സസ്‌പെന്‍ഷനിലായ ഉദ്യോഗസ്‌ഥ വീഴ്‌ച സമ്മതിച്ചിട്ടും വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാന്‍ ബി. അശോകിനെതിരേ പ്രതിഷേധം തുടര്‍ന്ന കെ.എസ്‌.ഇ.ബി

0

തിരുവനന്തപുരം : സസ്‌പെന്‍ഷനിലായ ഉദ്യോഗസ്‌ഥ വീഴ്‌ച സമ്മതിച്ചിട്ടും വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാന്‍ ബി. അശോകിനെതിരേ പ്രതിഷേധം തുടര്‍ന്ന കെ.എസ്‌.ഇ.ബി. ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എം.ജി. സുരേഷ്‌ കുമാറിനു സസ്‌പെന്‍ഷന്‍. അസോസിയേഷനുമായുള്ള പോരില്‍ ചെയര്‍മാനു മന്ത്രി കെ. കൃഷ്‌ണന്‍ കുട്ടി പിന്തുണ നല്‍കിയതോടെ വൈദ്യുതി വകുപ്പിലെ തര്‍ക്കം ഹൈ വോള്‍ട്ടേജില്‍! എം.എം. മണിയും എ.കെ. ബാലനും മന്ത്രിമാരായിരിക്കെ പഴ്‌സണല്‍ സ്‌റ്റാഫംഗമായിരുന്ന സുരേഷ്‌ കുമാറിനെതിരേ ഉടനടി നടപടിയുണ്ടായത്‌ അസോസിയേഷനെ ഞെട്ടിച്ചു.
സംഘടനയുടെ സംസ്‌ഥാന ഭാരവാഹിയായ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ജാസ്‌മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷനിലായിരുന്നു തുടക്കം. ചട്ടപ്രകാരം അവധിയെടുക്കാതെയും ചുമതല കൈമാറാതെയും ജോലിയില്‍നിന്നു വിട്ടുനിന്നതിന്റെ പേരിലാണ്‌ അശോക്‌ അവരെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നഭ്യര്‍ഥിച്ചു നല്‍കിയ നിവേദനത്തില്‍ ജാസ്‌മിന്‍ വീഴ്‌ച സമ്മതിച്ചു. എന്നാല്‍, സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ചെയര്‍മാന്‍ വിസമ്മതിച്ചതോടെയാണു രാഷ്‌ട്രീയ പിന്‍ബലമുള്ള അസോസിയേഷന്‍ ഇടഞ്ഞത്‌.
ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനീയറുടെ വാക്കാലുള്ള അനുമതിയോടെയാണു ജാസ്‌മിന്‍ അവധിയില്‍ പോയതെന്ന്‌ ചീഫ്‌ എന്‍ജിനീയര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ടെന്ന്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ പറയുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിവേദനം നല്‍കിയ ജാസ്‌മിനെ ചെയര്‍മാന്‍ പരിഹസിച്ചെന്ന ആരോപണവുമായി അവര്‍ പ്രതിഷേധം കടുപ്പിച്ചു. ഡയസ്‌നോണ്‍ ഉത്തരവ്‌ അവഗണിച്ച്‌ സി.പി.എം. അനുകൂല സംഘടനയായ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ ചൊവ്വാഴ്‌ച വൈദ്യുതി ബോര്‍ഡ്‌ ആസ്‌ഥാനത്തിനു മുന്നില്‍ അര്‍ധദിന സത്യഗ്രഹം നടത്തി. പ്രതിഷേധത്തിനിടെ ബോര്‍ഡ്‌ യോഗത്തിലേക്കു തള്ളിക്കയറിയ എം.ജി. സുരേഷ്‌ കുമാറിനെയും ചെയര്‍മാന്‍ സസ്‌പെന്‍ഡ്‌ ചെയ്യുകയായിരുന്നു.
തനിക്കെതിരായ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്നും സമരം ചെയ്‌തതിന്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ പ്രതികാരം ചെയ്യുകയാണെന്നുമാണ്‌ സുരേഷ്‌ കുമാറിന്റെ ആരോപണം. ചെയര്‍മാന്റെ ഏകപക്ഷീയ നടപടി അംഗീകരിക്കില്ല. തുടര്‍നടപടി സംഘടനയോട്‌ ആലോചിച്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാന പ്രസിഡന്റായ സുരേഷ്‌ കുമാറിന്റെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ ചെയര്‍മാനെതിരേ നിലപാട്‌ കടുപ്പിച്ചിരിക്കുകയാണ്‌. സസ്‌പെന്‍ഷനെ മന്ത്രി കൃഷ്‌ണന്‍കുട്ടി ന്യായീകരിച്ചതോടെ പ്രതിഷേധം ആളിക്കത്തി. ബോര്‍ഡ്‌ ആസ്‌ഥാനത്തിനു മുന്നിലും വിവിധ കെ.എസ്‌.ഇ.ബി. ഓഫീസുകളിലും ഇന്നലെ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുമെന്നു മന്ത്രി സൂചിപ്പിച്ചിട്ടുണ്ട്‌.

സംഘടനാപരമായി നേരിടും: സുരേഷ്‌ കുമാര്‍

തിരുവനന്തപുരം: സസ്‌പെന്‍ഷനെ സംഘടനാപരമായി നേരിടുമെന്നു കെ.എസ്‌.ഇ.ബി. ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ എം.ജി. സുരേഷ്‌ കുമാര്‍. സംഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിച്ചതിന്റെ പേരിലാണ്‌ സസ്‌പെന്‍ഷന്‍. ഓഫീസ്‌ പ്രവര്‍ത്തനത്തില്‍ വീഴ്‌ചയുണ്ടായതിനല്ല. ഇക്കാര്യം മന്ത്രിയെ അറിയിച്ചിട്ടുണ്ട്‌. സംഘടനകളുമായി ആലോചിച്ചു തുടര്‍പ്രക്ഷോഭം നടത്തുമെന്നും സുരേഷ്‌ കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here