ശരീരത്തിൽ മുഴകൾ കണ്ടാൽ അത് ഒരിക്കലും അവഗണിക്കരുത്

0

ശരീരത്തിൽ മുഴകൾ കണ്ടാൽ അത് ഒരിക്കലും അവഗണിക്കരുത്; നെഞ്ചിലുണ്ടായ ചെറിയൊരു ജിം അപകടത്തിനു ശേഷം ഡോക്ടറെ കണ്ടപ്പോഴാണ് സ്തനത്തിൽ മുഴയുള്ള കാര്യം തിരിച്ചറിയുന്നത്; സ്തനാർബുദം കണ്ടെത്തിയതിനെക്കുറിച്ച് നടി

കാൻസർ പോലുള്ള​ ​രോ​ഗങ്ങൾ പോലും നേരത്തേ തിരിച്ചറിഞ്ഞാൽ സുഖപ്രദമാക്കാമെന്നു വ്യക്തമാക്കുന്ന അനുഭവങ്ങൾ പലരും പങ്കുവെക്കാറുണ്ട്. സ്വയം പരിശോധനയിലൂടെ തുടക്കത്തിലെ തന്നെ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ് സ്തനാർബുദം. എല്ലാതരം കാൻസർ രോഗങ്ങളും ആരംഭ ദിശയിൽ അറിയാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ചില ലക്ഷണങ്ങൾ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒരു ലക്ഷണവുമില്ലാതെ കാൻസർ വരാനും ഉയർന്ന സ്റ്റേജിലേക്ക് പോകുവാനുമുള്ള സാധ്യതയുണ്ട്. ഇപ്പോഴിതാ നടി ഛവി മിത്തലും സമാനമായ അനുഭവം പങ്കുവെക്കുകയാണ്. തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ചതിനെക്കുറിച്ചും തുടർന്നുള്ള അനുഭവങ്ങളുമാണ് ഛവി പങ്കുവെച്ചിരിക്കുന്നത്.

സ്തനത്തിൽ മുഴ കണ്ടെത്തിയതിനെക്കുറിച്ചാണ് ഛവി ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്. നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞതിൽ താൻ ഭാ​ഗ്യവതിയാണെന്നും ഛവി കുറിക്കുന്നുണ്ട്.

സ്തനാർബുദമാണെന്ന് പങ്കുവെച്ചതിനു പിന്നാലെയുള്ള ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ ലഭിച്ച ആയിരത്തോളം സന്ദേശങ്ങളും ആശംസകളും കണ്ട് ഏറെ കരഞ്ഞുവെന്നു പറഞ്ഞാണ് ഛവിയുടെ കുറിപ്പ് ആരംഭിക്കുന്നത്. കരുത്തയായ, പ്രചോദിപ്പിക്കുന്ന, പൊരുതുന്ന, സൂപ്പർ വുമൺ എന്നൊക്കെയാണ് അവരിൽ പലരും തന്നെ വിശേഷിപ്പിച്ചത്. തനിക്ക് ആശ്വാസകരമായ സന്ദേശങ്ങൾക്കൊപ്പം പലരും എങ്ങനെയാണ് താൻ സ്തനാർബുദം സ്ഥിരീകരിച്ചതെന്ന് ചോദിച്ചുവെന്നും ഛവി കുറിക്കുന്നു.

നെഞ്ചിലുണ്ടായ ചെറിയൊരു ജിം അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴയുള്ള കാര്യം തിരിച്ചറിഞ്ഞതെന്ന് ഛവി കുറിച്ചു. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലേക്കുള്ള പോക്കാണ് തന്റെ ജീവിതം രക്ഷിച്ചത്. മാമോ​ഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബു​ദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവ​ഗണിക്കരുതെന്നും ഛവി കുറിക്കുന്നു.

Leave a Reply