പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

0

ആലപ്പുഴ: വിവിധ ഇടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആലപ്പുഴ ജില്ലയില്‍ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും. തലവടി, തഴക്കര, ചമ്പക്കുളം വാര്‍ഡുകളിലെ 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിങ്ങിന് വിധേയമാക്കും.

പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് കൊല്ലുന്നത്.തലവടിയില്‍ 4074ഉം തഴക്കരയില്‍ 8304ളും ചമ്പക്കുളത്ത് 300ളും പക്ഷികളെയാണ് കൊല്ലുന്നത്.

ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നാലിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ട തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് പിന്നാലെ നിരണത്ത് വീണ്ടും കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചു.പത്തനംതിട്ട ആലപ്പുഴ ജില്ലാ അതിര്‍ത്തിയില്‍ തിരുവല്ല താലൂക്കിലെ നിരണം പഞ്ചായത്ത് 13ാം വാര്‍ഡില്‍ ഇരതോട് ഭാഗത്തു പതിനായിരത്തോളം താറാവുകള്‍ക്കാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഇരതോട് പ്രദേശത്താണ് കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവ് കര്‍ഷകനായ കണ്ണമാലില്‍ കുര്യന്‍ മത്തായിയുടെ താറാവുകള്‍ പക്ഷിപ്പനി ലക്ഷണങ്ങളോടെ നാല് ദിവസം മുമ്പ് ചത്തിരുന്നു. തുടര്‍ന്ന് രക്ത സാമ്പിളുകള്‍ ഭോപാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിന്റെ ഫലം കഴിഞ്ഞ ദിവസം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Leave a Reply