ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെ ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ അസാധാരണ ഉത്തരവ് പുറത്തിറക്കി

0

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെ ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ അസാധാരണ ഉത്തരവ് പുറത്തിറക്കി.കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ കൂടി പ്രഖ്യാപിച്ചതോടെ കടുത്ത നിയമങ്ങളാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. പ്രസിഡന്റ് ഗോതബയ രാജപക്സെയെ പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യുന്നവരെയും സംശയിക്കുന്നവരെയും വിചാരണ കൂടാതെ ദീര്‍ഘനാളത്തേക്ക് അറസ്റ്റുചെയ്യാനും തടവിലാക്കാനും സൈന്യത്തെ അനുവദിക്കുന്ന കടുത്ത നിയമങ്ങളും രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്.പൊതു ക്രമം സംരക്ഷിക്കുന്നതിനും സമൂഹത്തിന്റെ ജീവിതത്തിന് ആവശ്യമായ ഭക്ഷ്യസാധനങ്ങളുടെ വിതരണത്തിനും സേവനങ്ങളുടെയും പരിപാലനത്തിനും വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. 1948ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വേദനാജനകമായ മാന്ദ്യത്തിലാണ് ശ്രീലങ്ക ഇപ്പോഴുള്ളത്. 22 ദശലക്ഷത്തോളം രാജ്യത്തെ ജനസംഖ്യ അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമം, കുത്തനെയുള്ള വിലക്കയറ്റം, പവര്‍ കട്ടുകള്‍ എന്നിവ നേരിടുകയാണ്.

തലസ്ഥാനമായ കൊളംബോ ഉള്‍പ്പെടുന്ന പശ്ചിമ പ്രവിശ്യയില്‍ പോലീസ് വെള്ളിയാഴ്ച രാത്രികാല കര്‍ഫ്യൂ വീണ്ടും ഏര്‍പ്പെടുത്തിയിരുന്നു. കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 12 മണിക്കൂര്‍ പവര്‍ക്കട്ട് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ജനം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. ഡീസല്‍ ക്ഷാമം കടുത്തതോടെയാണ് പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഭക്ഷണ സാധനങ്ങള്‍, മരുന്ന്, പാചകവാതകം എന്നിവയ്ക്കും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.

ഈ വര്‍ഷം മാത്രം 690 കോടി ഡോളറിന്റെ വിദേശകടം തിരിച്ചടയ്‌ക്കേണ്ട ശ്രീലങ്കയുടെ കയ്യില്‍ ആകെ 200 കോടി ഡോളറിന്റെ വിദേശനാണ്യ ശേഖരം മാത്രമാണ് അവശേഷിക്കുന്നത്. പ്രസിഡന്റിന്റെ സ്വകാര്യ വസതിക്ക് പുറത്ത് വ്യാഴാഴ്ച രാത്രി നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് ആളുകള്‍ അദ്ദേഹം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here