ഫിഫ ഫുട്‌ബോൾ ലോകകപ്പ്; സ്‌പെയിനും ജർമനിയും ഒരു ഗ്രൂപ്പിൽ; ഫുട്‌ബോൾ ലോകം ആവേശത്തിലേക്ക്…; മലയാളികൾക്കിനി ഉറക്കമില്ലാത്ത രാവുകൾ..

0

ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ ഫുട്‌ബോൾ ലോകകപ്പിൽ ബ്രസീൽ ഗ്രൂപ്പ് ജിയിൽ. ചിരവൈരികളായ അർജന്റീന ഗ്രൂപ്പ് സിയിലാണ്. പോർച്ചുഗൽ ഗ്രൂപ്പ് എച്ചിലും ബെൽജിയം ഗ്രൂപ്പ് എഫിലുമാണ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഗ്രൂപ്പ് ഡിയിലാണ്. ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിലും ആതിഥേയരായ ഖത്തർ ഗ്രൂപ്പ് എയിലുമാണ്.

അർജന്റീനയ്ക്ക് പുറമേ, ഗ്രൂപ്പ് സിയിൽ മെക്‌സിക്കോയും ഇടംപിടിച്ചു. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടിനൊപ്പം യുഎസ് ഇടംപിടിച്ചു. ഖത്തറിനൊപ്പം ഹോളണ്ടും (എ ഗ്രൂപ്പ്), ജർമനിക്കൊപ്പം സ്‌പെയിനും (ഗ്രൂപ്പ് ഇ) കളിക്കും. ഗ്രൂപ്പ് എഫിൽ ബെൽജിയവും ക്രൊയേഷ്യയും കളിക്കും.

ഗ്രൂപ്പുകൾ ഇതുവരെ

Group A: Qatar, Holland

Group B: England, United States

Group C: Argentina, Mexico

Group D: France, Denmark

Group E: Spain, Germany

Group F: Belgium, Croatia

Group G: Brazil, Switzerland

Group H: Portugal, Uruguay

ഫിഫ റാങ്കിങ് അടിസ്ഥാനമാക്കി ടീമുകളെ നാല് പോട്ടുകളാക്കി തിരിച്ചാണ് ഗ്രൂപ്പിങ് നടന്നത്. റാങ്കിങ്ങിലെ ആദ്യ ഏഴ് ടീമുകളായ ബ്രസീൽ, ബെൽജിയം, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, സ്‌പെയിൻ, പോർച്ചുഗൽ ടീമുകൾക്കൊപ്പം ആതിഥേയരായ ഖത്തറുമാണ് ഒന്നാം പോട്ടിലുണ്ടായിരുന്നത്. രണ്ടാം പോട്ടിൽ മെക്‌സിക്കോ, നെതർലാൻഡ്‌സ്, ഡെന്മാർക്ക്, ജർമനി, യുറഗ്വായ്, സ്വിറ്റ്‌സർലാൻഡ്, യുഎസ്എ, ക്രൊയേഷ്യ ടീമുകൾ. സെനഗൽ, ഇറാൻ, ജപ്പാൻ, മൊറോക്കോ, സെർബിയ, പോളണ്ട്, കൊറിയ, ടുനീഷ്യ ടീമുകളായിരുന്നു മൂന്നാം പോട്ടിൽ. നാലാം പോട്ടിൽ കാമറൂൺ, കനഡ, ഇക്വഡോർ, സൗദി അറേബ്യ, ഘാന ടീമുകളും ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫിൽ നിന്ന് ജയിച്ചു വരുന്ന രണ്ടു ടീമുകളും യുവേഫ പ്ലേ ഓഫിൽ നിന്ന് വരുന്ന ഒരു ടീമും ഉൾപ്പെടുന്നു. (വെയിൽസ്/സ്‌കോട്‌ലാൻഡ്//യുക്രൈൻ/കോസ്റ്റാറിക്ക/ന്യൂസിലാൻഡ്/യുഎഇ/ആസ്‌ത്രേലിയ/പെറു ടീമുകളിൽ നിന്നായിരിക്കും വിജയികൾ)

ലോകകപ്പിന്റെ 92 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് യോഗ്യതാ മത്സരങ്ങൾ നറുക്കെടുപ്പിന് മുമ്പ് അവസാനിക്കാതിരിക്കുന്നത്. കോവിഡ് മഹാമാരി മൂലം കളികൾ നീട്ടിവച്ചതാണ് കാരണം. ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് റൗണ്ട് അവസാനിക്കുന്ന ജൂൺ 14നാണ് ഗ്രൂപ്പുകളുടെ സമ്പൂർണ ചിത്രം ലഭ്യമാകുക.

ഖത്തറിൽ എട്ടു സ്റ്റേഡിയത്തിലാണ് കളി നടക്കുക. ഇതിൽ ഏഴു സ്റ്റേഡിയവും തുറന്നിട്ടുണ്ട്. ഫൈനൽ നടക്കുന്ന ലുസൈൽ സ്റ്റേഡിയം ഉടൻ ഉദ്ഘാടനം ചെയ്യപ്പെടും. ലോകത്തുടനീളമുള്ള കാണികളെ സ്വീകരിക്കാൻ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് ഖത്തർ ഒരുക്കുന്നത്. അതുല്യമായ ലോകകപ്പാകും ഇതെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഫിഫ കോൺഗ്രസിൽ ഫിഫ പ്രസിഡണ്ട് ജിയാന്നി ഇൻഫാന്റിനോ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here