ഇന്ത്യക്ക്‌ വേണ്ടതൊക്കെ തരാമെന്നു റഷ്യ

0

ന്യൂഡല്‍ഹി: ക്രൂഡോയിലും സാങ്കേതികവിദ്യയുമടക്കം ഇന്ത്യ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്ന എന്തും ലഭ്യമാക്കാന്‍ തയാറാണെന്നു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്‌. ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി എസ്‌. ജയശങ്കറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയുടെയും യുക്രൈന്റെയും സൃഹൃത്തെന്ന നിലയ്‌ക്ക്‌ സമാധാനശ്രമങ്ങളില്‍ ഇന്ത്യക്കു പങ്കു വഹിക്കാന്‍ കഴിയും. പാശ്‌ചാത്യ രാജ്യങ്ങള്‍ ഉത്തരവാദിത്വമേല്‍ക്കാതെ പിന്മാറിയ പ്രശ്‌നപരിഹാര നീക്കങ്ങള്‍ക്കു പിന്തുണ നല്‍കാന്‍ ഇന്ത്യക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന ഗുണനിലവാരമുള്ള യുറാല്‍സ്‌ ക്രൂഡോയില്‍ ബാരലിന്‌ 35 ഡോളര്‍ വരെ ഡിസ്‌കൗണ്ടില്‍ ഇന്ത്യക്കു നല്‍കാന്‍ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. യുദ്ധം തുടങ്ങുന്നതിനു മുമ്പുള്ള ഈ വിലയില്‍, തുടക്കമെന്നോണം, ഒന്നരക്കോടി ബാരലാണു റഷ്യയുടെ വാഗ്‌ദാനം.
ഡോളര്‍ ഇടപാടുകള്‍ വേണ്ടെന്നുവയ്‌ക്കാനും വിവിധ രാജ്യങ്ങളുമായി സ്വന്തം കറന്‍സികളില്‍ ഇടപാടു നടത്താനും റഷ്യ സംവിധാനമൊരുക്കിയിട്ടുണ്ട്‌. ഇന്ത്യയുമായി നേരത്തേയുണ്ടാക്കിയ റൂബിള്‍-രൂപ വ്യാപാര ഇടപാട്‌ കൂടുതല്‍ ശക്‌തിപ്പെടുത്താന്‍ തയാറാണെന്നു ലാവ്‌റോവ്‌ അറിയിച്ചു. ചൈനാ സന്ദര്‍ശനത്തിനു ശേഷമാണു ലാവ്‌റോവ്‌ ഇന്ത്യയിലെത്തിയത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്‌ച നടത്തിയിട്ടാകും റഷ്യക്കു മടങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here