മുംബൈക്ക് തോറ്റു തന്നെ തുടക്കം; ലളിതും അക്ഷറും മിന്നി, മുംബൈയെ നാല് വിക്കറ്റിന് നാണംകെടുത്തി ഡൽഹി

0

മുംബൈ: ഐപിഎല്ലിൽ മുംബൈക്കെരെ ഡൽഹിക്ക് നാല് വിക്കറ്റിന്റെ മിന്നും ജയം. മുംബൈ ബ്രാബോൺ സ്‌റ്റേഡിയത്തിൽ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 18.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പുറത്താവാതെ നിന്ന ലളിത് യാദവ് (48), അക്‌സർ പട്ടേൽ (38) എന്നിവരാണ് ഡൽഹിയെ വിജയിപ്പിച്ചത്. 18-ാം ഓവറാണ് ഡൽഹിയുടെ വിജയത്തിൽ നിർണായകമായത്.

ഡാനിയേൽ സാംസിന്റെ ഈ ഓവറിൽ 24 റൺസാണ് അക്‌സർ- ലളിത് സഖ്യം അടിച്ചെടുത്തത്. മൂന്ന് വിക്കറ്റ് നേടിയ ബേസിൽ തമ്പി മുംബൈക്കായി തിളങ്ങി. മുരുഗൻ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, 48 പന്തിൽ പുറത്താവാതെ 81 റൺസ് നേടിയ ഇഷാൻ കിഷനാണ് മുൻ ചാംപ്യന്മായ മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ (41) മികച്ച പ്രകടനം പുറത്തെടുത്തു. കുൽദീപ് യാദവ് ഡൽഹിക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഡൽഹിയുടെ സ്‌കോർബോർഡിൽ 30 റൺസുള്ളപ്പോഴാണ് ന്യൂസിലൻഡ് താരം സീഫെർട്ട് മടങ്ങുന്നത്. അശ്വിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു. തൊട്ടടുത്ത പന്തിൽ മൻദീപും മടങ്ങി. ദുർബലമായ ഷോട്ടിലാണ് മൻദീപ് (0) പവലിയനിൽ തിരിച്ചെത്തുന്നത്. ഒരു ഫുൾടോസ് പന്തിൽ മിഡ് ഓഫിൽ തിലക് വർമയ്ക്ക് ക്യാച്ച്. തൊട്ടടുത്ത ഓവറിൽ അനാവശ്യ ഷോട്ടിന് മുതിർന്ന് ക്യാപ്റ്റൻ റിഷഭ് പന്തും പവലിനയിൽ തിരിച്ചെത്തി. ഓഫ്സ്റ്റംപിന് പുറത്തുവന്ന മിൽസിന്റെ ബൗൺസർ കട്ട് ചെയ്യാനുള്ള ശ്രമത്തിൽ തേർഡ് മാനിൽ ടിം ഡേവിഡിന് ക്യാച്ച്.

പിന്നീട് ഡൽഹിയുടെ മധ്യനിര ബേസിൽ തകർത്തു. കൂടാതെ ഓപ്പണർ പൃഥ്വിയേയും ബേസിൽ കൂടാരം കയറ്റി. പൃഥ്വിയെയാണ് (38) ബേസിൽ ആദ്യം മടക്കിയത്. ബേസിലിന്റെ പന്ത് പുൾ ചെയ്യാനുള്ള ശ്രമത്തിൽ ഇശാൻ കിഷന് ക്യാച്ച് നൽകിയാണ് ഡൽഹിയുടെ ടോപ് സ്‌കോറർ മടങ്ങുന്നത്. രണ്ട് പന്തുകൾക്ക് ശേഷം അപകടകാരിയായ റോവ്മാൻ പവലിനേയും (0) മടക്കിയയച്ചു. ഇത്തവണ ഡാനിയേൽ സാംസിന് ക്യാച്ച്. പുൾ ഷോട്ടിലാണ് പവലും മടങ്ങുന്നത്. ഠാക്കൂറിനെ (22) ബേസിൽ രോഹിത്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

