കെ റെയില്‍ സര്‍വേയ്ക്ക് എതിരായ പ്രതിഷേധത്തിന്റെ പേരിലുള്ള അക്രമത്തില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0

തിരുവനന്തപുരം: കെ റെയില്‍ സര്‍വേയ്ക്ക് എതിരായ പ്രതിഷേധത്തിന്റെ പേരിലുള്ള അക്രമത്തില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ ഇടപെടല്‍ ഉണ്ടാകുന്നുവെന്നും പോലീസിനെ ആക്രമിക്കുന്നത് അടക്കമുള്ളവയ്ക്ക് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് ആണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആരോപിച്ചു.

അതേസമയം കെ റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരായ ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സര്‍വേ നടപടികള്‍ സമാധാനപരമായി കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ ലംഘനമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം പ്രതിപക്ഷമുണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു.

അമ്മമാരെ നിലത്തിട്ട് വലിച്ചിഴച്ച് പുരുഷ പോലീസുകാര്‍ വാഹനങ്ങളിലേക്ക് വലിച്ചെറിയുകയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. അവിടെ ആരാണ് അതിക്രമം കാണിച്ചത്? ജനങ്ങളോ യു.ഡി.എഫോ ഞങ്ങളുടെ പ്രവര്‍ത്തകരോ ആണോ? അവിടെ അതിക്രമം കാണിച്ചിരിക്കുന്നത് പോലീസാണ്. സമരത്തില്‍ പങ്കാളികളായ ജനങ്ങളെ, അവരുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ ഞങ്ങള്‍ ഏറ്റെടുക്കും. അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും അന്ധതയാണ് മുഖ്യമന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് സഭയ്ക്കു പുറത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here