പടിഞ്ഞാറത്തറ ബാണാസുരമലയുടെ ഭാഗമായ പുളിഞ്ഞാൽ പൂഞ്ചോല വനപ്രദേശത്ത്‌ തീപിടിത്തം

0

പടിഞ്ഞാറത്തറ ബാണാസുരമലയുടെ ഭാഗമായ പുളിഞ്ഞാൽ പൂഞ്ചോല വനപ്രദേശത്ത്‌ തീപിടിത്തം. ഞായറാഴ്‌ച രാവിലെ എട്ടരയോടെയാണ്‌ തീ ശ്രദ്ധയിൽപ്പെട്ടത്‌. ചോലവനങ്ങളും പുൽമേടുകളുമടങ്ങുന്ന പ്രദേശമായതിനാൽ തീ ആളിപ്പടർന്നു . അഞ്ഞൂറ്‌ ഹെക്ടറിലധികം പ്രദേശത്ത്‌ തീപടർന്നു. തീ അണഞ്ഞിട്ടില്ല. വാച്ചർമാരും വനംവകുപ്പ്‌ ജീവനക്കാരും നാട്ടുകാരും തീപടരുന്നത്‌ തടയാൻ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്‌.

ഒരാഴ്‌ച മുമ്പും ബാണാസുര മലനിരയിൽ തീപിടിത്തം ഉണ്ടായിരുന്നു. വേനൽ കടുത്തതോടെ ജില്ലയിലെ വനമേഖലകളിലും മലമ്പ്രദേശങ്ങളുമെല്ലാം കാട്ടുതീ ഭീഷണിയിലാണ്‌. സൗത്ത്‌ വയനാട്‌, നോർത്ത്‌ വയനാട്‌ ഫോറസ്‌റ്റ്‌ ഡിവിഷനുകളിലെ വനമേഖലകളിലെല്ലാം കഴിഞ്ഞ രണ്ടാഴ്‌ചയിലധികമായി പലയിടങ്ങളിലും തീപിടിത്തമുണ്ടായി. ബാണാസുരമല, സുഗന്ധഗിരി മേഖല, മേപ്പാടി, കുറുമ്പാലക്കോട്ട, കാരാപ്പുഴ പദ്ധതി പ്രദേശം എന്നിവിടങ്ങളിലെല്ലാം ഇതിനകംതന്നെ തീപിടിത്തമുണ്ടായെങ്കിലും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമായതിനാൽ ദുരന്തങ്ങൾ ഉണ്ടായില്ല.

തോൽപ്പെട്ടി, കുറിച്യാട്, മുത്തങ്ങ, ബത്തേരി റെയിഞ്ചുകളിലെല്ലാം കാട്ടുതീ തടയുന്നതിനുള്ള ഒരുക്കം സജീവമാണ്‌. കൂടുതൽ വാച്ചർമാരെ താൽക്കാലികമായി നിയോഗിച്ചിട്ടുണ്ട്‌. മുൻകാലങ്ങളിൽ കാട്ടുതീയുണ്ടായ പ്രദേശങ്ങളിലും കാട്ടുതീ സാധ്യതയുള്ള പ്രദേശങ്ങളിലും വനംവകുപ്പ് ഫയർ ബ്രേക്ക് സംവിധാനം ഒരുക്കുന്നുണ്ട്‌. കാട്ടുതീ പടരുന്നത് തടയാൻ ഫയർലൈനുകൾ സജ്ജമാക്കിയിട്ടുണ്ട്‌. കാട്ടുതീ പ്രതിരോധപ്രവർത്തനത്തിനൊപ്പം വനത്തിനുള്ളിലെ ജലക്ഷാമത്തിന് പരിഹാരമായി ബ്രഷ് വുഡ് ചെക്ഡാമുകളും വനം വകുപ്പ്‌ നിർമിക്കുന്നുണ്ട്‌. വെള്ളംതേടി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയുന്നതിനായാണ് തടയണ നിർമാണം.

LEAVE A REPLY

Please enter your comment!
Please enter your name here