ഹിജാബ് നേരത്തെ കേരള ഹൈക്കോടതിയിലും സമാന വിധി

0

കൊച്ചി: ശിരോവസ്ത്രം സംബന്ധിച്ചു ഇപ്പോൾ കർണാടക ഹൈക്കോടതിയിലുണ്ടായത് 2018ൽ കേരള ഹൈക്കോടതിയിൽ ഉണ്ടായ വിധിക്കു സമാനം. കർണാടകയിലെപ്പോലെ ഇവിടെയും സ്കൂളിലെ യൂണിഫോമുമായി ബന്ധപ്പെട്ടായിരുന്നു ഹൈക്കോടതിയിൽ കേസ് വന്നത്.

സ്കൂൾ യൂണിഫോമിനൊപ്പം ശിരോവസ്ത്രവും ഫുൾകൈ ഷർട്ടും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിലെ രണ്ടു വിദ്യാർഥിനികളാണ് കോടതിയെ സമീപിച്ചത്.

കുട്ടികളുടെ പിതാവാണ് ഹർജി സമർപ്പിച്ചിരുന്നത്. ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താക്കിന്‍റെ വിധിയിൽ സ്കൂളിൽ യൂണിഫോം ഏർപ്പെടുത്താൻ സ്കൂൾ അധികൃതർക്ക് അധികാരമുണ്ടെന്നായിരുന്നു വിധി.

യൂണിഫോമിനൊപ്പം ശിരോവസ്ത്രവും ഫുൾ കൈ ഷർട്ടും ധരിച്ചെത്തുന്ന കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിക്കണമെന്നു സ്കൾ അധികൃതരോടു നിർദേശിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. സ്കൂളിലെ ഡ്രസ് കോഡിനു വിരുദ്ധമായി ശിരോവസ്ത്രവും ഫുൾഷർട്ടും ധരിക്കണമെന്ന് സഹോദരിമാരായ പെൺകുട്ടികൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ്
കേസ് കോടതിയിലെത്തിയത്.

‌ഇഷ്ടമുള്ള മതപരമായ വേഷം പിന്തുടരാൻ സ്വാതന്ത്ര്യമുണ്ടന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, വ്യക്തിപരമായി ഈ അവകാശം ഉണ്ടെങ്കിലും സ്വകാര്യ സ്ഥാപനത്തിനു ഭരണനിർവഹണ കാര്യങ്ങളിൽ സമാന അവകാശമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. സ്കൂളിന്‍റെ വിശാല അവകാശത്തിൻമേൽ ഹർജിക്കാരുടെ വ്യക്തിപരമായ അവകാശം നടപ്പാക്കിക്കിട്ടണമെന്ന്
ആവശ്യപ്പെടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഹിജാബ് സംബന്ധിച്ചു കർണാടക ഹൈക്കോടതിയിലെ ഇപ്പോഴത്തെ വിധി അല്പംകൂടി വിപുലവും ഭരണഘടനാപരമായ കാര്യങ്ങൾകൂടി പരിഗണിച്ചുള്ളതുമാണ്. മാത്രവുമല്ല, വിഷ‍യം വലിയ സമരവും വിവാദമായതോടെ ദേശീയ ശ്രദ്ധയും നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here