‘സർ, എനിക്കെതിരെ കേസ് എടുക്കണം, ജയിലിൽ അടയ്ക്കണം’, ബുധനാഴ്ച വൈകിട്ട് ചിറ്റാർ പൊലീസ് സ്റ്റേഷനിലേക്കു വന്നയാളുടെ ആവശ്യം കേട്ട് പൊലീസുകാർ ഞെട്ടി

0

സീതത്തോട് (പത്തനംതിട്ട) ∙ ‘സർ, എനിക്കെതിരെ കേസ് എടുക്കണം, ജയിലിൽ അടയ്ക്കണം’, ബുധനാഴ്ച വൈകിട്ട് ചിറ്റാർ പൊലീസ് സ്റ്റേഷനിലേക്കു വന്നയാളുടെ ആവശ്യം കേട്ട് പൊലീസുകാർ ഞെട്ടി. സ്ഥിരം കുറ്റവാളിയും വാഹന മോഷ്ടാവുമായ മണക്കയം പുത്തൻപറമ്പിൽ ഷാജി തോമസാണ് (അച്ചായി– 40) ആവശ്യമുന്നയിച്ച് സ്റ്റേഷനിലെത്തിയത്.

ആവശ്യം കളിയല്ല കാര്യമാണെന്ന് തോന്നിയപ്പോൾ ഇയാളെ അനുനയിപ്പിച്ച് സ്റ്റേഷനിൽ നിന്ന് ഇറക്കി വിട്ടു. എന്നാൽ കളി കാണിച്ചു തരാമെന്നു പറഞ്ഞു പുറത്തിറങ്ങിയ ഷാജി അതുവഴി വന്ന സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. ബസ് ജീവനക്കാർ പരാതിയുമായി സ്റ്റേഷനിൽ എത്തിയതോടെ വാഹനം ആക്രമിച്ച കേസിൽ പ്രതിയായി ഷാജി വീണ്ടും സ്റ്റേഷനിലേക്ക്.

തുടർന്ന് ഇയാൾ സ്റ്റേഷനിൽ നടത്തിയ പരാക്രമത്തിൽ എസ്ഐ സുരേഷ് പണിക്കർക്ക് മർദനമേൽക്കുകയും ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തുകയും ചെയ്തു. സ്റ്റേഷനിലെ ബെഞ്ചുകൾ, കംപ്യൂട്ടർ സ്കാനർ എന്നിവ അടിച്ച് തകർക്കുകയും ഭിത്തിയിൽ പതിപ്പിച്ചിരുന്ന ടൈൽസ് ഇരുമ്പ് ബെഞ്ച് ഉപയോഗിച്ച് അടിച്ച് പൊട്ടിച്ചു. ഷാജിയെ റിമാൻഡ് ചെയ്തു.

ഇയാൾ അക്രമാസക്തനായിരുന്നെന്ന് പൊലീസ് പറഞ്ഞു. അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചിറ്റാർ പൊലീസ് സ്റ്റേഷനുകളിൽ മാത്രം 6 കേസുകൾ മുൻപ് ഉണ്ടായിരുന്നു. പല തവണ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here