ഇതോടെ 13.2 ഓവറിൽ ആറിന് 104 എന്ന നിലയിലായി ഡൽഹി. എന്നാൽ ശരിക്കുമുള്ള കളി വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. ക്രീസിൽ ഒത്തുചേർന്ന ലളിത്- അക്‌സർ സഖ്യം 75 റൺസ് സഖ്യം കൂട്ടിച്ചേർത്തു. കൂടെ വിജയവും. സാംസിന്റെ ആദ്യ പന്ത് അക്‌സർ സിക്‌സർ പായിച്ചു. പിന്നാലെ സിംഗിൾ. അടുത്ത രണ്ട് പന്തിൽ സിക്‌സും ഒരു ഫോറും. അഞ്ചാം പന്തിൽ വീണ്ടും സിംഗിൾ. അവസാന പന്തിൽ അക്‌സറിന്റെ വക മറ്റൊരു സിക്‌സ് കൂടി. മത്സരം ഡൽഹിയുടെ കയ്യിൽ.

നേരത്തെ, തകർപ്പൻ തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. രോഹിത്- കിഷൻ സഖ്യം ആദ്യ വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു. നാല് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. എന്നാൽ കുൽദീപിനെതിരെ കൂറ്റനടിക്ക് ശ്രമിച്ചപ്പോൾ രോഹിത്തിന് പിഴിച്ചു. റോവ്മാൻ പലവലിന് ക്യാച്ച്. വ്യക്തിഗത സ്‌കോർ 25ൽ നിൽക്കെ രോഹിത്തിനെ ഠാക്കൂർ വിട്ടുകളഞ്ഞിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ അൻമോൽപ്രീത് സിംഗ് (8) നിരാശപ്പെടുത്തി. ഇത്തവണയും കുൽദീപാണ് വിക്കറ്റെടുത്തത്. ലോംഗ് ഓഫിൽ ലളിത് യാദവിന് ക്യാച്ച്.

നാലാമനായി ക്രീസിലെത്തിയ തിലക് വർമ (15 പന്തിൽ 22) നിർണായക പ്രകടനം പുറത്തെടുത്തു. ഇഷാനൊപ്പം 34 റൺസാണ് ഇന്ത്യയുടെ അണ്ടർ 19 താരം കൂട്ടിച്ചേർത്തത്. എന്നാൽ ഖലീൽ അഹമ്മദിന്റെ സ്ലോ ബൗൺസർ കട്ട് ചെയ്യാനുള്ള ശ്രമത്തിൽ തേർഡ് മാനിൽ പൃഥ്വി ഷായ്ക്ക് ക്യാച്ച് നൽകി. കീറൺ പൊള്ളാർഡിന് (3) ആറ് പന്ത് മാത്രമായിരുന്നു ആയുസ്. മിഡ്‌വിക്കറ്റിൽ ടിം സീഫെർട്ടിന്റെ തകർപ്പൻ ഡൈവിംഗ് കാച്ച്.

തുടർന്ന് ക്രീസിലെത്തിയ ടിം ഡേവിഡിനും (12) അധികനേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. ഖലീലാണ് താരത്തെ പറഞ്ഞയച്ചത്. റൺനിരക്ക് കൂട്ടാനുള്ള തിടുക്കത്തിൽ അദ്ദേഹം മൻദീപ് സിംഗിന് ക്യാച്ച് നൽകി. എന്നാൽ അവസാന ഓവറിൽ കിഷൻ നടത്തിയ പോരാട്ടം മുംബൈയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. രണ്ട് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. ഡാനിയേൽ സാംസ് (7) പുറത്താവാതെ നിന്നു.

ഠാക്കൂർ നാല് ഓവറിൽ 47 റൺസ് വഴങ്ങി. കമലേഷ് നാഗർകോട്ടി രണ്ട് ഓവറിൽ 29 റൺസും അക്‌സർ പട്ടേൽ നാല് ഓവറിൽ 40 റൺസും വിട്ടുകൊടുത്തു. കീറൺ പൊള്ളാർഡ്്, ടിം ഡേവിഡ്, ഡാനിയേൽ സാംസ്, തൈമൽ മിൽസ് എന്നിവരായിരുന്നു. മുംബൈയുടെ വിദേശതാരങ്ങൾ. ടിം സീഫെർട്ട്, റോവ്മാൻ പവൽ എന്നിവരെ മാത്രമാണ് വിദേശതാരങ്ങളായി ടീമിൽ ഉൾപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here