അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ടു വഴിയരികിലെ ഇരുചക്ര വാഹനങ്ങൾ തകർത്തു കൂറ്റൻ വിളക്കു കാലിൽ ഇടിച്ചു നിന്നു

0

അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ടു വഴിയരികിലെ ഇരുചക്ര വാഹനങ്ങൾ തകർത്തു കൂറ്റൻ വിളക്കു കാലിൽ ഇടിച്ചു നിന്നു. സ്കൂട്ടറിൽ വരികയായിരുന്ന ഇൻഫോ പാർക്ക് സ്‌റ്റേഷനിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ നിമിഷങ്ങളുടെ വ്യത്യാസത്തിലാണു കാറിനു മുൻപിൽ അകപ്പെടാതെ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12ന് ഇടച്ചിറയിൽ ഇൻഫോപാർക്കിനു മുൻപിലായിരുന്നു അപകടം.

കാറിനു മുൻപിൽ അകപ്പെടാതെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ട സ്കൂട്ടർ യാത്രികരായ പൊലീസ് ഉദ്യോഗസ്ഥർ.
ഇടിയുടെ ആഘാതത്തിൽ ഉയർന്നു വട്ടം കറങ്ങിയ കാറിന്റെ പിൻഭാഗവും വിളക്കുകാലിൽ ഇടിച്ചു തകർന്നു.ബ്രഹ്മപുരം ഭാഗത്തു നിന്നു വന്ന കാറാണ് അപകടം സൃഷ്ടിച്ചത്. പരുക്കേറ്റ സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.എൻ.സെൽവരാജ്, സിവിൽ പൊലീസ് ഓഫിസർ വിനു എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിൽ മൂന്നു യാത്രക്കാരുണ്ടായിരുന്നു. പുത്തൻകുരിശ് സ്വദേശികളായ ശ്രീലേഷ് രവി (23), ശ്രീക്കുട്ടൻ (25) എന്നിവരെ സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻഫോപാർക്കിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ച കാർ അക്ഷരാർഥത്തിൽ നിലം തൊടാതെ പറന്നാണു വിളക്കു കാലിൽ പതിച്ചത്.

കാർണിവൽ ഇൻഫോപാർക്ക് ക്യാംപസിൽ നിന്ന് സ്കൂട്ടറിൽ പുറത്തേക്കു വരികയായിരുന്ന പൊലീസുദ്യോഗസ്ഥരെ മുട്ടിയുരുമിയാണ് കാർ കടന്നുപോയത്. ഇടിച്ചു തകർന്ന കാറിന്റെയും ഇരുചക്ര വാഹനങ്ങളുടെയും അവശിഷ്ടങ്ങൾ തെറിച്ചുവീണാണു പൊലീസുകാർക്കു പരുക്ക്. ഏതാനും ദിവസം മുൻപ് നടന്ന വാഹനാപകടത്തിന്റെ സിസി ടിവി ദൃശ്യം ശേഖരിക്കാൻ പോയി മടങ്ങുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.

LEAVE A REPLY

Please enter your comment!
Please enter your name here