡ് അക്കൗണ്ടന്റായ സുമൻ കുമാറിനെ ഇഡി മേയ് 7ന് അറസ്റ്റ് ചെയ്തു. ഖുന്തി ജില്ലയിൽ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ദുരുപയോഗം നടന്നതായി ആരോപിക്കപ്പെടുന്ന 2008നും 2011നും ഇടയിൽ പൂജയ്ക്കും അഭിഷേകിനും 2.43 കോടി രൂപയുടെ അനധികൃത നിക്ഷേപമുണ്ടായെന്നായിരുന്നു ഇഡി കണ്ടെത്തൽ. അതിന്റെ രേഖകളും എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു. അന്വേഷണം തുടർന്നതോടെ സംഗതി ജാർഖണ്ഡിൽ മാത്രം ഒതുങ്ങുന്നതല്ലെന്നു വ്യക്തമാവുകയായിരുന്നു.

ജാർഖണ്ഡ്, ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളിലെ 20 ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ 20 കോടി രൂപ ഇഡി കണ്ടെടുത്തിരുന്നു. ഇതിൽ 17.9 കോടി രൂപ പൂജയുടെയും ഭർത്താവിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റായ സുമൻ കുമാറിന്റെ വസതിയിൽനിന്നും ഒാഫിസിൽ നിന്നുമാണ് കണ്ടെത്തിയത്. നോട്ടായിട്ടാണ് ഇത്രയും തുക സൂക്ഷിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. റാഞ്ചിയിലെ പ്രത്യേക പിഎംഎൽഎ (പണം വെളുപ്പിക്കൽ നിയമം) കോടതിയിൽ ഇഡി നൽകിയ റിപ്പോർട്ട് പ്രകാരം െഎഎഎസ് ഉദ്യോഗസ്ഥ തന്റെ വ്യക്തിഗത അക്കൗണ്ടിൽ നിന്ന് 16.57 ലക്ഷം രൂപ ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്കു കൈമാറിയതായും വ്യക്തമാക്കി.

ജാർഖണ്ഡ് സർക്കാരിലെ മുൻ ജൂനിയർ എൻജിനീയറായ റാം ബിനോദ് പ്രസാദ് സിൻഹയെ 2020 ജൂൺ ഒന്നിന് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തിരുന്നു. ബംഗാളിൽനിന്നായിരുന്നു അറസ്റ്റ്. ജാർഖണ്ഡ് വിജിലൻസും അന്ന് ഇയാൾക്കെതിരെ കേസെടുത്തു. ഇയാൾ പൊതുപണം സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും നിക്ഷേപിച്ചതിന്റെ രേഖകൾ ഇ‍ഡി കണ്ടെടുത്തിരുന്നു. ഇവരിൽനിന്ന് കമ്മിഷനായി കോടികൾ കൈമാറിയെന്ന വെളിപ്പെടുത്തലാണ് പൂജയിലേക്ക് എൻഫോഴ്സ്മെന്റിനെ എത്തിച്ചത്. തൊഴിലുറപ്പു ഫണ്ടിൽനിന്ന് 5 ശതമാനം കമ്മിഷൻ വാങ്ങിയിരുന്നതായി പൂജ ഇഡിയോടു സമ്മതിച്ചിരുന്നു. രണ്ടു വർഷത്തിനിടെ ശമ്പളത്തേക്കാളുപരി, രണ്ടരക്കോടി രൂപ ഇവരുടെ അക്കൗണ്ടു വഴി കൈമാറ്റം ചെയ്തയായും ഇഡി കണ്ടെത്തിയിരുന്നു.

2007നും 2013നും ഇടയിൽ ഛത്ര, ഖുന്തി, പലാമു ജില്ലകളിൽ ഡപ്യൂട്ടി കമ്മിഷണറായിരിക്കവെയും ഇവർക്കെതിരെ വ്യാപക ക്രമക്കേട് ആരോപണം ഉയർന്നിരുന്നു. ആരോപണങ്ങളെക്കുറിച്ച് രഘുബർദാസിന്റെ നേൃത്വത്തിലുള്ള ബിജെപി സർക്കാർ അന്വേഷണം നടത്തി ക്ലീൻ ചിറ്റ് നൽകി. പൂജയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള റാഞ്ചിയിലെ ഒരു മൾട്ടി സ്പെഷൽറ്റി ആശുപത്രിയുടെ ബിസിനസ് ഇടപാടുകളും അക്കൗണ്ടുകളും ഇ‍ഡി പരിശോധിക്കുന്നുണ്ട്.

