ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

0

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമായി കണക്കാക്കുമെന്ന പ്രസ്താവന തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ രാജ്യം ഇനിയും വിഭജിക്കാനാവില്ല. ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്നിങ്ങനെ രാജ്യത്തെ വിഭജിക്കണമെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവനയെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും അമിത് ഷാ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ അജണ്ടയെക്കുറിച്ച് ചിന്തിക്കണം. ഉത്തരേന്ത്യ തികച്ചും വ്യത്യസ്തമായ രാജ്യമായി മാറിക്കഴിഞ്ഞുവെന്ന ബിആര്‍എസ് നേതാവ് കെ ടി രാമറാവുവിന്റെ പ്രസ്താവനയെയും അമിത് ഷാ വിമര്‍ശിച്ചു. ആരെങ്കിലും ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണമെന്ന് പറഞ്ഞാല്‍ അത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഇത്തവണ ദക്ഷിണേന്ത്യയില്‍ മികച്ച പ്രകടനം നടത്തും. കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്നും അമിത് ഷാ അവകാശപ്പെട്ടു. നേരത്തെ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ്, ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും പ്രത്യേക രാജ്യം പോലെ വേര്‍തിരിവ് നിലനില്‍ക്കുന്നതെന്ന് ബിആര്‍എസ് നേതാവ് കെടി രാമറാവു അഭിപ്രായപ്പെട്ടത്.

ഉത്തരേന്ത്യ തികച്ചും വ്യത്യസ്തമായ രാജ്യമാണ്. അതു വേറൊരു ലോകമാണ്. ഉത്തരേന്ത്യയിലെ പ്രശ്‌നങ്ങളില്‍ നിന്നും തികച്ചും വിഭിന്നമാണ് ദക്ഷിണേന്ത്യയിലെ പ്രശ്‌നങ്ങള്‍. ജനങ്ങള്‍ തികച്ചും വ്യത്യസ്തമായിട്ടാണ് ചിന്തിക്കുന്നത്. അതുകൊണ്ടാണ് ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് വേരുറപ്പിക്കാന്‍ കഴിയാത്തതെന്നും കെടി രാമറാവു അഭിപ്രായപ്പെട്ടിരുന്നു. തെലങ്കാനയില്‍ 357 രൂപയാണ് പ്രതിശീര്‍ഷ വരുമാനം. ഇത് വടക്കേയിന്ത്യയിലെ പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് വളരെ ഉയര്‍ന്ന നിലയിലാണെന്നും രാമറാവു വ്യക്തമാക്കി.

Leave a Reply