പാകിസ്‌താന്‍ അതിര്‍ത്തിക്കുള്ളില്‍ മിസൈല്‍ പതിച്ച സംഭവത്തില്‍ ഖേദമറിയിച്ച്‌ ഇന്ത്യ

0

ന്യൂഡല്‍ഹി/ഇസ്ലാമാബാദ്‌: പാകിസ്‌താന്‍ അതിര്‍ത്തിക്കുള്ളില്‍ മിസൈല്‍ പതിച്ച സംഭവത്തില്‍ ഖേദമറിയിച്ച്‌ ഇന്ത്യ. സാങ്കേതികപ്പിഴവ്‌ മൂലമാണു മിസൈല്‍ പാകിസ്‌താനില്‍ പതിച്ചതെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു.
ഈ മാസം ഒന്‍പതിനായിരുന്നു സംഭവം. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍നിന്നു പറന്നുയര്‍ന്ന മിസൈല്‍ കിഴക്കന്‍ പാകിസ്‌താനി നഗരമായ മയാന്‍ ചാനുവില്‍ തകര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന്‌ ഇസ്ലാമാബാദിലെ ഇന്ത്യന്‍ പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
പാകിസ്‌താന്റെ യാത്രാ വിമാനങ്ങളെയും സാധാരണക്കാരെയും അപകടപ്പെടുത്തുന്ന ഒന്നാണു നടന്നതെന്നു പാകിസ്‌താന്‍ വ്യക്‌തമാക്കി. ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണം. മിസൈലില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, പാക്‌ മണ്ണില്‍ നഷ്‌ടമുണ്ടാക്കി. ആവര്‍ത്തിച്ചാല്‍ അനന്തരഫലം മോശമായിരിക്കുമെന്നും പാക്‌ വിദേശകാര്യ ഓഫീസ്‌ മുന്നറിയിപ്പു നല്‍കി.
മിസൈലിന്റെ ഗതി ഇന്ത്യയിലെയും പാകിസ്‌താനിലെയും ആഭ്യന്തര വിമാനങ്ങള്‍ക്കും രാജ്യാന്തര ഫ്‌ളൈറ്റുകള്‍ക്കും അപകടം വിതയ്‌ക്കുന്ന രീതിയിലായിരുന്നെന്നു പാക്‌ മിലിട്ടറി വക്‌താവ്‌ ഇഫ്‌തിക്കര്‍ പറഞ്ഞു. ശബ്‌ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ 40,000 അടി ഉയരത്തിയിലാണു മിസൈല്‍ പറന്നത്‌. 124 കിലോമീറ്റര്‍ പിന്നിട്ടാണു മയാന്‍ ചാനുവില്‍ തകര്‍ന്നതെന്നും പാകിസ്‌താന്‍ ആരോപിക്കുന്നു.
അബദ്ധത്തില്‍ മിസൈല്‍ അയച്ച സംഭവം പ്രതിരോധ വിദഗ്‌ധരെ ഞെട്ടിച്ചു. വ്യക്‌തമായ മുന്നൊരുക്കങ്ങള്‍ നടത്തിയാണു മിസൈലുകള്‍ വിക്ഷേപിക്കുകയെന്നു ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ സ്‌റ്റഡീസ്‌ പ്രഫസര്‍ ഹാപ്പിമോന്‍ ജേക്കബ്‌ പറഞ്ഞു. ലക്ഷ്യം തീരുമാനിച്ചശേഷം കരുതലോയൊണു മിസൈല്‍ അയയ്‌ക്കുന്ന നടപടി. അണ്വായുധം കൈവശമുള്ള ഇരുരാജ്യങ്ങളും മിസൈലുകള്‍ കൈകാര്യം ചെയ്യുന്നത്‌ ജാഗ്രതയോടെയാകണമെന്ന്‌ അദ്ദേഹം നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here