പൂജ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കീഴിലായതിനാൽ സംഭവം ഭരണകക്ഷിക്കെതിരെ തിരിച്ചുവിടാൻ ബിജെപി ആവതു ശ്രമിക്കുന്നുണ്ട്. ഖനന പാട്ടവുമായി ബന്ധപ്പെട്ട്, ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് കൂടിയായ സോറന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ് ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ‌ പൂജയുടെ അറസ്റ്റ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനാണു ബിജെപി ശ്രമംത്. എന്നാൽ ആരോപണ കാലത്ത് സംസ്ഥാനത്ത് ബിജെപി ഭരണമായിരുന്നുവെന്നും ഇവർക്കും ഭർത്താവിനും ബിജെപി നേതാക്കളുമായി അടുത്ത ബന്ധമായിരുന്നെന്നും ജെഎംഎം ആരോപിക്കുന്നു. അതോടെ ബിജെപിയും പ്രതിരോധത്തിലേക്ക് വലിഞ്ഞു.

ഇരുപത്തിയൊന്നാം വയസ്സിൽ സിവിൽ സർവീസ് ലഭിച്ച വ്യക്തിയാണ് പൂജ. സ്കൂളുകളിലും കോളജുകളിലും ടോപ്പറായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ൈഎഎഎസ് ഉദ്യോഗസ്ഥയായതോടെ ലിംക ബുക്ക് ഒാഫ് റെക്കോർഡ്സിലും ഇടം പിടിച്ചു. മസ്സൂറിയിലെ ലാൽബദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഒാഫ് അഡ്മിനിസ്ട്രേഷനിൽനിന്ന് സിവിൽ സർവീസ് പരിശീലനം നേടിയ ഇവരെ അക്കാദമിയിലെ സഹപാഠികൾ വിളിച്ചിരുന്നത് ഭാവിയിലെ കാബിനറ്റ് സെക്രട്ടറിയെന്നായിരുന്നു.

ഖുന്തിയിൽ ഡപ്യൂട്ടി കമ്മിഷണറായിരിക്കെ തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽപ്പെടുത്തി രണ്ട് എൻജിഒകൾക്ക് ആറു കോടി രൂപ നൽകിയത് വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പലാമു ഡപ്യൂട്ടി കമ്മിഷണർ ആയിരിക്കെ ഉഷാ മാർട്ടിൻ ഗ്രൂപ്പിന് കത്തൗയ കൽക്കരിപ്പാടം അനുവദിച്ചത് ചട്ടങ്ങൾ അവഗണിച്ചാണെന്ന് കണ്ടെത്തിയെങ്കിലും അന്നത്തെ ബിജെപി സർക്കാർ നടപടിയെടുത്തില്ല. ഛത്രയിൽ ഡപ്യൂട്ടി കമ്മിഷണറായിരിക്കെ നക്സലൈറ്റുകൾ വിഷസൂചിക്ക് ആക്രമിച്ചുവെന്നാരോപിച്ച് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷം കഴിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.

പൂജയുടെ വസതിയിൽ നിന്ന് ഇഡി പണം പിടിച്ചെടുത്തതിനു പിന്നാലെ ഒരു പ്രമുഖ ബിജെപി നേതാവിനൊപ്പമുള്ള ഇവരുടെ ചിത്രവും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നതിന് ഏതാനും ദിവസം മുൻപ് ഒരു പൊതുവേദിയിൽ ബിജെപി നേതാവിനൊപ്പം പൂജ പ്രത്യക്ഷപ്പെട്ടെന്നായിരുന്നു പ്രചാരണം. അതോടെ ആരോപണങ്ങളിൽ നിന്നു തൽക്കാലത്തേക്ക് മുഖം തിരിച്ചിരിക്കുകയാണ് പാർട്ടി. എന്നാൽ കേസിൽ ജെഎംഎം മുൻ ട്രഷറർ രവി കേജ്‌രിവാളിനെ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തത് പുതിയ വഴിത്തിരിവുകളിലേക്കാണ് കേസിനെ എത്തിക്കുന്നത്. ജാർഖണ്ഡ് രാഷ്ട്രീയത്തെത്തന്നെ മാറ്റിമറിക്കാൻ പോന്ന ‘ഹൈ പ്രൊഫൈൽ’ കേസായി പൂജ സിംഗാളിന്റെ ക്രമക്കേടു മാറുന്നതും അതിനാലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here