സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്കുള്ള ക്ഷണം സ്വീകരിച്ചാല്‍ കോണ്‍ഗ്രസിനു പുറത്തെന്നു നേതൃത്വം വ്യക്‌തമാക്കിയിരിക്കെ, പ്രഫ. കെ.വി. തോമസ്‌ ഇന്ന്‌ മനസ്‌ തുറന്നേക്കും

0

കൊച്ചി : സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്കുള്ള ക്ഷണം സ്വീകരിച്ചാല്‍ കോണ്‍ഗ്രസിനു പുറത്തെന്നു നേതൃത്വം വ്യക്‌തമാക്കിയിരിക്കെ, പ്രഫ. കെ.വി. തോമസ്‌ ഇന്ന്‌ മനസ്‌ തുറന്നേക്കും. തീരുമാനം ഇന്നറിയിക്കാമെന്നു മാധ്യമപ്രവര്‍ത്തകരെ അറിയിച്ച അദ്ദേഹം രാവിലെ 11-നു തോപ്പുംപടിയിലെ തന്റെ വസതിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്‌. പങ്കെടുക്കാനാണു തീരുമാനമെങ്കില്‍ കണ്ണൂരിലേക്കുള്ള യാത്ര കോണ്‍ഗ്രസിനു പുറത്തേക്കുള്ള വഴിയിലൂടെയാകും.
ഒന്‍പതിനു തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിനും പങ്കെടുക്കുന്ന സെമിനാറിലേക്കാണു തോമസിനെ സി.പി.എം. ക്ഷണിച്ചിരിക്കുന്നത്‌. കേന്ദ്ര-സംസ്‌ഥാന ബന്ധമാണു സെമിനാറിന്റെ വിഷയം. പങ്കെടുക്കരുതെന്നു വിലക്കിയിട്ടും തോമസ്‌ പാര്‍ട്ടിയധ്യക്ഷ സോണിയാ ഗാന്ധിയോടു വീണ്ടും അനുവാദം ചോദിച്ചതിന്റെ ലക്ഷ്യം സസ്‌പെന്‍സിലാണ്‌. പരസ്യമായി വിലക്കിയിട്ടും അതംഗീകരിക്കാന്‍ തോമസ്‌ മടിക്കുന്നതെന്തിന്‌ എന്നാണു കോണ്‍ഗ്രസിന്റെ ആകാംക്ഷ.
നേരത്തേ, ലോക്‌സഭാ സീറ്റ്‌ നിഷേധിക്കപ്പെട്ട അവസരത്തില്‍ തോമസ്‌ സമാനമായ പ്രതീതി സൃഷ്‌ടിച്ചിരുന്നു. ബി.ജെ.പിയിലേക്കു പോകുമെന്നായിരുന്നു അന്നത്തെ പ്രചാരണം.
കഴിഞ്ഞ മാസം, രാജ്യസഭാ സീറ്റും കിട്ടാതെപോയതോടെയാണു സി.പി.എമ്മുമായി അടുക്കുകയാണെന്ന സൂചന നല്‍കിയത്‌. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള വിലപേശലാണു തോമസിന്റെ മനസിലെന്ന പ്രചാരണവുമുണ്ട്‌. മറ്റൊരു സെമിനാറിലേക്കു ശശി തരൂരിനെയും ക്ഷണിച്ചിരുന്നെങ്കിലും നേതൃത്വം വിലക്കിയതോടെ അദ്ദേഹം പിന്മാറി.

LEAVE A REPLY

Please enter your comment!
Please enter your name here