ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു

0

ഹൈദരാബാദ്∙ തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. രാമസ്വാമി (80) ആണ് മരിച്ചത്. മകൻ പ്രകാശ്, ഭാര്യ കമലമ്മ, മരുമകൾ കൃഷ്ണവേണി എന്നിവർക്കാണ് പരുക്കേറ്റത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
വീട്ടിനുള്ളിൽ ചാർജ് ചെയ്യുകയായിരുന്ന പ്രകാശിന്റെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. സ്കൂട്ടർ നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. പ്രകാശ് സെക്കൻഡ് ഹാൻഡായാണ് സ്കൂട്ടർ വാങ്ങിച്ചതെന്നും പരിശോധിച്ചുവരുകയാണെന്നും അവർ അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിക്കുന്ന സംഭവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ റിപ്പോർട്ടു ചെയ്തിരുന്നു. ഇതു സംബന്ധിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചു.

‘കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇലക്ട്രിക് സ്കൂട്ടറുകൾ പൊട്ടിത്തെറിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു എന്നത് ഏറ്റവും ദൗർഭാഗ്യകരമാണ്. ഇതിനെക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികൾ ശുപാർശ ചെയ്യാനും ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്.’– ഗഡ്‌കരി പറഞ്ഞു.

Leave a Reply