‘അന്ന് ഹിറ്റ്ലർ, ഇന്ന് പുടിൻ’; യുക്രൈനിൽ തന്നെ യുക്രെയിനികളെ തടവിലാക്കി റഷ്യൻ ക്യാമ്പുകൾ; യുദ്ധത്തിനിടയിൽ പിടികൂടിയ ജനങ്ങളെ ഉപയോഗിച്ച് കീവിനു ചുറ്റും വൻ കിടങ്ങുകൾ ഉണ്ടാക്കുന്നു; ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്താൻ ലോകത്തിനു ഭയമോ ? പാശ്ചാത്യ മാധ്യമങ്ങൾക്ക് പറയാനുള്ളത്…

0

കീവ് നഗരം ഇനിയും കീഴടക്കാൻ കഴിഞ്ഞിട്ടില്ലാത്ത റഷ്യൻ സൈന്യം നഗരപരിസരങ്ങളിൽ നിരവധി കോൺസൻട്രേഷൻ ക്യാമ്പുകൾ തുറന്നതായി മനുഷ്യാവകാശ സംഘടനകൾ സൂചിപ്പിക്കുന്നു. യുദ്ധത്തിനിടയിൽ പിടികൂടിയ യുക്രെയിനികളെ അവിടങ്ങളിൽ താമസിപ്പിച്ച് വീണ്ടും പീഡിപ്പിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനു പുറമെ റഷ്യൻ സൈനികർക്ക് സുരക്ഷയൊരുക്കുവാനുള്ള ട്രഞ്ചുകൾ കുഴിക്കുന്നതുപോലുള്ള ജോലികൾ ചെയ്യിക്കുകയാണെന്നും ആരോപണമുണ്ട്. തലസ്ഥാനത്തു നിന്നും ഏതാനും മൈലുകൾ മാത്രം അകലെയുള്ള, റഷ്യൻ സൈന്യത്തിന്റെ അധീനതയിൽ തുടരുന്ന ഗ്രാമങ്ങളിലാണ് ഇത്തരം ക്യാമ്പുകൾ ഉള്ളത്.

അവിടെനിന്നും രക്ഷപ്പെട്ടെത്തിയവരും, ഇപ്പോഴും അവിടെ തടവിൽ താമസിക്കുന്നവരുടെ ബന്ധുക്കളും ആ ക്യാമ്പുകളിൽ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ലോകമാധ്യമങ്ങൾക്ക് മുൻപിൽ തുറന്നു പറഞ്ഞു. സൈനിക ഉപകരണങ്ങൾ നന്നാക്കുവാനും, റഷ്യൻ സൈനികർക്ക് സുരക്ഷയൊരുക്കുവാനുമായി ഏതാണ്ട് 500 തടവുകാരെ ഉപയോഗിച്ചിരിക്കുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്. പ്രവർത്തന രഹിതമായ വ്യവസായ ശാലകളിലും ഭൂഗർഭ അറകളിലും കണ്ണുമൂടി കെട്ടിയും കൈകാൽ ബന്ധിച്ചുമാണ് തടവുകാരെ പാർപ്പിച്ചിരിക്കുന്നതെന്നും പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു. കീവിന്റെ പരിസരത്ത് മാത്രം ഇത്തരത്തിലുള്ള അഞ്ചോളം ക്യാമ്പുകൾ ഉണ്ടത്രെ!

റഷ്യൻ സൈന്യത്തിന് ഭക്ഷണം മിച്ചം വരുമ്പോൾ മാത്രമാണ് തടവുകാർക്ക് ഭക്ഷണം നൽകുന്നതെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. മരിയുപോളിൽ നിന്നും ഏകദേശം 20,000 യുക്രെയിനികളെ തടവിലാക്കി റഷ്യയിലെ ലേബർ ക്യാമ്പുകളിലേക്ക് കടത്തിയതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, യുക്രെയിനിൽ തന്നെ ഇത്തരത്തിലുള്ള ക്യാമ്പുകൾ റഷ്യ ആരംഭിച്ചത് ഇപ്പോഴാണ് പുറത്തുവരുന്നത്.

കീവ് നഗരത്തിനു ചുറ്റുമായി ഒന്നാം ലോകമഹായുദ്ധകാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ വിപുലമായ കിടങ്ങുകൾ കുഴിച്ചതിന്റെ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഈ തടവുകാരെ ഉപയോഗിച്ചാണ് ഇത് തീർത്തതെന്നാണ് നിഗമനം. തടവിൽ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയവരുടെ വിവരണങ്ങളും ഈ അനുമാനത്തെ പിന്താങ്ങുന്നവയാണെന്ന യുക്രെയിൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ഫോണുകളും മറ്റും പരിശോധിച്ച് അവർ യുക്രെയിൻ സൈന്യത്തെ സഹായിച്ചു എന്നതിന് തെളിവുകൾ ഉണ്ടാക്കി അതിന്റെ പേരിൽ അവരെ തടവിലാക്കുകയാണ് റഷ്യ എന്നാണ് യുക്രെയിൻ മാധ്യമങ്ങൾ ആരോപിക്കുന്നത്.

ഇരകളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ കോൺസൻട്രേഷൻ ക്യാമ്പുകൾ ഇരിക്കുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കീവിൽ നിന്നും 30 മൈൽ വടക്കുമാറിയുള്ള ഡൈമർ എന്ന പട്ടണത്തിലെ ഒരു പ്ലാസ്റ്റിക് ജാലക നിർമ്മാണ കമ്പനി, പ്രവർത്തന രഹിതമായ ഒരു റേഡിയോ എഞ്ചിനീയറിങ് പ്ലാന്റ്, അതുപോലെ ഒരു വസ്ത്ര നിർമ്മാണ ശാല എന്നിവയാണ് കോൺസൻട്രേഷൻ ക്യാമ്പുകളാക്കി മാറ്റിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

യുദ്ധത്തിന്റെ ആദ്യ നാൾ മുതൽ തന്നെ റഷ്യ പുരുഷ പ്രജകളെ പിടികൂടി അവരെകൊണ്ട് ജോലിചെയ്യിക്കുവാൻ ശ്രമിച്ചിരുന്നു. ജനീവ കരാർ മൂലം യുദ്ധകാലത്ത് സാധാരണ പൗരന്മാരെ ബന്ധികളാക്കുന്നത് നിയമവിരുദ്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here